പുതിയ മോഡലിൽ ബ്ലൂടൂത്തും നാവിഗേഷനും; അടിമുടി മാറാനൊരുങ്ങി റോയൽ എൻഫീൽഡ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ മുൻനിരക്കാരാണെങ്കിലും പുത്തൻ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ പലപ്പോഴും വിമുഖത കാണിക്കുന്നതാണ് റോയൽ എൻഫീൽഡിൻെറ സ്വഭാവം. എന്നാൽ ഇപ്പോൾ പഴഞ്ചൻ ഇമേജ് തകർത്ത് അടിമുടി ന്യൂജെൻ ആകാൻ ഒരുങ്ങുകയാണ് റോയൽ എൻഫീൽഡെന്നാണ് വാർത്തകൾ.
ഇന്ത്യൻ വിപണിയിലെ ജനപ്രിയ ക്രൂയിസർ മോഡലായ തണ്ടർബേഡിൻെറ പിൻഗാമിയായി എത്തുന്ന മെറ്റിയർ 350 ലൂടെ ഇന്ത്യൻ മാർക്കറ്റ് മാത്രമല്ല ലോക വിപണിയെ കൂടി ആകർഷിക്കാനാണ് ആർ.ഇ ലക്ഷ്യമിടുന്നത്. ഇതിൻെറ ഭാഗമായി പുതിയ മോഡലുകളിൽ ചില പുത്തൻ ടെക്നോളജികൾ പരീക്ഷിക്കുകയാണ് കമ്പനി.
പുതിയ വാഹനങ്ങളിൽ ബ്ലൂടൂത്ത് കണക്ടിവിറ്റിയും നാവിഗേഷൻ സംവിധാനവും ഉൾപെടുത്തുമെന്നാണ് റിപ്പോർട്ട്. കുറഞ്ഞത് രണ്ട് മൂന്ന് മോഡലുകളിലെങ്കിലും ഈ ഫീച്ചറുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാർക്കറ്റിൽ നിന്നുള്ള നിരന്തര അഭ്യർഥനയുടെ ഫലമായാണ് കമ്പനിക്ക് മനംമാറ്റമുണ്ടായതെന്നാണ് സുചന. ടി.വി.എസും ഹീറോ മോട്ടോകോർപും നേരത്തെ തന്നെ അവരുടെ ഇരുചക്രവാഹനങ്ങളിൽ ഇത്തരം സാങ്കേതിക വിദ്യകൾ പരീക്ഷിച്ചിരുന്നു.
റോയൽ എൻഫീൽഡിൻെറ ചെന്നൈ പ്ലാൻറിൽ മെയ് ആറ് മുതൽ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച സാഹചര്യത്തിൽ ബൈക്കിൻെറ അവതരണം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. കോവിഡ് വ്യാപനം തടയാൻ രാജ്യത്ത് ഏർപെടുത്തിയ ലോക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെയാണിത്. പുതിയ ഒരു പ്ലാറ്റ്ഫോം അടിസ്ഥാനപ്പെടുത്തിയുള്ള വാഹനമായതിനാൽ ഭാരം കുറയുന്ന മെറ്റിയോർ കൂടുതൽ പെർഫോമൻസും പുറത്തെടുക്കും. ശബ്‌ദവും വൈബ്രേഷനും പുതിയ മോഡലിൽ കുറവായിരിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.