എ.എം.ജി കരുത്തുമായി ഇ ക്ലാസ്
text_fieldsസാധാരണക്കാരനെ സംബന്ധിച്ച് ഒരസാധാരണ വാഹനമാണ് ബെന്‍സ്. ശതലക്ഷങ്ങള്‍ വിലവരുന്ന, എല്ലാവര്‍ക്കും അത്ര പ്രാപ്യമല്ലാത്ത വാഹനം. ബമ്പറൊന്ന് കേടുപറ്റിയാല്‍ മാറ്റിവെക്കാന്‍ ഒരു ബൈക്ക് വാങ്ങുന്ന പണം മുടക്കുക എന്നത് ചില്ലറ കാര്യമല്ലല്ലോ. എന്നാൽ, ഇൗ സാധാരണ ബെന്‍സിലും കൂടിയ ചില കാറുകള്‍ ഡെയിംലര്‍ ബെന്‍സ് എന്ന കമ്പനി നിര്‍മിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ക്ക് എല്ലാം അല്‍പ്പം കൂടുതലായിരിക്കും. വിലയും കരുത്തും ആഢംബരവുമെല്ലാം സാധാരണ ബെന്‍സിനെക്കാള്‍ മുന്നിലാണെന്നര്‍ഥം. സാധാരണ ബെന്‍സുകളെ സി, ഇ, എസ് എന്നിങ്ങനെയാണ് പേരിട്ട് വിളിക്കുക. ഇവിടെയും ഇതില്‍ മാറ്റമൊന്നുമില്ല.
ഇവിടെ പക്ഷേ പേരിെൻറ കൂടെ ഒരു കൂട്ടിച്ചേര്‍ക്കല്‍ കാണും. എ.എം.ജി എന്ന്. യഥാര്‍ഥത്തില്‍ എ.എം.ജി എന്നത് ഒരു സ്വതന്ത്ര കമ്പനി ആയിരുന്നു. പിന്നീട് ബെന്‍സ് ഏറ്റെടുക്കുകയാണ് ചെയ്തത്. പെർഫോമന്‍സ് കാറുകള്‍ ഉണ്ടാക്കുകയായിരുന്നു എ.എം.ജി കമ്പനി ചെയ്തിരുന്നത്. ബെന്‍സിനോട് ചേര്‍ന്നശേഷവും ഇതുതന്നെയാണ് എ.എം.ജി ചെയ്യുന്നത്. സാധാരണ ബെന്‍സുകളെ അസാധാരണ നിലവാരത്തിലേക്ക് ഉയര്‍ത്തുക. സി, ഇ, എസ് ക്ലാസ് കാറുകള്‍ക്കെല്ലാം എ.എം.ജി വെര്‍ഷനുകളുണ്ട്. ബെന്‍സിെൻറ പ്രധാന എതിരാളിയായ ബി.എം.ഡബ്ല്യുവിനും ഇത്തരം പെർഫോമന്‍സ് ഡിവിഷന്‍ ഉണ്ട്. എം എന്നാണത് അറിയപ്പെടുന്നത്.
ഇത്തരം കാറുകള്‍ക്ക് അകത്തും പുറത്തും മാറ്റങ്ങളുണ്ടാകും. ഇപ്പോള്‍ ഇ ക്ലാസിെൻറ എ.എം.ജി വെര്‍ഷന്‍ ഇറങ്ങിയിരിക്കുന്നു. സാധാരണ ഇ ക്ലാസും എ.എം.ജിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാന്‍ ചില താരതമ്യങ്ങള്‍ നടത്തിയാല്‍ മതിയാകും. ആദ്യം സാധാരണ ക്ലാസിെൻറ പ്രത്യേകതകള്‍ നോക്കാം.
പെട്രോളില്‍ 1991 സി.സി ആണ് എൻജിന്‍. കരുത്ത് 181 ബി.എച്ച്.പി. ടോര്‍ക്ക് 300 എന്‍.എം. റിയര്‍വീല്‍ ഡ്രൈവ് മാത്രമാണ് ലഭിക്കുന്നത്. ഇനി പുതിയ എ.എം.ജി പെട്രോള്‍ പരിശോധിക്കാം. എൻജിന്‍ 2996 സി.സി ഇരട്ട ടര്‍ബോ ചാര്‍ജറോടുകൂടിയ വി സിക്സ്. കരുത്ത് 401 ബി.എച്ച്.പി. ടോര്‍ക്ക് 520 എന്‍.എം. ഓള്‍വീല്‍ ഡ്രൈവ് ആണ് കക്ഷി. എല്ലാത്തിലും ഒരു കുതിച്ചുചാട്ടം കാണുന്നില്ലേ. അതുതന്നെയാണ് എ.എം.ജി എന്നതിെൻറ ശക്തി. അകത്തുകയറിയാല്‍ എല്ലാം സ്പോര്‍ട്സ് കാറുകള്‍ക്ക് സമാനമായിരിക്കും. പ്രത്യേകമായ ബോഡി കിറ്റ് ഉപയോഗിച്ച് സ്റ്റിയറിങ്ങും സീറ്റുകളും എ.സി വെൻറുകളും ഉൾപ്പെടെ മാറ്റിമറിച്ചിരിക്കുന്നു.
അകത്തളത്തിെൻറ കളര്‍ കോമ്പിനേഷന്‍വരെ വ്യത്യസ്തമാണ്. ഇനിയും വാഹനപ്രേമികളെ കൊതിപ്പിക്കുന്ന ഒരു കണക്ക് പറയാം. പുതിയ ഇ ക്ലാസ് എ.എം.ജി കേവലം 4.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കും. ആക്സിലേറ്ററില്‍ കാല്‍ അമര്‍ത്തുന്തോറും ഇവന്‍ പറപറക്കും എന്നര്‍ഥം. എല്ലാം കൂടുതലായതിനാല്‍ വിലയും അല്‍പ്പം കൂടുതലാണ്. ഒരു സുന്ദരക്കുട്ടന്‍ എ.എം.ജിയെ വീട്ടിലെത്തെിക്കാന്‍ 85 ലക്ഷം ചെലവഴിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.