ഇഷ്ടം കൂടാന്‍ ഇംപീരിയോ
text_fieldsമണ്ണും ചാണകവും ചുമക്കാന്‍ കുലുങ്ങിയും ചാടിയുംതന്നെ പോകണമെന്ന് വല്ല നിര്‍ബന്ധവുമുണ്ടോ. നിലവിലുള്ള പിക്കപ്പുകളില്‍ ഇങ്ങനെയല്ലാതെ പോകാന്‍ പറ്റില്ല. അല്ളെങ്കില്‍ ഡിമാക്സിലോ ഗെറ്റ്എവേയിലോ മറ്റോ പോകണം. പക്ഷേ, ഇതിന്‍െറ രൂപം കണ്ടാല്‍ ചളി പറ്റിക്കാന്‍ തോന്നുകയുമില്ല. പക്ഷേ, കല്യാണത്തിന് പോകുന്ന അതേ സ്റ്റെലില്‍ കല്ലുകടത്താന്‍ പോകാനും പറ്റുമെന്നാണ് ഇപ്പോള്‍ മഹീന്ദ്ര പറയുന്നത്. ഇതിന് ഉപയോഗിക്കാന്‍ പറ്റിയ വിധത്തിലാണ് പ്രീമിയം പിക് അപ്പായ ‘ഇംപീരിയൊ’ അവര്‍ നിര്‍മിച്ചിരിക്കുന്നത്. പണ്ട് മുതല്‍ പിക്കപ്പുകള്‍ നിര്‍മിക്കുന്ന മഹീന്ദ്രക്ക് നമ്മളോട് ഇപ്പോള്‍ ഈ സ്നേഹം തോന്നുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്‍െറയോ ആഗോള താപനത്തിന്‍െറയോ ഫലമായിട്ടല്ല. ഇസുസു ഡി മാക്സ് പിക്കപ്പിന്‍െറ ഗ്ളാമറില്‍ ജനം വീഴുന്നതാണ് പ്രധാന കാരണം. ജനങ്ങളുടെ ഈ നടപടി അവര്‍ക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പിന്നെ പണ്ടത്തെ കാലമൊന്നുമല്ല. തേങ്ങയിടല്‍വരെ ന്യൂജനറേഷന്‍ ഏറ്റെടുത്ത സമയമാണ്. കാളവണ്ടിക്ക് എന്‍ജിന്‍ വെച്ചപോലുള്ള വണ്ടികള്‍ ഇറക്കിയാല്‍ വാങ്ങാനും വാങ്ങിയത് ഓടിക്കാനും ആളെ കിട്ടിയെന്ന് വരില്ല.
ലോകോത്തര നിലവാരമുള്ള മോഡലുകള്‍ ആദ്യം അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പിക് അപ് വിഭാഗത്തില്‍ ‘ഇംപീരിയൊ’യുടെ വരവെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടമോട്ടീവ് വിഭാഗം പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടിവുമായ പ്രവീണ്‍ ഷാ പറഞ്ഞിട്ടുണ്ട്. കുറച്ചുകൂടി കടന്ന് പുതുതലമുറ പിക് അപ്പുകള്‍ക്കുള്ള ശക്തമായ അടിത്തറയായിട്ടാണു കമ്പനി ‘ഇംപീരിയൊ’ ഉണ്ടാക്കുന്നതെന്ന കടിച്ചാല്‍ പൊട്ടാത്ത ഡയലോഗില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ചെറുകിട, ഇടത്തരം സംരംഭകരുടെ പീടിക കോലായില്‍ അന്തിയുറങ്ങാന്‍ അല്‍പം സ്ഥലം അത്രയെ ഇംപീരിയോ ആഗ്രഹിക്കുന്നുള്ളൂ. എന്ത് ജോലിയും ചെയ്യാനുള്ള കരുത്ത് കോമണ്‍ റയില്‍ ഡയറക്ട്്് ഇന്‍ജക്ഷന്‍ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള 2.5 ലീറ്റര്‍, നാലു സിലിണ്ടര്‍ എന്‍ജിന്‍ നല്‍കുന്നുണ്ട്. പരമാവധി 75 ബി.എച്ച്.പി കരുത്തും 220 എന്‍. എം ടോര്‍ക്കുമാണ് നട്ടെല്ലിന്‍െറ ബലം. 1240 കിലോഗ്രാം വരെ ചുമടെടുക്കാന്‍ കഴിയും. ഒറ്റ കാബിനും ഇരട്ട കാബിനുമുള്ള ഇംപീരിയൊകളുണ്ട്. ഇവക്ക് രണ്ടുവീതം മോഡലുകള്‍ വേറെയുമുണ്ട്. പണിസാമഗ്രികള്‍ മാത്രം കടത്തിയാല്‍ മതിയോ അതോ പണിക്കാര്‍ക്ക് ലിഫ്റ്റ് കൂടി കൊടുക്കണോ എന്നൊക്കെയുള്ള തീരുമാനമനുസരിച്ച് ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാം. സ്വതന്ത്ര മുന്‍ സസ്പെന്‍ഷന്‍, ഫോളോ മീ ഹോം ലൈറ്റ്, കീ ലെസ് എന്‍ട്രി തുടങ്ങിയവയൊക്കെ ഇവയിലുണ്ട്. ലാവ റെഡ്, വെര്‍വ് ബ്ളൂ, ആര്‍ട്ടിക് വൈറ്റ് നിറങ്ങളില്‍ കിട്ടുന്ന ഇംപീരിയോയുടെ വില 6.5 ലക്ഷത്തിലാണ് തുടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.