പ്രതീക്ഷയുടെ സഞ്ചാരങ്ങൾ
text_fieldsനാട്ടിൻപുറത്തെ ഒരു സാധാരണ ഇലക്ട്രീഷ്യനായിരുന്നു ബിജു. എരുമേലി മുക്കൂട്ട്തറ വെൺകുറിഞ്ഞി വീട്ടിൽ കൂലിപ്പണിക്കാരനായ വർക്കിക്കും ക്ലാരമ്മക്കും നാലു പെൺമക്കൾക്കുശേഷമുണ്ടായ ആൺതരി. പ്രീഡിഗ്രി വരെ പഠിച്ചശേഷം ചേച്ചിയുടെ ഭർത്താവിൽനിന്നും ഇലക്ട്രിക്^പ്ലംബിങ് വർക്കുകൾ പഠിച്ച്, വീട്ടിലെ ദാരിദ്ര്യത്തിെൻറ കനലകറ്റാൻ അപ്പനെ സഹായിക്കുന്ന സമയം...കൊട്ടാരക്കരയിലെ ഒരു വീടിെൻറ പ്ലംബിങ് വർക്കുകൾ ഏറ്റെടുത്തു ചെയ്തുകൊണ്ടിരിക്കുന്നു.1997 മാർച്ച് രണ്ട്. നാളെയാണ് നാട്ടിലെ പാലാമ്പടം എസ്റ്റേറ്റിെൻറ പത്തുലക്ഷം ലിറ്റർ ടാങ്കിെൻറ ഉദ്ഘാടനം. അവിടെ ചെറിയൊരു ജോലി കൂടി ബാക്കിയുണ്ട്. ഒരു മണിക്കൂർ മതി തീർക്കാം, ഉദ്ഘാടനമല്ലേ. രാത്രി ഒമ്പതരയോടെ സുഹൃത്ത് അജിയോടൊപ്പം ബൈക്കിൽ എരുമേലിയിലേക്ക്. കൊട്ടാരക്കരക്കടുത്തുള്ള മൈലാം പാലം വളവു തിരുഞ്ഞുവരുന്നു. കൈവരി ഇല്ലാത്ത ആ പാലത്തിൽനിന്ന് രാത്രി പത്തോടെ ബൈക്കിനോടൊപ്പം രണ്ടുപേരും താഴെ റെയിൽവേ ട്രാക്കിലേക്ക് വന്നുവീണു. അജിക്ക് നിയന്ത്രണം വിട്ടതാണ്. ഒരു കുടുംബത്തിെൻറ പ്രതീക്ഷയും സ്വപ്നങ്ങളും ചിതറിയ കരിങ്കൽ ചീളുകൾക്കിടയിൽ രക്തത്തോടൊപ്പം കിനിഞ്ഞിറങ്ങിത്തുടങ്ങി...
