ടക്സണ്‍ അല്ല ഭായ്, ഇത് ട്യൂസോണ്‍
text_fieldsകഥ തുടങ്ങുന്നത് 2005ലാണ്. വിദേശിക്കും സ്വദേശിക്കും ഇടയില്‍പെട്ട് വാഹന പ്രേമികള്‍ ഉഴറി നടക്കുന്ന കാലം. ഹ്യൂണ്ടായ് എന്നൊക്കെ കേട്ടാല്‍ അത്ര പഞ്ചില്ലാത്ത ടൈം. കൊറിയക്കാര്‍ ഉണ്ടാക്കുന്ന കാറൊക്കെ ഒരു കാറാണൊ എന്നായിരുന്നു അന്നത്തെ ശരാശരിക്കാരന്‍െറ ചിന്ത. ഈ സമയത്താണ് ഹ്യൂണ്ടായ് ട്യൂസോണ്‍ എന്ന പേരിലൊരു പതിഞ്ഞ എസ്.യു.വി(soft roader)പുറത്തിറക്കിയത്. നമ്മളവനെ ‘ടക്സണ്‍’എന്ന് വിളിച്ചു. യഥാര്‍ഥത്തില്‍ അമേരിക്കന്‍ സംസ്ഥാനമായ അരിസോണയിലെ ഒരു നഗരത്തിന്‍െറ പേരാണ് ട്യൂസോണ്‍. പേര് പിടിക്കാത്തതിനാലാണൊ വണ്ടി പിടിക്കാത്തതിനാലാണൊ ഇന്ത്യക്കാര്‍ ഇവനെ ചവിട്ടി പുറത്താക്കുകയായിരുന്നു. അഞ്ച് വര്‍ഷംകൊണ്ട് 1810 എണ്ണം മാത്രമാണ് വിറ്റഴിഞ്ഞത്. അന്ന് ഈ വിഭാഗത്തില്‍ ഉണ്ടായിരുന്ന മറ്റൊരു വാഹനമായിരുന്നു ഹോണ്ട സി.ആര്‍.വി. ഹോണ്ടയെന്നും ജപ്പാനെന്നും കേട്ട് കുറേപ്പോര്‍ സി.ആര്‍.വിയെ വാങ്ങിയെങ്കിലും ട്യൂസോണ്‍ പൊടിപിടിച്ച് തന്നെ കിടന്നു. അന്നുണ്ടായിരുന്ന ഏക ഡീസല്‍ സോഫ്റ്റ് റോഡര്‍ എന്ന ആനുകൂല്യം പോലും മുതലാക്കാന്‍ ഹ്യൂണ്ടായ്ക്കായില്ല. വിലകൂടുതലെന്നത് വലിയൊരു പോരായ്മയായിരുന്നെന്ന് ഇന്ന് കമ്പനിയുടെ പിപണി വിശാരദന്മാര്‍ സമ്മതിക്കുന്നുണ്ട്. കാലം മാറി കഥ മാറി. ട്യൂസോണ്‍ വരികയാണ് പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍.
കാലംതെറ്റിയ കാലത്ത് വന്ന് വിലകൂട്ടി പഴികേട്ട ട്യൂസോണിന്‍െറ പുതിയ അവതരണം കൃത്യമാണ്. ഹ്യൂണ്ടായുടെ ക്രെറ്റക്കും സാന്താഫേക്കും ഇടയിലാണ് ഇവന്‍െറ സ്ഥാനം. വില 17മുതല്‍ 22 ലക്ഷംവരെ. ഈ വിഭാഗത്തില്‍ ഇപ്പോഴും ഹോണ്ട സി.ആര്‍.വി തന്നെയാണ് താരം. ഫോക്സ്വാഗണ്‍ ‘തിഗുവാന്‍’ എന്ന പേരിലൊരു സോഫ്റ്റ് റോഡര്‍ പുറത്തിക്കുമെന്ന് പറയുന്നുണ്ടെങ്കിലും 2017ല്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി. ഒരു ദശാബ്ദംകൊണ്ട് ഹ്യൂണ്ടായ് എന്ന കമ്പനിക്കുവന്ന മാറ്റങ്ങളെല്ലാം പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ട്യൂസോണ്‍. പഴയ പെട്ടി രൂപത്തിലുള്ള വാഹനത്തിന് പകരം മനോഹരമായ ഫ്ളൂയ്ഡിക് ഡിസൈനാണ് നല്‍കിയിരിക്കുന്നത്.
സാന്താഫേ, ക്രെറ്റ തുടങ്ങിയവയോട് രൂപത്തില്‍ ഏറെ സാമ്യം തോന്നും. മുന്നിലെ മൂന്ന് പാളികളോടുകൂടിയ ഗ്രില്ലുകള്‍, മനോഹരമായ ഹെഡ്ലൈറ്റുകള്‍, എല്‍.ഇ.ഡി ഡെടൈം റണ്ണിങ്ങ് ലാമ്പുകള്‍ തുടങ്ങി, വശങ്ങളിലത്തെിയാല്‍ കാണുന്ന വലിയ വീല്‍ ആര്‍ച്ചുകള്‍ വരെ വാഹനത്തിന് ഏറെ അനുയോജ്യമാണ്. പിന്നിലേക്ക് ഒഴുകി ഇറങ്ങുന്ന രീതിയിലാണ് മേല്‍ക്കൂരയുള്ളത്. അല്‍പ്പം പുറത്തേക്ക് തള്ളി നില്‍ക്കുന്ന മെലിഞ്ഞ ടെയില്‍ ലൈറ്റുകള്‍, ഇരട്ട പുകക്കുഴല്‍, സ്കിഡ് പ്ളേറ്റുകള്‍, വൈപ്പര്‍ തുടങ്ങി സംഭവബഹുലമാണ് പിന്‍വശം.
മറെറല്ലാ ഹ്യൂണ്ടായ്കളിലേതും പോലെ നിലവാരമുള്ള, കാഴ്ച്ച സുഖമുള്ള ഉള്‍വശമാണ്. ബീജിന്‍േറയും കറുപ്പിന്‍േറയും സങ്കലനമാണ് നിറമായി നല്‍കിയിരിക്കുന്നത്. സെന്‍റര്‍ കണ്‍സോളില്‍ വലിയ ടച്ച് സ്ക്രീന്‍ ഉണ്ട്. സാധനങ്ങള്‍ സൂക്ഷിക്കാന്‍ ധാരാളം സ്ഥലം, എളുപ്പത്തില്‍ വിവരങ്ങള്‍ മനസിലാക്കാന്‍ പറ്റുന്ന ഇന്‍സ്ട്രുമെന്‍റ് ക്ളസ്ചര്‍, നാല് സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ മറ്റ് പ്രത്യേകതകള്‍. മുന്നിലെ ഇരുപ്പ് നല്ല ഉയരത്തിലാണ്. ഇത് മികച്ച കാഴ്ച്ച നല്‍കുന്നു. പിന്നില്‍ മൂന്നുപേര്‍ക്ക് സുഖമായിരിക്കാം. മൂന്നാം നിര സീറ്റുകള്‍ ഇല്ല. നാല് സിലിണ്ടര്‍ 1995സി.സി ടര്‍ബോ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്. 136ബി.എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് നിലവില്‍. ഓട്ടോമാറ്റിക് വരുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.