ഉയരം കൂടും തോറും ഉശിര് കൂടുന്ന ഡബ്യു.ആർ.വി
text_fieldsകോട്ടയത്തിെൻറ മച്ചിനു മുകളിൽ ഫിറ്റ്ചെയ്ത എ.സിയാണ് വാഗമൺ. അടിവാരത്തുള്ള അച്ചായന്മാരുടെ റബർ പുകപ്പുരയിലെ പുകച്ചുരുളുകളെക്കാൾ കട്ടിയിൽ മൂടൽമഞ്ഞ് നിറയുന്ന സ്ഥലം. ഇൗരാറ്റുപേട്ടയിൽനിന്ന് പുറപ്പെട്ട് തീക്കോയിയിലെത്തിയാലും തലക്കു മുകളിൽ ഇങ്ങനെയൊരു ലോകമുണ്ടെന്നതിെൻറ സൂചനപോലും കിട്ടില്ല. ചെറുതായി തുടങ്ങുന്ന കയറ്റം കയറി വെള്ളികുളം കഴിയുേമ്പാൾ കാഴ്ചയുടെ ആട്ടിൻസൂപ്പ് കിട്ടിത്തുടങ്ങും. വെറും സ്റ്റാർട്ടർ ആണ്, ആക്രാന്തംമൂത്ത് എല്ലാം വലിച്ച് കണ്ണിൽ കയറ്റണ്ട. ബിരിയാണിയും കുഴിമന്തിയും പാൽപായസവും ഇഞ്ചിമിഠായിയുംപോലെ കാഴ്ചകൾ വരാൻ കിടക്കുന്നതേയുള്ളൂ. മണ്ണ് കുതിരുന്ന മൺസൂണിൽ മലകയറണം. അപ്പോൾ വല്ലാത്തൊരു പച്ചപ്പായിരിക്കും മലകൾക്ക്. കണ്ടറിയാൻ മാത്രമല്ല കൊണ്ടറിയാനുള്ളതും അവിടെയുണ്ടാവും.
കഴിയുമെങ്കിൽ സെൻറ് തോമസ് ഡേയിൽതന്നെ പോകണം. ക്രൈസ്തവർ ദുക്റാനയെന്നും വിളിക്കും. ‘തോറാനക്ക് ആറാന തോടേ പോയി’ എന്ന് പറയിക്കുന്നതരം തോരാമഴയുടെ ദിവസം. അന്നും അതുപോലുള്ള ദിവസങ്ങളിലും വാഗമണിലെ വെറും തണുപ്പ് കൊടും തണുപ്പാകും. അപ്പോൾ മലമുകളിൽ മഴ നനഞ്ഞുനിന്ന് െഎസ്ക്രീം തിന്നണം. തലേന്ന് രാത്രി തുടങ്ങിയ മഴ റോഡുവരെ തോടാക്കിയ കഴിഞ്ഞ സെൻറ് തോമസ് ഡേയിൽ വാഗമണിലേക്ക് കൂട്ടുവന്നത് ഹോണ്ടയുടെ ഡബ്ല്യു.ആർ.വിയാണ്. വെള്ളം കുത്തിയൊഴുകി തകർന്ന റോഡിലും നനഞ്ഞ പുല്ലിനു മുകളിലും റിസോർട്ടുകളിലേക്ക് വെട്ടിയ ചെങ്കുത്തായ മൺവഴികളിലുമൊക്കെ സാധാരണക്കാർക്ക് വിശ്വസിച്ചു കൂടെ കൊണ്ടുപോകാൻ ഇതുപോലെ അധികം വണ്ടികളില്ല. ഏലപ്പാറയിൽനിന്ന് ഇറക്കമിറങ്ങി എതിരെവരുന്ന വലിയവണ്ടികളുടെ ബ്രേക്ലൈനർ കരിഞ്ഞ മണത്തിൽ മനംമടുത്ത് മാവടിയിലെത്തുേമ്പാൾ ആരോ വന്ന് ചെവി അടച്ചുപിടിക്കും. ഇവിടം മുതൽ സഹയാത്രികരോട് പറയാനൊന്നുമില്ല. കാണാൻ മാത്രമേയുള്ളൂ. അതുകൊണ്ട് ചെവിയുണ്ടായിട്ടും കാര്യമൊന്നുമില്ല. പക്ഷേ, കണ്ണിെൻറ സൈസ് ഡബിളാക്കിക്കോണം. എന്നുകരുതി തലപുറത്തിട്ട് അന്തംവിട്ടിരിക്കരുത്. ഫ്രീക്കന്മാർ സംസ്ഥാന സമ്മേളനം കഴിഞ്ഞ് വരുന്ന വഴിയാണ്. കാറ്റുപോലെ വരുന്ന വണ്ടികളിലെങ്ങാനും മുട്ടിയാൽ ഉടൽ അടിവാരത്തും തലതീക്കോയിയിലും കിടക്കും.
