എസ്.യു.വികൾക്കും ആഢംബര കാറുകൾക്കും വില കൂടും
text_fieldsന്യൂഡൽഹി: രാജ്യത്ത് ആഢംബര കാറുകൾക്കും എസ്.യുവികൾക്കും വില കൂടുന്നു. ജി.എസ്.ടി സെസ് ഉയർത്താൻ തീരുമാനിച്ചതാണ് വില കൂടാൻ കാരണം. കാറുകളുടെ സെസ് 15 ശതമാനത്തിൽനിന്നും 25 ശതമാനമായാണ് വർധിപ്പിച്ചത്. ഇതോടെ എസ്.യു.വികളും ആഢംബരവും ഹൈബ്രിഡും ഉൾപ്പെടെ എല്ലാത്തരം കാറുകൾക്കും വില കൂടിയേക്കും. ആഗസ്റ്റ് അഞ്ചിന് കേന്ദ്രധനമന്ത്രി അരുൺ ജെയ്‍റ്റിലിയുടെ അധ്യക്ഷതയിൽ നടന്ന 20–ാം ജി.എസ്.ടി യോഗത്തിലാണു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
സെസ് വർധിപ്പിച്ചതോടെ ആഢംബര വാഹനങ്ങളുടെ നികുതി 53 ശതമാനമാകും. നിലവില്‍ 28 ശതമാനം ജി.എസ്.ടിയും 15 ശതമാനം സെസും ഉള്‍പ്പെടെ 43 ശതമാനമാണ് ഈ ശ്രേണിയില്‍പ്പെട്ട വാഹനങ്ങള്‍ക്ക് നൽകേണ്ട നികുതി. സെസ് 25 ശതമാനമാക്കി വർദ്ധിപ്പിക്കുന്നതോടെ നികുതി 53 ശതമാനമാകും.
സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളോ വലിയ സെഡാനോ വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ ഇനി 10 ശതമാനം നികുതി അധികം നൽകണം. നാല് മീറ്ററിലധികം നീളവും 1,500 സിസിയിൽ അധികം എഞ്ചിൻ കരുത്തുള്ള വാഹനങ്ങൾക്കുമാണ് 53 ശതമാനം നികുതി ഈടാക്കുക. 1200 സിസിയുള്ള വാഹനത്തിന് 28 ശതമാനം ജി.എസ്.ടിക്ക് പുറമേ ഒരു ശതമാനം സെസും 1500 സിസി വരെയുള്ള വാഹനത്തിന് 3 ശതമാനം അധിക സെസും എന്ന നില തുടരും.
ജി.എസ്.ടി വന്നതോടെ 300 മുതൽ 30,000 രൂപ വരെ സാധാരണ കാറുകളുടെ വില കുറഞ്ഞു. എസ്.യു.വി വിഭാഗത്തിലാണ് ജി.എസ്.ടി മൂലം ഏറ്റവുമധികം വിലക്കുറവ് ഉണ്ടായത്. ആഢംബര കാർ വിപണിയിൽ ലക്ഷങ്ങളുടെ വിലക്കുറവുമുണ്ടായി. ചരക്ക് സേവന നികുതി നടപ്പാക്കിയപ്പോൾ മധ്യനിര വാഹനങ്ങൾക്കും ആഡംബര വാഹനങ്ങൾക്കും ഒരേ നികുതി ഏർപ്പെടുത്തിയത് വിമർശനത്തിന് വഴി വച്ചിരുന്നു. ഇത് മറികടക്കുന്നതിനാണ് ആഡംബര കാറുകൾക്കും എസ്.യു.വികൾക്കും നികുതി കൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.