തിരുവനന്തപുരം മെഡിക്കൽ കോളജിൽവെച്ച് ഒാർമവരുേമ്പാൾ ഒരു മാസം പിന്നിട്ടിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ഇന്നും ബിജുവിന് അറിയില്ല. ഒന്നു മാത്രം മനസ്സിലായി. തെൻറ ചലനം നിലച്ചിരിക്കുന്നു. അരക്ക് താെഴ നെട്ടല്ലിൽ സ്റ്റീൽപ്ലേറ്റ് പിടിപ്പിച്ചു. തലക്ക് മാത്രം നാൽപ്പത്തെട്ട് തുന്നൽ, വീണ്ടും വീണ്ടും ഒാപറേഷനുകൾ, മലമൂത്ര വിസർജനത്തിനായി ട്യൂബുകൾ, സ്വന്തം അവയവം പോലെ ഇന്നും കൂടെ കൊണ്ടുനടക്കുന്ന ട്യൂബുകൾ. എൺപതു ശതമാനം വികലാംഗനാണെന്ന സർട്ടിഫിക്കറ്റ്. ലക്ഷങ്ങളുടെ ചികിത്സാ ബാധ്യതകൾക്കൊപ്പം ചേർത്തുപിടിച്ച് മൂന്നുമാസത്തിനുശേഷം നാലാളുടെ സഹായത്തോടെ ചെറിയ മുറിക്കുള്ളിലേക്ക്. അഞ്ചു സഹോദരിമാർക്കും അപ്പനമ്മമാർക്കും ഒപ്പം ഒന്നും പ്രതീക്ഷിക്കാനില്ലാതെ അരക്ക് താഴെ ചലനമറ്റ ഇൗ അർധജഡമാണ് താനെന്ന് ബോധ്യപ്പെട്ട ദിനങ്ങൾ.മെഡിക്കൽ കോളജിലെ ന്യൂറോ സർജൻ ഡോ. മാർത്താണ്ഡൻ പിള്ളയുടെ ചികിത്സയോടൊപ്പം ഒരു വീൽചെയർ കൂടി സംഘടിപ്പിച്ചു. സുഹൃത്തുക്കൾ ശക്തി പകർന്നു. വീട്ടിലെ മുറിയിലെ കിടപ്പിൽ വിരസതയുടെ ദിനങ്ങൾ, നിരാശയുടെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ട ദിനരാത്രങ്ങൾ. കണ്ണീരുണങ്ങാത്ത നുറുങ്ങുന്ന വേദനയുടെ മൂന്ന് വർഷങ്ങൾ കടന്നുപോയി.
ആത്മവിശ്വാസത്തിെൻറ
അവതാരകൻ
ഒരു ദിവസം ഇലക്ട്രിക്കൽ കട നടത്തുന്ന രാരിച്ചൻ ചോദിച്ചു: ‘തനിക്ക് ഇലക്ട്രിക് ചോക്ക് ഉണ്ടാക്കാനറിയുമോ’ എന്ന്. ‘നല്ല ഡിമാൻഡുള്ള സമയമാണ്. എെൻറ കടയിൽ വിൽപനക്ക് വെക്കാം. ശ്രമിച്ചുനോക്കുന്നോ...’ ചതുപ്പിൽ ആണ്ടുപോകുന്നവന് നേരെ ദൈവം നീട്ടിയ ആദ്യത്തെ പിടിവള്ളി ആയിരുന്നു ആ ചോദ്യം. സുഹൃത്തുക്കൾ കിടക്കയിൽ ചാരിയിരുത്തി. മടിയിൽ ഒരു പ്ലൈവുഡ് കഷണം പരത്തിവെച്ചു. റൈറ്റിങ് പാഡ് പോലെ. ബിജുവിലെ ഇലക്ട്രിഷ്യൻ കർമനിരതനാവുകയായിരുന്നു. ഇലക്ട്രോണിക് ചോക്കിന് വലിയ ആവശ്യക്കാരുണ്ടായി. വോൾേട്ടജ് ക്ഷാമമുള്ള ചെറുഗ്രാമങ്ങളിൽ ബിജുവിെൻറ ചോക്ക് വെളിച്ചം വിതറിത്തുടങ്ങി. മരുന്നിന് സ്വന്തമായി പൈസ കിട്ടിത്തുടങ്ങി. ചോക്കിെൻറ കൂടെ ഒരു സ്റ്റെബിലൈസറും രൂപകൽപന ചെയ്തു നോക്കി. ശരിയാവുന്നു. സുഹൃത്തുക്കളോെടാപ്പം കോട്ടയത്തും കാഞ്ഞിരപ്പള്ളിയിലും പോയി തുടങ്ങി. കാർ വാടകക്കെടുക്കുന്നു. സുഹൃത്തുക്കൾ വാരിയെടുത്ത് കാറിൽവെച്ചു കൊണ്ടു നടക്കുന്നു. ലിജോ, ജോയി, രാരിച്ചൻ ഇൗ ചങ്ങാതികളെ എങ്ങനെ മറക്കും.