കണ്ണഞ്ചിപ്പിക്കും കാരിയാട്
മലയുടെയരികിൽ പാറെക്കട്ട് അരിഞ്ഞിറക്കിയ വഴിയിലേക്ക് കടക്കുേമ്പാൾ അങ്ങകലെ കാണാം കാരിയാട് ടോപ്. കൊക്കയിലേക്ക് തള്ളിനിൽക്കുന്ന മലയുടെ അരികാണ് സംഗതി. അവിടെ നിന്നാൽ സ്വർഗം കാണാമെന്നു തോന്നും. പക്ഷേ, കാൽ വഴുതി താഴെപ്പോയാൽ നരകവും കാണേണ്ടിവരും. അപകടമൊഴിവാക്കി കാഴ്ചകാണാനുള്ള വിശ്രമകേന്ദ്രത്തിെൻറ നിർമാണം പാതിവഴിയായിേട്ടയുള്ളൂ. പൂർത്തിയായാൽ ടൈറ്റാനിക് സിനിമയിൽ കപ്പലിെൻറ വക്കിൽ ജാക്കും റോസും കാറ്റുെകാണ്ട് നിന്നപോലെ നിൽക്കാം. താഴെ തിരമാല ഉറഞ്ഞുപോയപോലെ മലനിരകൾ. അകലെ ചെറിയ റോഡിലൂടെ വരുന്ന വലിയ വാഹനങ്ങൾ കണ്ടാൽ ഭിത്തിയിലൂടെ ഉറുമ്പിറങ്ങി വരുന്നപോലെ തോന്നും. കോരിച്ചൊരിയുന്ന മഴയിൽ കാരിയാട് ടോപ്പിലെത്തുേമ്പാൾ പെട്ടിയോേട്ടായിൽ കാനോപ്പിയും ഫിറ്റ് ചെയ്ത് പതിവുപോലെ തീക്കോയിക്കാരൻ ജോസുചേട്ടൻ ഇരിപ്പുണ്ട്. അഞ്ചു വർഷമായി ഇവിടെ െഎസ്ക്രീം വിൽപനയാണ് ജോലി. രാവിലെ എട്ടു മണിക്ക് ജോസുചേട്ടൻ എത്തും. അപ്പോഴും ആവശ്യക്കാരുണ്ടാവും. ഇതുപോലെ പത്തു കച്ചവടക്കാരാണ് ഇവിടെ മാത്രം െഎസ്ക്രീം വിൽക്കുന്നത്. ബംഗളൂരുവിൽനിന്നും മറ്റും വന്ന കാഴ്ചക്കാർ രണ്ടു കൈകളിലും കോൺ െഎസ്ക്രീം പിടിച്ച് ആസ്വദിച്ച് തിന്നുന്നു. ഉഷ്ണം ഉഷ്ണേന ശാന്തി എന്നുപറയുേമ്പാലെ ശൈത്യം െഎസേന ശാന്തിയെന്നോ മറ്റോ ഉേണ്ടാ ആവോ?
