എത്ര വിചിത്രം ഇൗ വാഹന നിയമങ്ങൾ
text_fieldsകൊച്ചി-ലണ്ടൻ യാത്രയുടെ ഭാഗമായി റഷ്യയിലൂടെ യാത്ര ചെയ്യുകയായിരുന്നു ഞങ്ങൾ. തലേദിവസം നല്ല മഴയായിരുന്നു. കൊടും മഴയിലാണ് ഫോർഡ് എൻഡേവർ ഡ്രൈവ് ചെയ്ത് ‘സമാര’ എന്ന നഗരത്തിൽ എത്തിയത്. അവിടെ എത്തിയപ്പോൾ തന്നെ പാതിരാത്രി കഴിഞ്ഞിരുന്നു. പിറ്റേന്ന് 700 ലധികം കിലോ മീറ്റർ ഡ്രൈവ് ചെയ്ത് മോസ്കോയിൽ എത്തേണ്ടതാണ്. അതുകൊണ്ട് സമാരയിലെ കാഴ്ചകളൊന്നും കാണാൻ നിൽക്കാതെ ഞങ്ങൾ വെളുപ്പിനെ തന്നെ മോസ്കോയിലേക്കുള്ള യാത്ര തുടങ്ങി.
നേരം പരപരാ വെളുക്കുന്നതേയുള്ളു. സമാര നഗരം ഉറക്കം ഉണർന്നെഴുന്നേറ്റു വരുന്ന കാഴ്ചകളും കണ്ട് , പുലർകാലത്തിെൻറ ഉന്മേഷത്തോടെ എൻഡേവർ ഓടിക്കുമ്പോൾ അതാ, പോലീസ് ചെക്കിങ്. എൻഡേവറിെൻറ ഇന്ത്യൻ നമ്പർ പ്ലേറ്റ് കാണുമ്പോൾ ഏതു വിദേശ പോലീസിനും ഒന്നു കൈ കാണിക്കാൻ തോന്നും. സമാരയിലും അത് സംഭവിച്ചു.
സംഘത്തലവനായ സുരേഷ് സാറാണ് അപ്പോൾ വാഹനം ഓടിച്ചിരുന്നത്. അദ്ദേഹം എൻഡേവർ ഒതുക്കി നിർത്തുന്നതിനിടെ, എല്ലാ രേഖകളും എടുത്ത് പോലീസിനെ കാണിക്കാൻ എന്നോട് പറഞ്ഞു. വാഹനം നിർത്തിയപാടെ ഞാൻ പേപ്പറുകളുമായി ചാടി ഇറങ്ങി. എന്നാൽ, പേപ്പറിലേക്കൊന്നും പോലീസുകാർ നോക്കുന്നില്ല. അവർ വാ നിറച്ച് റഷ്യൻ ഭാഷ പറഞ്ഞു കൊണ്ട്, എൻഡേവർ ചൂണ്ടിക്കാണിക്കുകയാണ്. എനിക്ക് ഒന്നും മനസ്സിലായില്ല. എെൻറ നിൽപ്പ് കണ്ടു സുരേഷ് സാറും ലാൽ ജോസും ഇറങ്ങി വന്നു. ഞങ്ങൾ ഇംഗ്ലീഷിൽ പ്രത്യാക്രമണം ആരംഭിച്ചെങ്കിലും കിം ഫലം. റഷ്യയിൽ ഇംഗ്ലീഷ് വെറുമൊരു വിദേശഭാഷ മാത്രമാകുന്നു!
പോലീസുകാരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് ബോധ്യപ്പെട്ടപ്പോൾ ഇനി ഒരു വഴിയേ ഉള്ളൂ എന്ന് മനസ്സിലായി. റഷ്യ കടത്തി വിടാൻ കസാഖ്സ്ഥാനിലെ സുഹൃത്ത് അലി അയച്ച രണ്ടു പേർ മറ്റൊരു വാഹനത്തിൽ ഞങ്ങളുടെ മുൻപേ പോയിട്ടുണ്ട്. അവരെ തിരികെ വിളിക്കുക. വിളിച്ചു. ഏറെ ദൂരം മുന്നിലായിപ്പോയിരുന്നെങ്കിലും അവർ വേഗം തിരിച്ചെത്തി. അതുവരെ പൊട്ടൻ ആട്ടം കാണുന്നതു പോലെ പോലീസുകാർ റഷ്യൻ ഭാഷയിൽ പറയുന്നതെല്ലാം മൂളിക്കേട്ടു ഞങ്ങൾ സമാരയുടെ നഗര ഹൃദയത്തിലെവിടെയോ നിൽക്കുകയാണ്.
