വാഹന ഉടമസ്ഥാവകാശം മാറ്റൽ: നടപടിക്രമങ്ങൾ ലഘൂകരിച്ചു
text_fieldsതിരുവനന്തപുരം: വാഹന കൈമാറ്റവും ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച നടപടിക്രമങ്ങൾ മോട്ടോർ വാഹന വകുപ്പ് ലഘൂകരിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വാഹനം വിൽക്കുന്ന വ്യക്തിയും വാങ്ങുന്ന വ്യക്തിയും രണ്ട് ഓഫിസുകളുടെ പരിധിയിലാണെങ്കിൽ അപേക്ഷകർക്ക് നോ-ഡ്യൂ സർട്ടിഫിക്കറ്റ് ലഭിക്കാനും കൈമാറ്റം രേഖപ്പെടുത്താനും രണ്ടു ഓഫിസുകളെയും സമീപിക്കേണ്ടിവന്നിരുന്നു. പുതുക്കിയ നടപടി പ്രകാരം വാഹന ഉടമയും വാഹനം വാങ്ങുന്ന വ്യക്തിയും സംയുക്തമായി വാഹൻ-4ലെ ഓൺലൈൻ സംവിധാനം മുഖേന അപേക്ഷ നൽകണം. രണ്ടുപേരുടെയും മൊബൈൽ ഫോണിൽ വരുന്ന പകർപ്പും ഓൺലൈൻ സംവിധാനം മുഖേന അപ്ലോഡ് ചെയ്യണം.
വിൽക്കുന്ന വ്യക്തിയുടെയോ വാങ്ങുന്ന വ്യക്തിയുടെയോ ഇഷ്ടാനുസരണം ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ഓഫിസ് തെരഞ്ഞെടുക്കാം. അപേക്ഷക്കും അനുബന്ധ രേഖകൾക്കുമൊപ്പം ആർ.സി അയക്കാൻ സ്പീഡ് പോസ്റ്റിന് ആവശ്യമായ സ്റ്റാമ്പ് പതിച്ച തപാൽ കവർ ഉൾെപ്പടുത്തണം. തെരെഞ്ഞെടുത്ത ഓഫിസിൽ തപാൽ മുഖേന ഇത് അയക്കുകയോ ഓഫിസിന് മുന്നിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കുകയോ ചെയ്യാം.
ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമേ ഓൺലൈൻ ടോക്കൺ എടുത്ത് നേരിട്ട് അപേക്ഷ സമർപ്പിക്കാവൂ. പുതുക്കിയ നടപടി പ്രകാരം, വാഹന ഉടമയ്ക്ക് വാഹനം കൈമാറ്റം ചെയ്യുമ്പോൾതന്നെ അപേക്ഷ സമർപ്പിക്കാനുള്ള സാഹചര്യമുണ്ട്.
വാഹനങ്ങളുമായി ബന്ധപ്പെട്ട് ആർ.ടി ഓഫിസുകളിൽ സമർപ്പിക്കേണ്ട മറ്റ് അപേക്ഷകളും ഇനിമുതൽ ഓഫിസ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.