മറക്കരുത് മീനച്ചിലാറിനെ
1939ലാണ് ഈരാറ്റുപേട്ടയിൽനിന്ന് തീക്കോയിയിലേക്ക് റോഡുവെട്ടിയത്. നദികൾക്ക് സമാന്തരമായി ഉണ്ടായിരുന്ന നടപ്പാതകൾ തെളിച്ച് വഴിയൊരുക്കുകയായിരുന്നു. മീനച്ചിലാറായി ഒഴുകാൻ ഇൗരാറ്റുപേട്ടക്ക് ഇറങ്ങുന്ന നീർച്ചാലിെൻറ അരികുപറ്റിയാണ് ഇപ്പോഴും യാത്ര. സമുദ്രനിരപ്പിൽനിന്ന് 1097 മീറ്റർ ഉയരത്തിലാണ് മീനച്ചിലാർ ഉത്ഭവിക്കുന്നത്. ഇല്ലിക്കൽ മലയിൽനിന്ന് തുടങ്ങുന്ന തീക്കോയി ആറെന്ന വടക്കനാറും പൂഞ്ഞാർ കുടമുരുട്ടി മലയിൽനിന്ന് ഉത്ഭവിക്കുന്ന ‘പൂഞ്ഞാർ’ എന്ന തെക്കനാറും ഇൗരാറ്റുപേട്ടയിൽ സംഗമിക്കുേമ്പാൾ മീനച്ചിലാർ മുളക്കും. വാഗമണിലേക്കുള്ള യാത്രയിലുടനീളം ചെറിയ നീർച്ചാലുകൾ കാണാം. ദൂരെ മലമടക്കുകളിലും തൊട്ടടുത്ത് റോഡരികിലെ പാറക്കെട്ടിലും പല വലുപ്പത്തിൽ അവയുണ്ടാവും. ഇതെല്ലാം മീനച്ചിലാറിെൻറ ഞരമ്പുകളാണ്. ഭാരതപ്പുഴപോലെയോ പെരിയാർ പോലെയോ ഒരു നെടുങ്കൻ പുഴയൊന്നുമല്ല മീനച്ചിലാർ. മഴക്കാലത്തെ ഏതാനും ദിവസം മാറ്റിനിർത്തിയാൽ ദാരിദ്ര്യരേഖക്കു താഴെ കഴിയുന്ന ഒരു പച്ചപ്പാവമാണത്. വനത്തിൽനിന്ന് ഉത്ഭവിക്കുന്ന മറ്റു നദികളിൽനിന്ന് ഭിന്നമായി വാഗമൺ മലനിരകളിലെ പുൽമേടുകളെ ആശ്രയിച്ചാണ് മീനച്ചിലാറിനെ നിലനിൽപ്. സ്പോഞ്ചിലെന്നവണ്ണം ജലം സംഭരിച്ച് അൽപാൽപമായി താഴേക്കൊഴുക്കികൊണ്ടിരിക്കുകയാണ് ഈ പുൽമേടുകൾ. അടിസ്ഥാന വനമേഖലയില്ലെന്ന കുറവ് അറിയിക്കാതെ മീനച്ചിലാറിനെ വളർത്തുന്ന ഈ പുൽമേടുകളുടെ ചരമദിനത്തിെൻറ പിറ്റേന്നാവും മീനച്ചിലാറിെൻറ പരിപൂർണ അന്ത്യം. വാഗമണിൽ ചെന്ന് ഒാരോ അടിയും മുന്നോട്ടുവെക്കുേമ്പാൾ ഇൗ കാര്യം ഒാർക്കണം. കാഴ്ചകൾ കണ്ട് ഒരു പോറൽപോലും ഏൽപിക്കാതെ തിരിച്ചുപോരേണ്ടയിടമാണ് എന്നത്.
20 വർഷത്തിൽ ഒരിക്കൽ വെട്ടിമാറ്റുന്ന പൈൻമരത്തിെൻറ പൾപ്പ് ഉപയോഗിച്ചാണ് കറൻസി അച്ചടിക്കാനുള്ള പേപ്പർ നിർമിക്കുന്നത്. ഇപ്പോൾ നമ്മൾ തൊട്ടുരുമ്മിവിടുന്ന മരങ്ങൾ ഭാവിയിൽ രണ്ടായിരം രൂപ നോട്ടായി പോക്കറ്റിൽ കിടക്കുമെന്ന് ചുരുക്കം. രണ്ടും സുഖമുള്ള ഏർപ്പാടുതന്നെ. ഭൂമി ചതുരത്തിലുള്ളതാണെന്ന് വിശ്വസിക്കണമെങ്കിൽ കോലാഹലമേട്ടിലെ ആത്മഹത്യമുനമ്പിൽ പോയി നിന്നാൽ മതി. മനംമയക്കുന്ന കാഴ്ചകൾ കാണാനും മനസ്സുമടുത്ത് മരിക്കാനും മനുഷ്യർ ഉപയോഗിക്കുന്ന സ്ഥലമാണ്. കുഴികളും ഉരുളൻകല്ലുകളും നിറഞ്ഞ വഴിയിലൂടെ പോകുേമ്പാൾ മരിക്കാനുള്ള തീരുമാനം മാറ്റിയവരും ഉണ്ടാവാം. വഴി അവസാനിക്കുന്നിടത്ത് അങ്ങ് താഴെ ഏന്തയാർ ഗ്രാമം. കാലൊന്ന് വഴുതിയാൽ മനസ്സൊന്ന് പതറിയാൽ പത്തു മിനിറ്റെങ്കിലും അന്തരീക്ഷത്തിലൂടെ പറന്നിേട്ട നിലംതൊടൂ. സകലപാപങ്ങളും ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കാൻ സമയം കിട്ടും. ഇതിനടുത്താണ് വിഖ്യാതമായ വാഗമൺ പാരാഗ്ലൈഡിങ് നടക്കുന്നത്. കാറ്റാണ് ഇവിടെ താരം. പാലൊഴുകും പാറയിലേക്കുള്ള യാത്രയിൽ ഡബ്ല്യു.ആർ.വിയുടെ തനിസ്വരൂപം കണ്ടു. കുത്തിറക്കത്തിൽ അസാമാന്യ കരുതൽ. വളവുകൾ തിരിയുേമ്പാഴും അനുസരണക്കേട് കാട്ടുന്നില്ല.
