‘ക്യാബ്’ ഒരുങ്ങി; തൊഴിലാളി കൂട്ടായ്മയിൽ ഓൺലൈൻ ടാക്സി
text_fieldsകൊച്ചി: പൂർണമായും തൊഴിലാളി കൂട്ടായ്മയിൽ വൻകിട കമ്പനികളുടെ മാതൃകയിൽ ഓൺലൈൻ ടാക്സി സംവിധാനം വരുന്നു. കേരളത്തിലെ ടാക്സി തൊഴിലാളികളുടെ നേതൃത്വത്തിൽ തയാറാക്കിയ ക്യാബ് (kyaab) എന്ന ആപ്പിലൂടെയാണ് ഓൺലൈൻ ടാക്സികൾ നിരത്തിലെത്തുന്നത്. കുത്തക കമ്പനികളുടെ ചൂഷണങ്ങളിൽനിന്ന് തൊഴിലാളികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആശയത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് പദ്ധതിക്കായി പ്രവർത്തിക്കുന്നവർ പറയുന്നു. ഒരുമാസത്തിനകം കൊച്ചി നഗരത്തിൽ ‘ക്യാബ്’ ഓൺലൈൻ ടാക്സികൾ ഓടിത്തുടങ്ങും. ആദ്യഘട്ടത്തിൽ 500 ടാക്സികളാകും എത്തുകയെന്ന് ഇതിനായി പ്രവർത്തിക്കുന്ന നിയാസ് കരിമക്കാട് ‘മാധ്യമ’ത്തോട് പറഞ്ഞു.
എറണാകുളത്തിന് പിന്നാലെ തിരുവനന്തപുരം, കോഴിക്കോട് അടക്കം എല്ലാ ജില്ലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. ഒരു വർഷം കൊണ്ട് 5000 ടാക്സികൾ നിരത്തിലിറക്കാനാണ് ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ വിവിധ ഓൺലൈൻ ടാക്സി കമ്പനികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളും മറ്റ് ഡ്രൈവർമാരും പദ്ധതിയുടെ ഭാഗമാകും. ആപ്പ് നിർമാണം പൂർത്തീകരിച്ച് പരിശീലന ഓട്ടങ്ങൾ നടത്തിവരുകയാണ്.
ഏതൊരു അന്താരാഷ്ട്ര ഓൺലൈൻ ടാക്സി സംവിധാനത്തോടും കിടപിടിക്കുന്നതാണ് ക്യാബ് ആപ്പെന്ന് തൊഴിലാളികൾ പറഞ്ഞു. ന്യായമായ വേതനം ലഭിക്കാതെ നേരിടുന്ന ചൂഷണം ഇല്ലാതാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. മികച്ച സേവന, വേതന വ്യവസ്ഥകളാകും അവതരിപ്പിക്കുക. മറ്റ് ഓൺലൈൻ ടാക്സി കമ്പനികൾ 26 ശതമാനം വരെ കമീഷൻ പറ്റുമ്പോൾ ഇവിടെ അത് 16 ശതമാനമാകും. ഇതിൽനിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തൊഴിലാളി ക്ഷേമത്തിനും ഉപയോഗിക്കും. ആതുരസേവനം, കുടിവെള്ളം ലഭ്യമാക്കൽ, നിർധന വിദ്യാർഥികളുടെ പഠനം തുടങ്ങിയവ ഇതിലൂടെ നടപ്പാക്കും.
ഒരു മാസത്തിനകം മന്ത്രിമാരുൾപ്പെടെ പങ്കെടുക്കുന്ന പരിപാടിയിലാകും േലാഗോ പുറത്തിറക്കുക. ഓൺലൈൻ ടാക്സി മേഖലയിലെ ചൂഷണത്തിെൻറ പേരിൽ നിരന്തര സമരങ്ങളിലേക്ക് തൊഴിലാളികൾ പോകേണ്ടിവന്ന സാഹചര്യത്തിലാണ് അവർ ഇത്തരം സാധ്യതയെക്കുറിച്ച് പരിശോധിച്ചത്. ഐ.ടി എൻജിനീയറായ ഇടുക്കി സ്വദേശി ജീവൻ വർഗീസ്, ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന പി.കെ. ഉസ്മാൻ എന്നിവർ സാങ്കേതിക സഹായം നൽകി. ഓട്ടോറിക്ഷ മുതൽ ബസുകൾ വരെ ഓൺലൈൻ സംവിധാനത്തിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് ഇവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.