തിരികെയെത്തിയ അകമ്പടി വാഹനത്തിൽ നിന്ന് ബെക്ക് എന്ന, ഞങ്ങളുടെ അംഗരക്ഷകൻ ചാടി ഇറങ്ങി. പോലീസുകാരോട് സംസാരിച്ച ശേഷം ബെക്ക് പറഞ്ഞു: ‘‘അവർക്ക് ബുക്കും പേപ്പറും ഒന്നും കാണണ്ട...വാഹനം കഴുകാതെ കൊണ്ടു നടക്കുന്നതാണ് പ്രശ്നം..!’’.
ഞങ്ങൾ എൻഡേവറിനെയൊന്നു കണ്ണുകൊണ്ടുഴിഞ്ഞു. ശരിയാണ്. ചെളിപിടിച്ച് ആകെ വൃത്തികേടായിരിക്കുകയാണ് എൻഡേവർ. വാഹനം വാങ്ങി, 15 കൊല്ലം കഴുകാതെ കൊണ്ടു നടന്നാലും ആരും ചോദിക്കാൻ വരാത്ത ഇന്ത്യയിൽ നിന്നാണല്ലോ നമ്മുടെ വരവ്. കുഞ്ഞാലിക്കുട്ടി സാഹിബ് ചോദിക്കും പോലെ... ‘ഇതൊക്കെ ഒരു ഇശ്യൂ ആക്കണോ..’ എന്നൊക്കെ ഞങ്ങൾ വാദിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഫൈൻ അടിക്കുമെന്ന നിലപാടിൽ ഉറച്ചു നിന്നു പോലീസുകാർ.
ഇതിനിടയ്ക്ക് ഒരു ഉയർന്ന പോലീസുദ്യോഗസ്ഥൻ സ്ഥലത്തെത്തി. ഞങ്ങൾ ഇന്ത്യക്കാരാണെന്നു കണ്ടപ്പോൾ അദ്ദേഹത്തിന് പെരുത്ത് സന്തോഷം. കാരണം, ബോളിവുഡ് സിനിമകളുടെ ആരാധകനാണ് അദ്ദേഹം. ഹിന്ദിപ്പാട്ടുകളും പാടി ചുവടു വെച്ചുകൊണ്ട് കക്ഷി പ്രഖ്യാപിച്ചു: ‘‘ഫൈൻ അടയ്‌ക്കേണ്ട, പകരം വണ്ടിയുടെ ഹെഡ് ലൈറ്റ്, ടെയ്ൽ ലാമ്പ്, നമ്പർ പ്ലേറ്റ് എന്നിവ തുണി കൊണ്ട് തുടച്ചു വൃത്തിയാക്കുക..രാത്രി എവിടെ എത്തുന്നോ, അവിടെ വെച്ച് വണ്ടി കഴുകി വൃത്തിയാക്കുമെന്ന് ഉറപ്പും തരിക...’’ ആ ഉറപ്പു കൊടുത്തിട്ട് ഞങ്ങൾ മൂന്നു തുണികളുമായി വണ്ടി വൃത്തിയാക്കാൻ തുടങ്ങി. അരികിലൂടെ കടന്നു പോകുന്ന വാഹങ്ങളിൽ ഏതിലെങ്കിലും ഒരു മലയാളി ഉണ്ടായിരുന്നെങ്കിൽ ലാൽ ജോസ് റഷ്യയിലെ റോഡരികിൽ നിന്ന് കാർ തുടയ്ക്കുന്നതു കണ്ട് അന്തം വിട്ടേനെ!
വാഹനം വൃത്തിയോടെ കൊണ്ട് നടക്കണം എന്നത് റഷ്യയിലെ നിയമമാണ്. ഒരു പ്രദേശത്തിന് ഭംഗി പകരുന്നതിൽ റോഡുകൾക്കും പങ്കുണ്ട്. ആ റോഡുകൾക്ക് ഭംഗി കൊടുക്കുന്നതാകട്ടെ വാഹങ്ങളാണ്. അതുകൊണ്ട് വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് രാജ്യത്തിെൻറ വൃത്തിക്കും ഭംഗിക്കും അത്യന്താപേക്ഷിതമാണ്. ഇതാണ് റഷ്യക്കാരെൻറ കാഴ്ചപ്പാട്.
