കട്ടപ്പുറത്താവുമോ കാർ വ്യവസായം ?
text_fieldsഇന്ത്യൻ ജി.ഡി.പിക്ക് 7.5 ശതമാനം സംഭാവന ചെയ്യുന്ന മേഖല. ഏകദേശം 40 മില്യൺ തൊഴിലാളികൾ നേരിട്ട് തൊഴിലെടുക്കുന്നു. ഇങ്ങനെ വിശേഷണങ്ങൾ അർഹമാണ് ഇന്ത്യയിലെ വാഹന വ്യവസായ മേഖല. അതിവേഗം വളരുന്ന വിപണിയായാണ് വാഹന നിർമാതാക്കൾ ഇന്ത്യയെ കണക്കാക്കിയിരുന്നത്. ഉയർന്ന വാങ്ങൽ ശേഷിയുള്ള മധ്യവർഗത്തിൻെറ ഉയർച്ചയും വാഹന നിർമാതാക്കളെ ഇന്ത്യയെ അവരുടെ അക്ഷയ ഖനിയാക്കി പരിഗണിക്കുന്നതിലേക്ക് നയിച്ചു. പാശാചാത്യ രാജ്യങ്ങളുമായി താരത്മ്യം ചെയ്യുേമ്പാൾ വാഹന നിർമാണ ചെലവും ഇവിടെ കുറവാണ്. ഇങ്ങനെയുള്ള നിരവധി ആകർഷക ഘടകങ്ങളാണ് പല വാഹന നിർമാതാക്കളെയും ഇന്ത്യൻ മണ്ണിലേക്ക് എത്തിച്ചത്. എന്നാൽ, കാര്യങ്ങൾ ഇപ്പോൾ അത്ര സുഖകരമല്ല. ഒന്നും പ്രവചിക്കാൻ കഴിയാത്ത തരത്തിലേക്ക് ഇന്ത്യൻ വാഹന വിപണി മാറിയിരിക്കുന്നു. വിൽപനയിൽ വൻ കുറവാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി വാഹന വിപണിയിൽ രേഖപ്പെടുത്തുന്നത്. മാരുതി 36.3, ഹ്യുണ്ടായ് 10, മഹീന്ദ്ര 16, ഹോണ്ട 48.64, ടോയോട്ട 24 ശതമാനം എന്നിങ്ങനെയാണ് വിവിധ കമ്പനികളുടെ ജൂലൈ മാസത്തിലെ വിൽപനയിലുണ്ടായ കുറവ്.
തകരുന്ന സമ്പദ്വ്യവസ്ഥ തിരിച്ചടി
തകർന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പ്രതിഫലനം തന്നെയാണ് വാഹന വിപണിയിലും ദൃശ്യമാകുന്നത്. പല നിർമാതാക്കളും അവരുടെ പ്ലാൻറുകൾ അടച്ചിടാൻ വരെ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നു. സമ്പദ്വ്യവസ്ഥയിലെ തകർച്ച, നിക്ഷേപത്തിലെ കുറവ്, ഇൻഷൂറൻസിലെ മാറ്റങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് വാഹന വിപണിയിലെ തിരിച്ചടിക്കുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
ഒന്നാം മോദി സർക്കാറിൻെറ അവസാന വർഷങ്ങളിൽ ഇന്ത്യയിലെ സാധനങ്ങളുടെ ഉപഭോഗത്തിൽ വൻ കുറവ് ഉണ്ടായിരുന്നു. രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയപ്പോഴും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. എന്നാൽ, പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങൾ ബജറ്റിലും ഇടംപിടിക്കാതിരുന്നതോടെ ഇത് കൂടുതൽ രൂക്ഷമാകുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഈ പ്രതിസന്ധി വാഹന വിപണിയേയും ബാധിച്ചുവെന്ന് വേണം വിലയിരുത്താൻ.
വായ്പ കുറഞ്ഞു, ഇൻഷൂറൻസ് കൂടി
ഇതിന് പുറമേ ഇൻഷൂറസിലുണ്ടായ വർധനവ് വാഹന വിപണിയുടെ തകർച്ചക്ക് ആക്കം കൂട്ടി. 1000 സി.സി വരെയുള്ള കാറുകളുടെ ഇൻഷൂറൻസ് പ്രീമിയം 12 ശതമാനവും 1000 മുതൽ 1500 സി.സി വരെയുള്ളതിേൻറത് 12.5 ശതമാനവുമാണ് വർധിപ്പിച്ചത്. 75 സി.സി മുതൽ 150 സി.സി വരെയുള്ള ഇരു ചക്ര വാഹനങ്ങൾക്ക് 4.44 ശതമാനവും 150 സി.സി മുതൽ 350 സി.സി വരെയുള്ളതിന് 21.11 ശതമാനവുമാണ് വർധനയാണ് വരുത്തിയത്. ഇൻഷൂറൻസ് പ്രീമിയത്തിലുണ്ടായ വർധനവ് വാഹന വിപണിയേയും സ്വാധീനിച്ചു.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധി വാഹന വായ്പ വിതരണത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ബാങ്കുകൾക്കൊപ്പം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും വാഹന വായ്പകൾ അനുവദിക്കുന്നതിൽ മുൻപന്തിയിലുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ ധനപ്രതിസന്ധി രൂക്ഷമായതോടെ വാഹന വായ്പ വളർച്ചാ നിരക്ക് കുറഞ്ഞു. ഇത് വാഹന വിൽപനയേയും ബാധിച്ചു.
ഭാവി ശോഭനമല്ല
ഇന്ത്യൻ വാഹന വിപണിക്ക് ഭാവിയിലും മറികടക്കാൻ വെല്ലുവിളികൾ ഏറെയാണ്. 2020 ഏപ്രിൽ ഒന്നിന് മുമ്പായി വാഹന വിപണിയെ ബി.എസ് 6ലേക്ക് ഉയർത്താനാണ് കേന്ദ്രസർക്കാർ നീക്കം. ഇതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ബി.എസ് 6ലേക്കുള്ള ചുവടുമാറ്റം സാധ്യമാകണമെങ്കിൽ വൻ നിക്ഷേപം വാഹന നിർമാതാക്കൾ നടത്തേണ്ടി വരും. സാമ്പത്തികമായി തകർന്നിരിക്കുന്ന വാഹന നിർമാതാക്കളെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കും. ഇതിന് പുറമേ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റത്തിനും നിർമാതാക്കൾ അടിയന്തിര പ്രാധാനം നൽകേണ്ടി വരും. ഇതും വൻ പണച്ചെലവുള്ള കാര്യമാണ്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിൻെറ തലതിരിഞ്ഞ നയങ്ങളാണ് ഇന്ത്യൻ വാഹന വിപണിയെ പ്രതിസന്ധിയിലാക്കുന്നതെന്ന് ബജാജ് ഗ്രൂപ്പ് ഉടമ രാജീവ് ബജാജ് കുറ്റപ്പെടുത്തിയിരുന്നു. ബജാജിൻെറ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വാഹന വിപണിയിലെ കയറ്ററിക്കങ്ങൾ നിരീക്ഷിക്കുന്നവർക്ക് മനസിലാവും. വാഹന വിപണി പ്രതിസന്ധിയിലേക്ക് നീങ്ങുേമ്പാഴും ഇത് മറികടക്കാനുള്ള നീക്കങ്ങളൊന്നും കേന്ദ്രസർക്കാറിൻെറ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നതാണ് യാഥാർഥ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.