2004 തുടക്കത്തിലാണ്. കിടപ്പുമുറിയിലെ ശൂന്യത അകറ്റാൻ സുഹൃത്തുക്കൾ കൊണ്ടുവെച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വി.യിൽ കണ്ണുംനട്ട് കിടക്കുന്നതാണ് പതിവ്. നാഷനൽ ജ്യോഗ്രഫി ചാനൽ അമേരിക്കൻ പ്രസിഡൻറിെൻറ വിമാനമായ എയർഫോഴ്സ് വൺ കാണിക്കുകയാണ്. അതിെൻറ സവിശേഷതകൾ. രണ്ടു പൈലറ്റുമാർക്കും വലിയ പണിയൊന്നുമില്ല എന്നാണ് ആദ്യം തോന്നിയത്. കൈകൊണ്ടുപ്രവർത്തിപ്പിക്കാവുന്ന ചെറിയൊരു ലിവറിലാണ് വിമാനം പൊങ്ങുന്നതും പറക്കുന്നതും. താഴുന്നതും. പൈലറ്റുമാർക്ക് കാലുെകാണ്ട് പണിയൊന്നുമില്ല! തലയിലുദിച്ച വെളിപാടിെൻറ രണ്ടാംഘട്ടം. ഇത്രയും വലിയ വിമാനം കാലിെൻറ സഹായമില്ലാതെ കൈകൊണ്ട് നിയന്ത്രിക്കാമെങ്കിൽ എന്തുകൊണ്ട് നിരത്തിലോടുന്ന ഒരു കാർ കൈകൊണ്ടു നിയന്ത്രിച്ചുകൂടാ. സംശയമാണ്. ആരോടും േചാദിക്കാനില്ല. ആരോടും ഒന്നും പറഞ്ഞുമില്ല. ശ്രമം തുടങ്ങി. ഒരു അലൂമിനിയം ഷീറ്റ് സംഘടിപ്പിച്ചു നെഞ്ചിലെ പാഡിൽവെച്ച് അതിൽ മനസ്സിലെ രൂപരേഖ വരക്കാൻ തുടങ്ങി. ഉള്ളിലെ പ്ലാനുകൾ പൂർത്തിയായി വരുേമ്പാഴാണ് അപകടത്തിെൻറ ഇൻഷൂർ തുക രണ്ടുലക്ഷം രൂപ കിട്ടുന്നത്. എന്തുചെയ്യണം എന്നാലോചിക്കാൻ നിമിഷം വേണ്ടിവന്നില്ല. കാറു വാങ്ങി. മനസ്സിലെ െഎഡിയ ആരോടെങ്കിലും പറയാൻ പറ്റുമോ. ഇൗ കാർ താൻ ഒാടിക്കാൻ പോകുന്നു. ആരെങ്കിലും വിശ്വസിക്കുമോ?
ഉണ്ടാക്കിയെടുത്ത അലൂമിനിയം ഷീറ്റിലെ പ്ലാനുമായി അടുത്ത വർക്ക്േഷാപ്പുകളിൽ കയറിയിറങ്ങി. ബിജു പറഞ്ഞപോലെ അവർ ചെയ്തുകൊടുത്തു. തങ്ങൾ എന്താണ് ചെയ്തത് എന്ന് അവർക്കറിയില്ല. ബിജുവിനും അതുമതി. ഭ്രാന്തൻ ആശയങ്ങൾ തുടക്കത്തിൽ ഇങ്ങനെ തന്നെ ആകണമല്ലോ. കാറിെൻറ ഗിയർ നോബ് ഇളക്കി മാറ്റി താനുണ്ടാക്കിയ കേബിളുകൾ ബ്രേക്കിലേക്കും ആക്സിലറേറ്റർ, ക്ലച്ച് എന്നിവിടങ്ങളിലേക്കും കൊണ്ടുപോയി. പ്രത്യേക തരത്തിൽ പിടിപ്പിച്ചു. ഫിറ്റിങ് കഴിഞ്ഞു. വണ്ടി ആരു ഒാടിച്ചുനോക്കും. ആർക്കും ധൈര്യമില്ല. ആരും മുന്നോട്ടുവരുന്നുമില്ല.