ഇതുപോലെ രസകരമായ റോഡ് നിയമങ്ങൾ പല രാജ്യങ്ങളിലുമുണ്ട്. ഇതാ ചില സാമ്പിളുകൾ.
- തായ്‌ലൻഡിൽ ഷർട്ട് ഇടാതെ വാഹനമോടിച്ചാൽ 100 തായ് ബാട്ട് പിഴയുണ്ട്.
- സ്പെയിനിൽ വാഹനമോടിക്കുമ്പോൾ, കണ്ണട ഉപയോഗിക്കുന്നവർ ഒരു ജോഡി കണ്ണട കൂടി വാഹനത്തിൽ കരുതണം. ഒന്ന് പൊട്ടിപ്പോയാൽ മറ്റൊന്ന് ഉപയോഗിക്കാനാണ് ഈ നിയമം.
- ഫിലിപ്പൈൻസിെൻറ തലസ്ഥാനമായ മനിലയിൽ തിങ്കളാഴ്ചകളിൽ 1, 2 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങൾ റോഡിലിറക്കാൻ പാടില്ല.
- ജപ്പാനിൽ, മദ്യപിച്ചു വാഹനമോടിച്ചാൽ ഓടിക്കുന്നയാൾ മാത്രമല്ല, കൂടെ സഞ്ചരിക്കുന്നവർക്കെതിരെയും കേസെടുക്കും.
- അമേരിക്കയിലെ മേരിലാൻഡിൽ റോഡിൽ വെച്ച് ഉച്ചത്തിൽ സംസാരിക്കുകയോ ശാപ വാക്കുകൾ ഉപയോഗിക്കുകയോ ചെയ്‌താൽ 100 ഡോളർ പിഴയുണ്ട്.
- സൈപ്രസിൽ വാഹനത്തിനുള്ളിൽ പച്ചവെള്ളം പോലും സൂക്ഷിക്കാൻ പാടില്ല. വെള്ളം കുടിച്ചു കൊണ്ടു വാഹനം ഓടിക്കുന്നതും കുറ്റകരമാണ്. വെള്ളം കുടിക്കണമെങ്കിൽ എവിടെയെങ്കിലും നിർത്തി അത് ചെയ്തോണം.
- ലണ്ടനിൽ ടാക്സി കാറുകളിൽ ഒരു കെട്ട് വൈക്കോൽ കരുതിയിരിക്കണം എന്നാണു നിയമം. വിക്ടോറിയൻ കാലത്ത് കുതിരവണ്ടികളാണല്ലോ ഉണ്ടായിരുന്നത്. മോട്ടോർ കാറുകൾ വന്നതിനു ശേഷവും നിയമത്തിൽ ഭേദഗതി വരുത്താത്തതു കൊണ്ടാണ് വൈക്കോൽ നിയമം ഇപ്പോഴും നില നിൽക്കുന്നു..!
- വേഗതാ നിയന്ത്രണമില്ലാത്ത ജർമൻ ഹൈവേ ആയ ഓട്ടോബാനിൽ ഇന്ധനം തീർന്നു വാഹനം നിന്നു പോയാൽ ആറ് മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യും!
- ഡെന്മാർക്കിൽ, കാർ സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പ്, അതിെൻറ അടിയിൽ ആരെങ്കിലും കിടപ്പുണ്ടോ എന്ന് കുനിഞ്ഞു നോക്കിയിരിക്കണം എന്നാണു നിയമം!
- ഫ്രാൻസിൽ എല്ലാ കാറുകളിലും ബ്രെത് അനലൈസർ ഉണ്ടായിരിക്കണം. മദ്യപിച്ചിട്ട് സ്വയം ഊതി നോക്കി ബോധ്യപ്പെട്ടിട്ട് വാഹനം ഓടിച്ചു തുടങ്ങിയാൽ മതിയെന്ന് സാരം.
- സ്വിറ്റ്സർലൻഡിൽ ഞായറാഴ്ചകളിൽ കാർ കഴുകാൻ പാടില്ല.
ഇതൊക്കെ നിയമങ്ങളാണ്. അതെല്ലാം എല്ലാം പുസ്തകത്തിൽ ഉറങ്ങുന്ന നമ്മുടെ രാജ്യത്തെ ഏത് നിയമമായിരിക്കും ഒരു വിദേശിക്ക് വിചിത്രമായി തോന്നുക എന്ന് ആലോചിക്കുന്നത് രസകരമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.