വാഹന വില ഉയരെ ഉയരെ
text_fieldsഅസംസ്കൃത ഇന്ധനവില ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിലയില്‍, വാഹന നിര്‍മ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ റബ്ബറിന്‍െറ വിലക്കുറവ്, മോട്ടോ എക്സ്പോ നല്‍കിയ ആവേശം തുടങ്ങി ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ടായിട്ടും വാഹന വിപണിയില്‍ തിരിച്ചടികളുടെ കാലമാണിത്. കൂട്ടിയും കുറച്ചും ഒട്ടും സ്ഥിരതയില്ലാതായ ഇന്ധനവിലയോടൊപ്പം പുതിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ കൂടി വന്നതോടെ എല്ലാവിധ വാഹനങ്ങളുടേയും വിലക്കയറ്റം ഉറപ്പായിരിക്കുന്നു. 2016ലെ ബജറ്റ് സമ്മിശ്ര പ്രതികരണമാണ് വിവിധ മേഖലകളില്‍ ഉണ്ടാക്കിയതെങ്കിലും വാഹന വിപണിയെ സംബന്ധിച്ച് തിരിച്ചടികള്‍ മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. രണ്ടുതരം നികുതികളാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പുതുതായി ചുമത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനെന്ന പേരില്‍ ഒന്നുമുതല്‍ നാല് ശതമാനം വരെ സെസ്സും ഒരു ശതമാനം ആഢംബര നികുതിയുമാണിത്. ചെറുകാര്‍ വിഭാഗത്തിലെ ഓള്‍ട്ടോ ക്വിഡ് ഇയോണ്‍ തുടങ്ങി, ജനപ്രിയ എസ്.യു.വികളായ ഫോര്‍ച്യൂണര്‍, പജേറോ, എക്സ്.യു.വി 5OO തുടങ്ങിയവക്കൊക്കെ വില ഉയരുകയാകും അനന്തിര ഫലം. 10ലക്ഷം രൂപക്ക് മുകളിലെ എല്ലാ വാഹനങ്ങളും ആഢംബര വിഭാഗത്തില്‍ ഉള്‍പ്പെടുമെന്നതും പ്രത്യേകതയാണ്. ഇതോടെ ഒരേ വാഹനങ്ങളുടെ വിവിധ വേരിയന്‍െറുകള്‍ തമ്മില്‍ പതിനായിരങ്ങളുടെ വില വ്യത്യാസമുണ്ടാകും. ഇങ്ങിനെ കൂടാന്‍ പോകുന്നതിലധികവും മിനി, കോമ്പാക്ട് എസ്.യു.വികളായ ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് റെനോ ഡസ്റ്റര്‍ തുടങ്ങിയവക്കാകും.
എഞ്ചിന്‍ സി.സിയും വലുപ്പവുമൊക്കെ ഒരുപോലെയായിട്ടും ഉയര്‍ന്ന വില നല്‍കേണ്ടി വരുമെന്നതാണ് പ്രത്യേകത. ഭാവിയില്‍ ഡീസല്‍ കാറുകളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ളെന്നും ബജറ്റ് സൂചന നല്‍കുന്നു. സി.എന്‍.ജി, എല്‍.പി.ജി എന്നിവക്കും ആനുകൂല്യങ്ങളൊന്നും നല്‍കില്ല. എന്നാല്‍ ഹൈബ്രിഡ് സാങ്കേതികത വികസിപ്പിക്കാന്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാനും തുരുമാനിച്ചിട്ടുണ്ട്. ചെറിയ പെട്രോള്‍ കാറുകള്‍ക്ക് (നീളം നാല് മീറ്റര്‍ വരെ, എഞ്ചിന്‍ 1200സി.സി) ഒരു ശതമാനം സെസ് ആണ് പുതുതായി വരിക. ഡീസല്‍ കാറുകള്‍ക്ക് (നീളം നാല് മീറ്റര്‍ വരെ, എഞ്ചിന്‍ 1500സി.സി) സെസ് 2.5ശതമാനമാണ്. ഇതിനും മുകളിലായാല്‍ നാല് ശതമാനം അധികം കൊടുക്കേണ്ടിവരും. വില ഉയരുന്നതോടെ ആനുപാതികമായി റോഡ് നികുതിയും ഇന്‍ഷുറന്‍സും ഉയരും. ചുരുക്കത്തില്‍ വാഹന സ്വപ്നങ്ങള്‍ക്ക് അധിക വില നല്‍കേണ്ടി വരുമെന്ന് ഉറപ്പാണ്.
ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള ഓള്‍ട്ടോ പോലുള്ള ചെറുകാറുകള്‍ക്ക് 2500 മുതല്‍ 3000 വരെയാണ് വില ഉയരുക. ഗ്രാന്‍ഡ് ഐ 10 പോലുള്ള ചെറു ഡീസല്‍ കാറുകള്‍ക്ക് ഒറ്റയടിക്ക് വര്‍ദ്ധിക്കുക 15000 രൂപയോളമാണ്. ഇതേ വര്‍ദ്ധന തന്നെയാണ് മാരുതി സ്വിഫ്റ്റ്, ഡിസയര്‍, ഹോണ്ട അമേസ് തുടങ്ങിയവക്കും സംഭവിക്കുക. ഹോണ്ട സിറ്റി, ഫോക്സ്വാഗണ്‍ വെന്‍േറാ ഫിയറ്റ് ലീനിയ തുടങ്ങിയവക്ക് 25,000 രൂപവരെ വര്‍ദ്ധിക്കും. മഹീന്ദ്ര എക്സ്.യു.വിക്ക് 60,000 രൂപയാണ് അധികം നല്‍കേണ്ടിവരിക. കാരണം ഇവയുടെ മൊത്തം നികുതി വര്‍ദ്ധന അഞ്ച് ശതമാനമാണ്. ബെന്‍സ്, ഓഡി, ബി.എം.ഡബ്ളു തുടങ്ങി ആഢംബര ബ്രാന്‍ഡുകള്‍ക്ക് ലക്ഷങ്ങളുടെ വില വര്‍ദ്ധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. നികുതിയിളവ് പ്രതീക്ഷിച്ചിരുന്നതിന്‍െറ സ്ഥാനത്ത് വന്ന വര്‍ദ്ധന കനത്ത തിരിച്ചടിയാണെന്ന് ഓഡി ഇന്ത്യയുടെ മേധാവി ജോ കിങ്ങ് പറയുന്നു. മികച്ച സൗകര്യങ്ങള്‍ വില കുറച്ച് നല്‍കുന്ന മഹീന്ദ്ര പോലുള്ള കമ്പനികള്‍ക്ക് ബജറ്റ് തീരുമാനം നിരാശയുണ്ടാക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പവന്‍ ഗോയങ്കയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.