‘‘ഡ്രൈവിങ് സീറ്റിലൊന്നു ഇരുത്തിത്തരൂ’’ ബിജുവിനെ വാരിയെടുത്തു കൂട്ടുകാർ ഡ്രൈവിങ് സീറ്റിലിരുത്തിക്കൊടുത്തു മാറിനിന്നു. ബിജു ആത്മവിശ്വാസത്തോടെ സീറ്റിലിരുന്നു സ്റ്റിയറിങ് പിടിച്ചു പുറത്തേക്ക് നോക്കി. തൂങ്ങി ആടുന്ന കാലുകൾ താഴെ ബ്രേക്കിനെയും ആക്സിലറേറ്ററിനെയും ഒന്നും ചെയ്യാനാവാതെ തൊട്ടുരുമ്മിക്കിടന്നു. വലതു കൈ സ്റ്റിയറിങ്ങിൽ. ഇടതുകൈ പുതിയതായി താൻ ഉണ്ടാക്കിയ ഗിയർ സിസ്റ്റത്തിൽ അമർത്തിപ്പിടിച്ചു. സ്റ്റാർട്ടാക്കി. ടൈപ്പ്റൈറ്ററിലെ വിരലുകളെന്നപോലെ ഇടതു കൈയുടെ വിരലുകൾ ചലിച്ചു. വാഗൺആറിെൻറ യന്ത്രങ്ങൾ ബിജുവിെൻറ മനസ്സിനൊപ്പം സഞ്ചരിക്കാൻ തയാറായി കഴിഞ്ഞിരുന്നു. ഉറച്ച തീരുമാനങ്ങളും നിശ്ചയദാർഢ്യമുള്ള മനസ്സും അവശതകളെ മറികടന്ന് മുന്നോട്ടു കുതിച്ചു. വർക്ക്ഷോപ്പിൽനിന്നെടുത്ത കാർ കയറ്റിറക്കങ്ങൾ ഏറെയുള്ള എരുമേലി റോഡിലൂടെ നീങ്ങി. ഒരു സന്ദേഹവുമില്ലാതെ അതിെൻറ ഡ്രൈവർ. കുത്തനെ ഇറക്കം കഴിഞ്ഞുള്ള സ്വന്തം വീട്ടുമുറ്റത്തു വണ്ടി കൊണ്ടുവന്നു സൈഡാക്കി ഒാഫ് ചെയ്തു. ഡ്രൈവു ചെയ്തു വന്നിറങ്ങിയ ബിജുവിനെ കണ്ട് അപ്പനമ്മമാരുടെ കണ്ണു നിറഞ്ഞു.
പിറ്റേദിവസം വീൽചെയർ സ്വയം തള്ളി നീക്കി കാറിനടുത്തേക്ക് വന്നു. ഡ്രൈവർ സീറ്റിെൻറ ഡോർ തുറന്ന് കൈകൊണ്ട് പിടിച്ചു തൂങ്ങി സീറ്റിലേക്ക് ചരിഞ്ഞിരുന്നു. കീ കൊടുത്തു സ്റ്റാർട്ടാക്കി. പിന്നെ മുന്നോട്ട് വീട്ടിൽനിന്നും മുപ്പതു കിലോമീറ്റർ ദൂരമുള്ള പമ്പയിലേക്ക്. മുക്കൂട്ട് തറക്കാർ കൺമിഴിച്ച് നോക്കി നിന്നു. നമ്മുടെ ബിജു തന്നെയാണോ കാറോടിച്ചുേപായത്?
