ബ്രെസ ഒരു മൂല്യവര്‍ധിത ഉല്‍പന്നമാണ്
text_fieldsമാരുതി സുസുക്കിയുടെ കോമ്പാക്ട് എസ്.യു.വിയാണ് വിറ്റാര ബ്രെസ. ഒറ്റനോട്ടത്തില്‍ ബ്രെസയൊരു മൂല്യവര്‍ധിത ഉല്‍പന്നമാണ്. 6.99 ലക്ഷത്തില്‍ തുടങ്ങുന്ന വിലയും തെരഞ്ഞെടുക്കാന്‍ നിരവധി വേരിയന്‍െറുകളുമുള്ള വാഹനം. ഈ വിഭാഗത്തിലെ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനവും ഇതുതന്നെ. ഗ്രാന്‍ഡ് വിറ്റാരയെന്ന പഴയ വമ്പന്‍ എസ്.യു.വിയെ പുനരവതരിപ്പിക്കുകയായിരിക്കും സുസുക്കി ചെയ്യുകയെന്നാണ് വാഹനപ്രേമികള്‍ കരുതിയിരുന്നത്. എന്നാല്‍ വിപണിയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കമ്പനി നടത്തിയ പുതിയ ചുവടുവെപ്പാണ് ബ്രെസ.
തല്‍ക്കാലം ഡീസല്‍ മോഡല്‍ മാത്രമാണ് ബ്രെസക്കുള്ളത്. ഓട്ടോമാറ്റിക്, പെട്രോള്‍ മോഡലുകള്‍ പിന്നാലെ വരും. LDi, LDi (O), VDi, VDi (O), ZDi and ZDi+ എന്നിങ്ങനെ ആറ് വേരിയന്‍റുകളുണ്ട്. ഏറ്റവും ഉയര്‍ന്ന ZDi+ന് 10 ലക്ഷത്തിന് മുകളിലാണ് വില. ഇതില്‍ ഇരട്ട നിറം, മാരുതി സ്മാര്‍ട്ട് പ്ളെ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം, ഇരട്ട എയര്‍ബാഗ്, ക്രൂയ്സ് കണ്‍ട്രോള്‍, റിവേഴ്സ് കാമറ,പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, തനിയെ മടങ്ങുന്ന വിങ്ങ് മിററുകള്‍ തുടങ്ങി പ്രത്യേകതകള്‍ ഏറെയാണ്. ഡ്രൈവര്‍ എയര്‍ബാഗ് എല്ലാ വേരിയന്‍െറുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ എയര്‍ബാഗും എ.ബി.എസും ഓപ്ഷണലാണ്. സുസുക്കിയുടെ ഗ്ളോബല്‍ പ്ളാറ്റ്ഫോമിലാണ് ബ്രെസയുടെ നിര്‍മാണം.
നാല് മീറ്ററിന് തൊട്ടുതാഴെ നീളം. മോണോകോക്ക് ബോഡിയും ഫ്രണ്ട്വീല്‍ ഡ്രൈവുമാണ്. മുന്നിലെ വലിയ ക്രോം ബാറോടുകൂടിയ ഗ്രില്ലുകള്‍ ആകര്‍ഷകം. ഉയര്‍ന്ന മോഡലുകളില്‍ പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകളും എല്‍.ഇ.ഡി റണ്ണിങ്ങ് ലൈറ്റുകളുമുണ്ട്. രണ്ടായി തിരിച്ചിരിക്കുന്ന ബമ്പറിന് താഴെ എയര്‍ഡാമുകള്‍, കറുത്ത ഫിനിഷുള്ള ഫോഗ് ലാമ്പ്, സ്കഫ് പ്ളേറ്റുകള്‍ തുടങ്ങി ഏറെ ആകര്‍ഷകമാണ് മുന്‍വശം. പിന്നിലത്തെിയാല്‍ രണ്ടായി വിഭജിച്ചിരിക്കുന്ന ടെയില്‍ ലാമ്പുകള്‍ പേരെഴുതിയ വലിയ ക്രോം പ്ളേറ്റ്, പ്ളാസ്റ്റിക് ക്ളാഡിങ്ങോടുകൂടിയ ബമ്പര്‍ എന്നിവ കാണാം. അതി മനോഹരമല്ളെങ്കിലും ഒട്ടും വിരസമല്ലാത്ത പിന്‍വശമാണ് ബ്രെസക്കെന്ന് പറയാം. 328 ലിറ്റര്‍ ബൂട്ട് അത്യാവശ്യം സ്ഥലമുള്ളത്. പിന്നിലെ സീറ്റുകള്‍ മറിച്ചിട്ടാല്‍ വിശാലമായ സ്ഥലം ലഭിക്കും.
അല്‍പ്പം ഉയര്‍ന്നാണ് ഡ്രൈവര്‍ സീറ്റ്. ഇത് നല്ല മുന്‍ കാഴ്ച നല്‍കും. മൊത്തത്തില്‍ ചതുര വടിവുള്ള ഇന്‍റീരിയറുകളാണ് ബ്രെസക്ക്. മികച്ച ഇന്‍ഫോടൈന്‍മെന്‍െറ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. ബാക്ക് ലൈറ്റിങ്ങോടുകൂടിയ ഇന്‍സ്ട്രുമെന്‍െറ് ക്ളസ്ചര്‍ മനോഹരം. പിന്നിലെ സ്ഥലസൗകര്യം എടുത്തുപറയേണ്ടത്. മൂന്നുപേര്‍ക്ക് സുഖമായിരിക്കാം. പിന്നില്‍ എയര്‍ വെന്‍റുകളില്ല. എന്‍ജിന്‍ പഴയ അതേ ഫിയറ്റ് മള്‍ട്ടിജെറ്റ് തന്നെ. 1248 സി.സി, 1.3 ലിറ്റര്‍, 89 ബി.എച്ച്.പി തുടങ്ങിയ പ്രത്യേകതകള്‍ വാഹന പ്രേമികള്‍ക്ക് സുപരിചിതം. എന്‍ജിന്‍ ഇതായതുകൊണ്ടുതന്നെ മൈലേജ് 24 കിലോമീറ്ററിനടുത്ത് പ്രതീക്ഷിക്കാം. തല്‍ക്കാലം മറ്റൊരു കോമ്പാക്ട് എസ്.യു.വിയും ഇത്രയും മൈലേജ് നല്‍കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.