കേട്ടാൽ ഷോക്കാകുന്ന വിലക്കുറവിൽ ഇലക്ട്രിക് കാറുകൾ; ഓണത്തിനൊരു ‘ടാറ്റ’ ആയാലോ?
text_fieldsന്യൂഡൽഹി: വിപണിയിൽ മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ‘ടാറ്റ’. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളെന്ന ഗമയിൽ കുതിച്ചോടുന്ന അവർ ഇലക്ട്രിക് വാഹനങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വരെ ഇളവ് പ്രഖ്യാപിച്ച് എതിരാളികൾക്ക് ഓർക്കാപുറത്തൊരു ഷോക്ക് നൽകിയിരിക്കുകയാണിപ്പോൾ. ഉത്സവ സീസണിൽ നെക്സൺ, പഞ്ച്, ടിയാഗോ എന്നിവയുടെയെല്ലാം ഇ.വികളാണ് ലക്ഷങ്ങൾ കുറച്ചുനൽകി വീട്ടിലെത്തിക്കാനാവുക. 2024 സാമ്പത്തിക വർഷം 74,000 വാഹനങ്ങൾ ഷോറൂമുകളിൽനിന്നിറക്കിയാണ് ഇലക്ട്രിക് വാഹന വിപണിയുടെ 74 ശതമാനവും കൈയടക്കിയത്. തങ്ങളുടെ കാലവും വരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന എതിരാളികൾക്കുള്ള ‘പഞ്ച്’ കൂടിയാണ് ടാറ്റയുടെ പുതിയ നീക്കം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള ഇലക്ട്രിക് പാസഞ്ചർ കാറായ നെക്സൺ ഇ.വിയാണ് ഏറ്റവും വലിയ ഓഫറിൽ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം വരെയുള്ള വിലക്കുറവ് കേട്ട് അങ്കലാപ്പിലായിരിക്കുകയാണ് എതിർനിരയിലുള്ളവർ. പഞ്ച് ഇ.വിക്ക് 1.20 ലക്ഷം വരെയും ടിയാഗോ ഇ.വിക്ക് 40,000 വരെയുമാണ് കുറവ്. പ്രാഥമിക മോഡൽ മുതൽ വിലക്കുറവ് ലഭിക്കുമെന്നതിനാൽ ഓഫറുകൾ കണ്ടാൽ ഇടിച്ചുകയറുന്നവർ ഇനി ടാറ്റ ഷോറൂമുകളിലേക്കും നീങ്ങുമെന്ന് പ്രതീക്ഷിക്കാം. നെക്സൺ ഇ.വിയുടെ 14.49 ലക്ഷം വിലയുണ്ടായിരുന്ന ബേസ് മോഡൽ ഇനി 12.49 ലക്ഷത്തിനും 10.99 ലക്ഷമുണ്ടായിരുന്ന പഞ്ച് 9.99 ലക്ഷത്തിനും ലഭിക്കും. ടാക്സും ഇൻഷുറൻസുമെല്ലാം വേറെ അടക്കണമെന്ന് മാത്രം.
ആറ് മാസം ടാറ്റ പവർ ചാർജിങ് സ്റ്റേഷനുകളിൽ സൗജന്യമായി ‘കുത്തിവെക്കാൻ’ സൗകര്യവും ഉടമകൾക്ക് ലഭിക്കും. ഒക്ടോബർ 31 വരെയാണ് വിലയിളവിന്റെ സുവർണകാലം. അപ്പോൾ ഓണത്തിനൊരു ‘ടാറ്റ’ കിട്ടിയാൽ നല്ലതാവില്ലേ?...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.