2007 ആയപ്പോഴേക്കും ഗിയർ ലിവർ കുറെ കൂടി പരിഷ്കരിച്ച് എളുപ്പമുള്ളതാക്കി. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഒാടിക്കാവുന്ന കാർ എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേർന്നപ്പോൾ മറ്റൊരു നേട്ടം കൂടി സ്വന്തമായി. വിവാഹം. സുഖമില്ലാതെ നാട്ടിലെ ആശുപത്രിയിൽ കിടന്നപ്പോൾ അവിടെ ലാബ് ടെക്നീഷ്യയായിരുന്ന ഇൗരാറ്റുപേട്ട തടിയ്ക്കാപറമ്പിൽ ജൂബി ബിജുവിെൻറ ജീവിത സഖിയായി. ഒപ്പം ബിജുവിെൻറ കണ്ടുപിടിത്തം രണ്ടായിരത്തി മൂന്നൂറ് എൻട്രികളിൽനിന്ന് ബെസ്റ്റ് ഇൻവെൻറർ ഒാഫ് ഇന്ത്യ അവാർഡിനു അർഹമായതായ അറിയിപ്പും വന്നു. 2007 ഫെബ്രുവരി 10ന് നാഷനൽ ഇന്നൊവേഷൻ ഫൗണ്ടേഷെൻറ അവാർഡുദാന സമ്മേളനം. ഡൽഹിയിൽ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിൽനിന്ന് ബിജു ഏറ്റുവാങ്ങി. പ്രോേട്ടാകോൾ മാറ്റിവെച്ച് സ്റ്റേജിൽനിന്ന് ഒാഡിറ്റോറിയത്തിലേക്ക് ഇറങ്ങി വന്നാണ് ബിജുവിനെ രാഷ്ട്രപതി സ്വീകരിച്ചത്. എെൻറ േതാളിൽതട്ടി അദ്ദേഹം പറഞ്ഞു: ‘‘മലയാളത്തിൽ പറഞ്ഞോളൂ. എനിക്ക് മനസ്സിലാവും. ഞാൻ കുറെകാലം തിരുവനന്തപുരത്തുണ്ടായിരുന്നു...’ പിന്നീടദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു ‘‘യുവാക്കളാണ് രാജ്യത്തിെൻറ പ്രതീക്ഷകൾ. എെൻറ മുന്നിലിരിക്കുന്ന ഇൗ ബിജുവിനെപ്പോലെ പ്രത്യാശ കൈവിടാതെ നിരന്തരം പരിശ്രമിക്കുക. വിജയം നിങ്ങൾക്കുള്ളതാണ്’’
തിരിഞ്ഞുകൊത്തിയ നിയമങ്ങൾ
ആ ഉപകരണം മൊബിലിറ്റി നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷ ഉളവാക്കി എന്നെനിക്ക് തോന്നി. ആവശ്യക്കാർ എത്തിത്തുടങ്ങി. പക്ഷേ, അരക്ക് താഴെ ചലനമറ്റവർക്ക്, പോളിയോ ബാധിതർക്ക്. അപകടത്തിൽ അരക്ക് താഴെ കുഴഞ്ഞുപോയവർക്ക്. ഇവർക്കൊന്നും വാഹനം ഒാടിക്കാനുള്ള ലൈസൻസ് നൽകാനാവില്ല എന്നായിരുന്നു നമ്മുടെ ആർ.ടി.