മത്സരം മുറുകും; ടി.യു.വിയും വിപണിയിലേക്ക്
text_fieldsഇന്ത്യക്കാര്‍ക്ക് വാഹനങ്ങളെന്നാല്‍ എന്താണ്. അനായാസം യാത്ര ചെയ്യാനും അല്‍പ്പം പൊങ്ങച്ച പ്രകടനത്തിനും ഉള്ള ഒന്നാണെന്ന് സാമാന്യമായി പറയാം. പണച്ചെലവ് അധികം ഉണ്ടാകരുതെന്ന നിര്‍ബന്ധവും ഉണ്ട്. എന്നാല്‍ വികസിത വിപണികളില്‍ വാഹനങ്ങള്‍ ഇതിന് മാത്രമുള്ളതല്ല. സൗകര്യങ്ങളാണ് അവര്‍ക്ക് പ്രധാനം. പിന്നെ ആഘോഷിക്കുക എന്നതും. അതിനാലവര്‍ ഓരോ ആവശ്യങ്ങള്‍ക്കും പ്രത്യേകം വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വാങ്ങുകയും ചെയ്യും. റോഡിലൂടെ പോകാന്‍ സെഡാനുകളും ഹാച്ചുകളും, കാട്ടിലൂടെ പോകാന്‍ എസ്.യുവികള്‍, പിക്നിക്കിന് പോകാന്‍ ക്രോസോവറുകള്‍, ചരക്കുകള്‍ നീക്കാന്‍ പിക്ക്അപ്പുകള്‍ എന്നതാണവരുടെ ലൈന്‍. ഓടിച്ച് രസിക്കാന്‍ സ്പോര്‍ട്സ് കാറുകളും വാങ്ങും. നമ്മളാണെങ്കില്‍ എല്ലാത്തിനും ഉപയോഗിക്കുന്നത് ഒന്നുതന്നെ. പണമുള്ളവന്‍ എസ്.യു.വി വാങ്ങി നല്ല റോഡിലൂടെ ഗമയിലങ്ങിനെ പോകും. കാടും മലയും കാണാത്ത നിരവധി എസ്.യു.വികളാണ് ജന്മദുഖമേറ്റുവാങ്ങി ഇന്ത്യയില്‍ കഴിയുന്നത്.
നമ്മുടെ ഈ ശീലം മുതലെടുക്കാനാണ് ആഗോള ഭീമന്മാരായ വാഹന കമ്പനികള്‍ മിനി എസ്.യു.വികള്‍ ഇറക്കിയത്. കണ്ടാല്‍ എസ്.യു.വി പോലിരിക്കും. എന്നാലതിന്‍െറ ഒരു ഗുണവുമില്ല. നല്ല മൈലേജ്, വലുപ്പം എന്നവയാണ് ഇത്തരം വാഹനങ്ങളുടെ ഹൈലൈറ്റ്. നല്ളൊരു കുണ്ടും കുഴിയുമുള്ള റോഡിലത്തെിയാല്‍ ഇവന്മാര്‍ കിതക്കും എന്നതാണ് പോരായ്മ. മിനി എസ്.യു.വി വിപണിയില്‍ ഇപ്പോള്‍ കടുത്ത മത്സരമാണ് നിലനില്‍ക്കുന്നത്. ഡസ്റ്ററാണ് ഇതിലെ നായകന്‍. പിന്നെ ടെറാനൊ, എക്കോസ്പോര്‍ട്ട്, ക്രീറ്റ എന്നിവയും. ഇതിലേക്ക് നമ്മുടെ സ്വന്തം മഹീന്ദ്രയും അണിചേരുകയാണ്. ഏറെ നാളായി പറഞ്ഞ് കേള്‍ക്കുന്ന ടി.യു.വി 300 എന്ന മോഡല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സെപ്തംബര്‍ 10ഓടെ ഇവ ലഭ്യമാകുമെന്നാണ് സൂചനകള്‍. തികഞ്ഞ പെട്ടിരൂപമാണ് ടി.യു.വിക്ക്. മുന്നിലും പിന്നിലും വശങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. മുന്നിലെ ഗ്രില്ലുകള്‍ക്ക് ക്രോം ഫിനിഷ് നല്‍കിയിട്ടുണ്ട്. ജീപ്പിന്‍െറ ചില മോഡലുകളോടാണ് ഇവക്ക് കൂടുതല്‍ സാമ്യം. ഹെഡ്ലൈറ്റുകള്‍, ഫോഗ് ലാംമ്പ് ഇന്‍സര്‍ട്ടുകള്‍, റിയര്‍ വ്യൂ മിററുകള്‍, ബമ്പറുകള്‍ എന്നിങ്ങനെ എല്ലാത്തിനും ചതുരവടിവാണ്.
മുന്നില്‍ നിന്ന് നോക്കിയാല്‍ മഹീന്ദ്രയുടെ തന്നെ ബൊലേറോയാണ് കൂടുതല്‍ അടുപ്പം തോന്നുക. ടി.യു.വി വരുമ്പോള്‍ ബോലേറോ പിന്‍വലിക്കില്ളെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.വശങ്ങളില്‍ നിന്ന് നോക്കിയാല്‍ വിലിയ ഗ്ളാസ് ഏരിയകളാണ് ആദ്യം കണ്ണില്‍പെടുക. ഉയര്‍ന്ന മോഡലുകളില്‍ ബി പില്ലറുകള്‍ക്ക് കറുത്ത നിറം നല്‍കിയിട്ടുണ്ട്. പിന്‍ ഡോറില്‍ സ്പെയര്‍ വീല്‍ ഘടിപ്പിച്ചത് നല്ല എടുപ്പ് നല്‍കുന്നു. വലുപ്പമുള്ള ടെയില്‍ ലൈറ്റുകളാണ് നല്‍കിയിരിക്കുന്നത്. ഇരുനിറത്തിലുള്ള അകവശമാണ് ടി.യു.വിക്ക്. സ്കോര്‍പ്പിയോയിലും എക്സ്.യു.വിയിലും കാണുന്ന നിരവധി പ്രത്യേകതകള്‍ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. പുത്തന്‍ എം ഹോക്ക് എഞ്ചിനാണ് മഹീന്ദ്രയുടെ വാഗ്ദാനം. ചെറു വാഹനമായ ക്വാണ്ടോയില്‍ കാണുന്ന 1.5ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍െറ പരിഷ്കരിച്ച സംവിധാനമാണ് പ്രതീക്ഷിക്കുന്നത്. ഒരു എ.എം.ടി വെര്‍ഷനും ഉണ്ടാകും. പുറത്ത് പറയാവുന്ന മറ്റൊരു പ്രത്യേകത, വാഹന ഡിസൈനിങ്ങിലെ ഇറ്റാലിയന്‍ വമ്പനായ പിനിന്‍ഫാരിയ ടി.യു.വിയുടെ രൂപകല്‍പ്പനയില്‍ മഹീന്ദ്രയുമായി സഹകരിച്ചിരുന്നു എന്നതാണ്.
ടി.ഷബീര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.