സ്കോര്‍പിയോയും ഓട്ടോമാറ്റിക്കായി
text_fieldsപരിണാമത്തിന്‍െറ ഫലമായി മനുഷ്യന് കഷണ്ടി വന്നപോലെയാണ് വാഹനങ്ങളില്‍നിന്ന് ഗിയര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം ടോപ്പില്‍ പാഞ്ഞു, അടുത്ത ഗിയറില്‍ കൊടുത്തു തുടങ്ങിയ പ്രയോഗങ്ങളും ഇല്ലാതായേക്കും. സത്യത്തില്‍ രണ്ടുകൈയും രണ്ടുകാലും ഉപയോഗിച്ചുള്ള ഡ്രൈവിങ് തന്നെ ഓള്‍ഡ് ഫാഷനാണ്്. ഒരുകാലും ഒരുകൈയും മാത്രം ചെലവാക്കേണ്ടിവരുന്ന ഓട്ടോമാറ്റിക് വണ്ടികളോടാണ് നാട്ടുകാര്‍ക്ക് ഇഷ്ടം. മിച്ചംവരുന്ന ഒരു കൈയില്‍ മൊബൈല്‍ഫോണ്‍ പിടിക്കാമെന്ന് ന്യൂജെന്‍ ഡ്രൈവര്‍മാര്‍ തെളിയിച്ചിട്ടുണ്ട്. പക്ഷേ ബാക്കിയാവുന്ന കാല്‍ എന്തുചെയ്യും എന്നതില്‍ തര്‍ക്കം തുടരുകയാണ്. മൊബൈല്‍ വിളിച്ചുകൊണ്ടുള്ള ഓടിക്കല്‍ പതിവാക്കിയാല്‍ കാലിന്‍െറ മാത്രമല്ല തലയുടെ കാര്യംവരെ തീരുമാനമാകുമെന്ന് ഗതാഗതവകുപ്പിന്‍െറ പല ഉദ്ധരണികളിലും കാണാം. പണ്ട് ഓട്ടോമാറ്റിക്കുകളോട് പരമപുച്ഛമായിരുന്നു. വിലകൂടുതല്‍, മൈലേജ് കുറവ് എന്നിങ്ങനെ ഇല്ലാത്ത കുറ്റമൊന്നുമുണ്ടായിരുന്നില്ല. കൈയുംകാലും മനസ്സുപറയുന്നിടത്ത് നില്‍ക്കാത്ത പാവത്താന്മാര്‍ മാത്രമാണ് നഷ്ടംസഹിച്ച് ഇത്തരം വാഹനങ്ങള്‍ വാങ്ങിയിരുന്നത്. ഇന്ന് അതല്ല സ്ഥിതി. സ്കോര്‍പിയോ വരെ ഓട്ടോമാറ്റിക്കായി എന്നുപറഞ്ഞാല്‍ ബാക്കി ഊഹിക്കാമല്ളോ. ജനപ്രിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമാണ് സ്കോര്‍പിയോ എന്നാണ് മഹീന്ദ്ര പറയുന്നത്. പക്ഷേ ഗിയറൊക്കെ വലിച്ചുപറിച്ചിട്ടില്ളെങ്കില്‍ എന്തോന്ന് സ്പോര്‍ട്സ്. എറ്റവും ഉയര്‍ന്ന വേരിയന്‍റായ എസ് 10 നൊപ്പമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സൗകര്യമുള്ളത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫോര്‍വീല്‍ ഡ്രൈവ് സംവിധാനവുമുള്ള ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ എസ്.യു.വിയാണ് പുതിയ സ്കോര്‍പിയോ. 2.2 ലിറ്റര്‍ എംഹോക് എന്‍ജിനാണ് ഇതിലുള്ളത്. 120 എച്ച്.പി കരുത്തും 280 എന്‍.എം ടോര്‍ക്കും നല്‍കാന്‍ ഇതിന് കഴിയും. റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍, ബ്ളൂ ഗ്രേ ഇന്‍റീരിയര്‍ എന്നിവയൊക്കെ സവിശേഷതയായി പറയാം. എസ് 10 എ.ടിക്ക് ടൂവീല്‍ ഡ്രൈവ് വകഭേദവും ഉണ്ട്. ടൂവീല്‍ ഡ്രൈവിന് 13,25,294 രൂപയും ഫോര്‍വീല്‍ ഡ്രൈവ് വേരിയന്‍റിന് 14,47,811 രൂപയുമാണ് കൊച്ചിയിലെ ഏകദേശവില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.