ഒ നിയമങ്ങൾ. മാത്രമല്ല, അപകടത്തിൽപ്പെട്ടാൽ ഇങ്ങനെയുള്ളവർക്കൊന്നും ഇൻഷൂർ ക്ലെയിമിനും അർഹതയില്ലെന്ന് ഞെട്ടലോടെ ഞാൻ മനസ്സിലാക്കി. പത്തനംതിട്ട ആർ.ടി.ഒ ഉദ്യോഗസ്ഥർ വീട്ടിൽ വന്നു. നേരിൽ കണ്ടു കാര്യങ്ങൾ ബോധ്യപ്പെട്ടു. വാഹനം ഒാടിച്ചു നോക്കി അവർ അദ്ഭുതപ്പെട്ടു. വളരെ നല്ല റിപ്പോർട്ടും നൽകി. എന്നിട്ടും കാര്യമുണ്ടായില്ല. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻറണിയെ നേരിൽ കണ്ട് പലതവണ അപേക്ഷ കൊടുത്തു. അന്നത്തെ ട്രാൻസ്പോർട്ട് കമീഷണറായിരുന്ന ടി.പി. സെൻകുമാറിനെ ചെന്നു കണ്ടു കാര്യങ്ങൾ അവതരിപ്പിച്ചു. സങ്കടങ്ങൾ പറഞ്ഞു. വകുപ്പു ഇൗ പരാതി തള്ളിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരുകാര്യം കൂടി പറഞ്ഞു തന്നു. ‘ഇന്ത്യയിൽ വാഹനങ്ങളിൽ ഇത്തരം ഉപകരണങ്ങൾ ഘടിപ്പിച്ചാൽ അതിന് അംഗീകാരം നൽകണമോ എന്ന് തീരുമാനിക്കേണ്ടത് എ.ആർ.എ.െഎ (ഒാേട്ടാ മോട്ടീവ് റിസർച്ച് അസോസിയേഷൻ ഒാഫ് ഇന്ത്യ) ആണ്. പുനെയിലാണ് ഇതിെൻറ ആസ്ഥാനം.
അവർക്ക് അപേക്ഷ കൊടുക്കാനുള്ള എല്ലാ പേപ്പറും അദ്ദേഹം ശരിയാക്കി നൽകി. അപേക്ഷ കൊടുത്തു കാത്തിരിപ്പായി. ഒരു മാസത്തിനുള്ളിൽ അവർ വിളിച്ചു. ഇങ്ങോട്ടു വരുക.
പോകാനുള്ള ദിവസങ്ങൾ അടുത്തു വന്നു. ഒരു സ്വിഫ്റ്റ് കാർ വാങ്ങി. അതിലും തെൻറ യന്ത്രം ഫിറ്റ് ചെയ്തു. തിരുവനന്തപുരത്തും കോഴിക്കോട്ടും പോയി വന്നു. ട്രെയിനിൽ പുനെക്ക് പോയാൽ മതിയെന്നും കാറ് മറ്റാരെങ്കിലും അവിടെ എത്തിച്ചാൽ മതിയെന്നും നിർദേശങ്ങൾ വന്നു. ‘‘എന്തിന്? ഞാൻ കണ്ടുപിടിച്ച ഉപകരണത്തെ എനിക്ക് വിശ്വാസമുണ്ടല്ലോ’’. സ്വന്തം കാറിൽ സ്വന്തമായി ഒാടിച്ചുപോയി. എ.ആർ.എ.െഎയിലെ എൻജിനീയർമാർ അദ്ഭുതത്തോടെയാണ് എന്നെ വരവേറ്റത്. എല്ലാ വിധ ഡ്രൈവിങ് ടെസ്റ്റുകളും അവർ ചെയ്യിച്ചു. കുത്തിറക്കത്തിലും കയറ്റത്തിലും പെെട്ടന്നു കാർ നിർത്തുക. ഒരിഞ്ചു പിന്നോട്ട് പോകാതെ വണ്ടി മുന്നോെട്ടടുക്കുക. നൂറു ശതമാനം പെർെഫക്ട് ആണെന്ന് അവർക്ക് ബോധ്യമായി. അവരതു