‘ആ രോഗം ബാധിച്ച ശേഷം വാഹനങ്ങൾ ഓടിക്കാൻ സാധിക്കാതെയായി, സൂപ്പർ കാറുകളെല്ലാം വിറ്റു’; തുറന്നുപറഞ്ഞ് ഗായകൻ
text_fieldsതന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധിനിറഞ്ഞ കാലത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഗായകൻ. തന്നെ ബാധിച്ച രോഗത്തെക്കുറിച്ചും അത് ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ക്കൊപ്പം സൂപ്പര്‍ കാറുകളെ അതിയായി സ്‌നേഹിച്ചിരുന്ന കാലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് യോ യോ ഹണിസിങ് എന്ന ഗായകന്‍. തന്റെ പുതിയ ഗാനമായ യേ രേയുടെ പ്രചരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ജീവിത വിശേഷങ്ങൾ വെളിപ്പെടുത്തിയത്.
യുവാക്കൾക്കിടയിൽ അതിവേഗം ഒരു ബ്രാന്റായി വളര്‍ന്ന പേരാണ് യോ യോ ഹണി സിങ്ങ് എന്നത്. വേദികളെ ഇളക്കി മറിച്ചും സിനിമകളില്‍ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയും ശ്രദ്ധ നേടിയ താരമാണ് അദ്ദേഹം. ഒരുകാലത്ത് കാറുകളോട് വലിയ പ്രിയമായിരുന്നുവെന്നും ഒരു നമ്പര്‍ പ്ലേറ്റിനു വേണ്ടി മാത്രം 28 ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ടെന്നും ഗായകന്‍ പറയുന്നു. ഔഡിയുടെ ആര്‍8 എന്ന വാഹനം സ്വന്തമാക്കിയതോടെ കാറിന്റെ പേരിന് ഇണങ്ങുന്ന നമ്പറിനായി 28 ലക്ഷം രൂപയാണ് താന്‍ ചെലവാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. R8-ല്‍ അവസാനിക്കുന്ന നമ്പറിനായാണ് അദ്ദേഹം ലക്ഷങ്ങള്‍ പൊട്ടിച്ചത്. മഹാരാഷ്ട്രയില്‍ നിന്നാണ് ആര്‍8 എന്ന നമ്പര്‍ ആ വാഹനത്തിന് ലഭിച്ചതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍, ഇപ്പോള്‍ താന്‍ ഒരു വാഹനപ്രേമി ഒന്നുമല്ലെന്നും അദ്ദേഹം പറയുന്നു. ‘അസുഖം വന്നതോടെ എല്ലാ കാറുകളും വിറ്റൊഴിവാക്കുകയായിരുന്നു. ആ കാറുകള്‍ ഒന്നും എനിക്ക് ഇനി ഡ്രൈവ് ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ഞാന്‍ ഇപ്പോള്‍ വാഹനങ്ങള്‍ ഡ്രൈവ് ചെയ്യാറുമില്ല. മാത്രവുമല്ല, പണ്ട് കാറുകളോട് ഉണ്ടായിരുന്ന ഇഷ്ടമൊന്നും എനിക്ക് ഇപ്പോള്‍ അവയോട് തോന്നുന്നില്ല’-ഹണിസിങ് പറഞ്ഞു.
തനിക്ക് ബൈപോളാര്‍ ഡിസോഡര്‍ ഉണ്ടെന്ന് ഹണിസിങ് പറയുന്നു. ‘റോ സ്റ്റാറിന്റെ സെറ്റില്‍ വച്ചാണ് മാനസിക പ്രശ്‌നങ്ങളുടെ ലക്ഷങ്ങള്‍ കാണിച്ചു തുടങ്ങിയത്. എന്റെ മസ്തിഷ്‌കത്തിന് എന്തോ തകരാറുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. ആ തകരാര്‍ പരിഹരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. എന്നാല്‍ പിതാവ് അടക്കമുള്ള വീട്ടുകാര്‍ എതിരായിരുന്നു. കരാറുകളുണ്ടെന്നും ഇപ്പോള്‍ അവധിയെടുത്താല്‍ വലിയ നഷ്ടങ്ങളുണ്ടാവുമെന്നും അവര്‍ പറഞ്ഞു.
നഷ്ടങ്ങളൊന്നും പ്രശ്‌നമല്ലെന്നും എനിക്ക് എന്റെ കുഴപ്പങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നുമാണ് അവരോട് ഞാന്‍ പറഞ്ഞത്. അതിനായി എനിക്ക് അഞ്ചു വര്‍ഷം വേണ്ടി വന്നു’- ഹണി സിങ് തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ വിവരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.