മാരുതിയുടെ ഇളംകാറ്റ്
text_fieldsമസിലുള്ള വണ്ടികള്‍ മനസ്സിലിട്ടുകൊണ്ട് നടക്കുന്നവര്‍ക്കായി മാരുതി ഒരു വണ്ടിയുണ്ടാക്കി. ജിപ്സിയെ പോലെ പട്ടിണികിടന്ന കുലിപ്പണിക്കാരന്‍െറ ശരീരമല്ല ഇതിന്. സുസുക്കിയുടെ ഗുസ്തിക്കാരന്‍ ഗ്രാന്‍ഡ് വിറ്റാറയുടെ ഏതാണ്ട് രൂപമൊക്കെയുണ്ട്. റെനോ ഡെസ്റ്റര്‍ ഇറക്കുകയും ഫോര്‍ഡ് എക്കോസ്പോട്ടിനെ കാട്ടി പേടിപ്പിക്കുകയും ചെയ്യുമ്പോള്‍ വെറുതെയിരിക്കാന്‍ മാരുതിക്കും പറ്റുന്നില്ല. ഇവരോട് മല്ലിടാന്‍പറ്റുന്ന ഒരു വിദ്വാനെ പണ്ട് ന്യൂഡല്‍ഹി ഓട്ടോഷോയില്‍ മാരുതി കൊണ്ടുവന്നിരുന്നു. എക്സ്.എ ആല്‍ഫ എന്നായിരുന്നു അന്ന് അതിനിട്ട ചെല്ലപ്പേര്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എസ് ക്രോസ് നമ്മുടെ മുന്നിലത്തെി. മസിലന്മാരെ ആഗ്രഹിക്കുന്നവരില്‍ പല ശമ്പളസ്കെയിലുള്ളവരുണ്ടെന്ന് മാരുതിക്കറിയാം അതുകൊണ്ട് അവര്‍ക്കെല്ലാം പറ്റിയ മസിലുകള്‍ ഉണ്ടാക്കണമെന്ന് അവര്‍ക്ക് ആഗ്രഹവുമുണ്ട്. ഇതിനുള്ള ശ്രമം വൈ.ബി.എ എന്ന പേരില്‍ കുറെ നാളായി നടക്കുന്നു. ഇതിന്‍െറ ഫലമായി ഉണ്ടായതാണ് വിറ്റാറ ബ്രീസ. അടുത്ത ന്യൂഡല്‍ഹി ഓട്ടോ ഷോയില്‍ ഇവനെ കാണാം. സസ്പെന്‍സ് നിലനിര്‍ത്താനായിരിക്കണം ഇതിന്‍െറ ഒരു രേഖാചിത്രം മാത്രമാണ് മാരുതി പുറത്തുവിട്ടിരിക്കുന്നത്്. പക്ഷേ, പരീക്ഷണയോട്ടം നടത്തുന്നതിനിടക്ക് പാപ്പരാസികള്‍ പകര്‍ത്തിയ പടങ്ങള്‍ പറന്നുനടക്കുന്നുണ്ട്.
നികുതി കുറച്ചുനല്‍കുന്നതിന്‍െറ നിര്‍വൃതി കിട്ടാന്‍ വലുപ്പം നാല് മീറ്ററില്‍ താഴെ നിര്‍ത്തിയിട്ടുണ്ട്. ലോകം മുഴുവന്‍ വില്‍ക്കുന്ന വിറ്റാറയുടെ കുടുംബം ഇനി കുറച്ചുകൂടി വിപുലമാകും. എസ് ക്രോസ് പോലെ അത്ര കോമളനാവില്ല ബ്രീസ. കുറച്ചുകൂടി പുരുഷ ഹോര്‍മോണ്‍ ശരീരത്തിലുണ്ട്. ഇറ്റാലിയന്‍ ഭാഷയില്‍ ശുദ്ധമായ ഇളംകാറ്റ് എന്നാണത്രെ ബ്രീസയുടെ അര്‍ത്ഥം. ഫോര്‍ഡ് എക്കോസ്പോര്‍ട്സും ടി.യു.വി 300ഉം കൊടുങ്കാറ്റുപോലെ പായുന്നിടത്തേക്കാണ് ഈ ഇളംകാറ്റ് അടിക്കാന്‍ പോണത്. ഉയര്‍ന്നുപോകുന്ന ബല്‍റ്റ് ലൈനും ചരിഞ്ഞുവരുന്ന റൂഫ് ലൈനും ഒഴുകിക്കിടക്കുന്ന റൂഫ് ഡിസൈനുമാണ് ആകര്‍ഷണമെന്ന് രാജ്യവ്യാപകമായി സംസാരമുണ്ട്. വാ തുറന്നുവെച്ചപോലുള്ള എയര്‍ഡാമും എസ്ക്രോസിനെ ഓര്‍മിപ്പിക്കുന്ന ക്രോമിയം ഗ്രിലും ചേര്‍ന്നാണ് മുഖശ്രീ ഒരുക്കുന്നത്. പതിവിന് വിപരീതമായി ചതുരാകൃതിയിലുള്ള വീല്‍ആര്‍ച്ചുകളാണ് ബ്രീസക്ക്. ഇതിനുള്ളില്‍ 16 ഇഞ്ച് അലോയി വീലുകള്‍. മാരുതിയുടെ സ്മാര്‍ട്ട് പ്ളേ അടക്കം സവിശേഷതകളുടെ കൂമ്പാരം ഉള്ളില്‍ പ്രതീക്ഷിക്കാം. മാരുതിക്ക് നിലവിലുള്ള ഡീസല്‍, പെട്രോള്‍ എന്‍ജിനുകളിലായിരിക്കും ബ്രീസ വീശിയടിക്കാന്‍ പോകുന്നത്. പിന്നീട് സൗകര്യംപോലെ പുതിയ എന്‍ജിന്‍ കൊടുക്കാനും സാധ്യതയുണ്ട്. നെക്സ ഡീലര്‍ഷിപ്പിലൂടെ വില്‍ക്കുന്ന ബ്രീസക്ക് നിലവാരത്തിനൊത്തുള്ള വിലയും പ്രതീഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.