സാക്ഷ്യപ്പെടുത്തി ഫിറ്റ്നസ് ചെയ്തു. ഇന്ത്യയിലെവിടെയും ഫോർ വീലറിൽ ഇൗ യന്ത്രം ഫിറ്റ് ചെയ്ത് ആർക്കും ലൈസൻസ് എടുക്കാൻ അംഗീകാരമായി. ഇതിെൻറ പേറ്റൻറും ബിജുവിെൻറ പേരിൽ സർട്ടിഫൈ ചെയ്തുതന്നു. ഹുണ്ടായ്, മാരുതി അടക്കം ലോകത്തിലെ പതിനാലു കമ്പനികളുടെ എൺപതോളം മോഡൽ വാഹനങ്ങളിൽ ബിജുവിെൻറ ഇൗ യന്ത്രത്തിന് ഇന്ന് അനുമതി ഉണ്ട്. അപകടങ്ങൾക്ക് സാധാരണക്കാർക്കെന്നപോലെ ഇൻഷൂർ െക്ലയിമിന് നിയമഭേദഗതി വന്നു. 1500 ഒാളം കാറുകളിൽ അംഗ പരിമിതർ ഇന്നീ യന്ത്രം ഫിറ്റ് ചെയ്ത് ലൈസൻസ് എടുത്തു കഴിഞ്ഞു.
ബംഗളൂരുവിൽ നടന്ന അന്തർദേശീയ വാഹന സെമിനാറിൽ വോൾവോയുടെ ക്ഷണിതാവായി ബിജു പെങ്കടുത്തു. സ്വീഡൻ അംബാസഡർ ഹെറാൾഡ് ഡാൻസ് ബർഗു ഒരു അദ്ഭുത മനുഷ്യനെന്നാണ് ബിജുവിനെ വിശേഷിപ്പിച്ചത്. നാൽപതു ടൺ വലിക്കുന്ന ലോറിയിൽ ഇത് ഫിറ്റ് ചെയ്യാം. വോൾവോയിലോ കരിങ്കൽ കയറ്റുന്ന ടിപ്പറിലോ നമ്മുടെ ട്രാൻസ്പോർട്ട് ബസിലോ ഇൗ യന്ത്രം വെക്കാം. രാഷ്ട്രപതിയിൽനിന്ന് രണ്ടാമതൊരു അവാർഡു കൂടി ബിജുവിനെ തേടിയെത്തി. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽനിന്ന് പ്രതിഭ പാട്ടിൽ 2013 ഡിസംബർ മൂന്നിന് ബിജുവിനതു സമ്മാനിച്ചു. സി.എൻ.എൻ ചാനലിെൻറ ഇന്ത്യ പോസിറ്റീവ് അവാർഡ്. 2012ൽ ഡൽഹി കാവിൻ കെയർ എബിലിറ്റി ഫൗണ്ടേഷൻ അവാർഡ്, അഗാപേ ചിക്കാഗോ സോഷ്യൽ സർവിസ് അവാർഡ് അടക്കം അന്തർദേശീയ അവാർഡുകൾ അഞ്ചെണ്ണം നേടിക്കഴിഞ്ഞു. വെറുതെ ഇരിക്കുന്നില്ല ബിജു. ജൈവ കൃഷിയിലാണ് താൽപര്യം. വീട്ടിലെ ഉപയോഗത്തിന് സ്വന്തമായി കൃഷിയുണ്ട്. വീൽ ചെയറിലിരുന്ന് വിറകുവെട്ടും. കൈക്കോട്ടുകൊണ്ട് വാക്ക് തടങ്ങൾ തീർക്കും. ഇതുകൊെണ്ടാക്കെ ആകാം കാലിന് രക്്തപ്രവാഹം ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. കാലുകൾ ഇളക്കാം എന്നായിട്ടുണ്ട്. മരുന്നു പിന്തുണയാണ് പക്ഷേ, മനസ്സാണ് ചികിത്സ.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.