ബലേനോക്കും വാഗണറിനും ‘കൂട്ടുപ്രതി’ ഗ്ലാൻസ, തിരികെ വിളിക്കുമെന്ന് ടൊയോട്ട
text_fieldsകഴിഞ്ഞ ദിവസമാണ് ഇന്ധന പമ്പിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് മാരുതി സുസുക്കി ബലേനൊയേയും വാഗണറിനേയും തിരികെ വിളിക്കാൻ തീരുമാനിച്ചത്. ഇതറിഞ്ഞ് കിടക്കപ്പൊറുതി ഇല്ലാതായത് ടൊയോട്ടക്കാണ്. ചിലരെങ്കിലും ടൊയോട്ടക്ക് ഇതിലെന്താണ് കാര്യമെന്ന് ചിന്തിക്കുന്നുണ്ടാകും. സംഗതി ലളിതമാണ്. മാരുതി ബലേനോയുടെ രൂപം മാറിയ വാഹനമാണ് ഗ്ലാൻസയെന്ന പേരിൽ ടൊയോട്ട വിറ്റഴിക്കുന്നത്.
രൂപം മാറിയെന്ന് ആലങ്കാരികമായി പറഞ്ഞതാണ്. യഥാർഥത്തിൽ ലോഗോ മാത്രമെ മാറിയിട്ടുള്ളു. സുസുക്കി ലോഗോ ഇരുന്നിടത്ത് ടൊയോട്ടയുടേത് വന്നു. മറ്റെല്ലാം ഒന്നുതന്നെ. അപ്പൊ പിന്നെ ബലേനോയിലെ തകരാറ് ഗ്ലാൻസയിലും കാണുമെന്ന് ഉൗഹിക്കാൻ വലിയ സർഗശേഷിയൊന്നും വേണ്ടല്ലൊ. ഒരു കാര്യത്തിൽ ടൊയോട്ടക്ക് ആശ്വസിക്കാം. മാരുതി തിരികെ വിളിക്കുന്നത് 1,34,885 വാഹനങ്ങളാണ്.
എന്നാൽ ടൊയോട്ടക്കിത് 6500 എണ്ണം മാത്രമാണ്. 2019 ഏപ്രിൽ രണ്ടിനും ഒക്ടോബർ ആറിനും ഇടയിൽ നിരത്തിലിറങ്ങിയ ഗ്ലാൻസകളിലാണ് പ്രശ്നം തിരിച്ചറിഞ്ഞിരിക്കുന്നത്. ഉപഭോക്താക്കളെ ഡീലർമാർ നേരിട്ട് ബന്ധപ്പെടുകയും തകരാർ സൗജന്യമായി പരിഹരിച്ചുനൽകുകയും ചെയ്യും.
മാരുതിയുടെ തിരിച്ചുവിളിക്കൽ
2018 നവംബർ 15നും 2019 ഒക്ടോബർ 15നും ഇടയിൽ പുറത്തിറങ്ങിയ 1.0 ലിറ്റർ വാഗണറുകളാണ് മാരുതി തിരികെ വിളിക്കുന്നത്. ബലേനൊയിൽ കംപ്ലയിൻറ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് പെട്രോൾ മോഡലിനാണ്. 2019 ജനുവരി എട്ടിനും നവംബർ നാലിനും ഇടയിൽ നിർമ്മിച്ച ബലേനോകൾ തിരികെ വിളിക്കും. കമ്പനി വെബ്സൈറ്റിൽ വിവരങ്ങൾ നൽകിയും തങ്ങളുടെ വാഹനം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം.
വാഗണർ ഉടമകൾ www.marutisuzuki.com എന്ന വെബ്സൈറ്റിലും ബലേനൊ കയ്യിലുള്ളവർ www.nexaexperience.comലും കയറി പരിശോധിക്കണം. െഎ.എം.പി കസ്റ്റമർ ഇൻഫോ സെക്ഷനിലാണ് വിവരങ്ങൾ നൽകേണ്ടത്. 14അക്ക ഷാസി നമ്പർ നൽകി ചില നിർദേശങ്ങളിലൂടെ കടന്നുപോയാൽ തിരികെ വിളിക്കുന്നതിൽ വാഹനം ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.