കയറ്റത്തിൽ മടുപ്പില്ലാത്ത പാച്ചിൽ. ‘സിങ്ക’വും ‘ഇയ്യോബിെൻറ പുസ്തക’വും ഷൂട്ട് ചെയ്ത, ഇടനാഴിപോലെ നിർമിച്ച റോഡും കടന്ന് പാലൊഴുകും പാറയിലെത്തിയപ്പോൾ വെള്ളച്ചാട്ടത്തിന് ചായയുടെ നിറം. മലമുകളിൽ മൺസൂൺ സെൻറ് തോമസ് ഡേ ആഘോഷിച്ചതിെൻറ ബാക്കിയാണ്. കാഴ്ചക്കുള്ള ഭംഗിയേയുള്ളൂ. ഏറ്റവും അപകടംപിടിച്ച സ്ഥലങ്ങളിലൊന്നാണ് ഇവിടം. വഴുക്കലുള്ള പാറകളാണ് എങ്ങും. വെള്ളത്തിൽ ഇറങ്ങാൻ അനുവാദമില്ല. ആളുകൾക്ക് അബദ്ധംപറ്റാതിരിക്കാൻ റോഡരികിൽതന്നെ വലിയ ഇരുമ്പുവേലി സ്ഥാപിച്ചിട്ടുണ്ട്. മദ്യപിക്കരുതെന്ന മുന്നറിയിപ്പ് ബോർഡിനു താഴെ മദ്യക്കുപ്പികൾ കൂടിക്കിടക്കുന്നു. ഒറ്റപ്പെട്ട സ്ഥലമാണ്, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. ഏതാനും വർഷം മുമ്പ് വിശാലമായി നിരന്നുകിടന്ന വാഗമൺ ഇപ്പോൾ ചെറിയ െചറിയ വേലിക്കുള്ളിലായിക്കൊണ്ടിരിക്കുന്നു. പച്ചപ്പട്ടുസാരിയിൽ പൂപ്പൽ പിടിച്ചപോലെ റിസോർട്ടുകളും ഹോംസ്റ്റേകളും നിറഞ്ഞുതുടങ്ങിയിരിക്കുന്നു. സർക്കാറിെൻറയാണോ സ്വകാര്യ വ്യക്തികളുടെയാണോ എന്നറിയാൻ ഒരു നിർവാഹവുമില്ല. ഇന്ന് കാറ്റുകൊണ്ടിരുന്നിടത്ത് നാളെ ബോർഡ് പൊങ്ങുകയാണ്. അതിക്രമിച്ചുകയറുന്നവർ ശിക്ഷിക്കപ്പെടും. ദൈവത്തോടല്ലാതെ വേറാരോടും പറഞ്ഞിട്ടു കാര്യമില്ല. തങ്ങൾപാറ, മുരുകൻമല, കുരിശുമല എന്നിങ്ങനെ ഭക്തി നിറഞ്ഞുനിൽക്കുന്ന മൂന്നു മലകൾ കാവൽ നിൽക്കുന്ന വാഗമണിനെ ദൈവംതന്നെ കാക്കെട്ട.
തൊടുപുഴയിൽനിന്ന് 43 കിലോമീറ്ററും പാലായിൽനിന്ന് 37 കിലോമീറ്ററും കുമളിയിൽനിന്ന് 45 കിലോമീറ്ററും കോട്ടയത്തുനിന്ന് 65 കിലോമീറ്ററും കാഞ്ഞിരപ്പള്ളിയിൽനിന്ന് 40 കിലോമീറ്ററും അകലെയാണ് വാഗമൺ. കൊച്ചിക്ക് വാഗമണിൽനിന്ന് 102 കിലോമീറ്റർ ദൂരമുണ്ട്. കോട്ടയമാണ്ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ.
വിസ്മയിപ്പിച്ച് ഡബ്ല്യു.ആർ.വി
ജാസിൽനിന്ന് പിറന്ന ലൈഫ്സ്റ്റൈൽ യൂട്ടിലിറ്റി വാഹനമാണ് ഡബ്ല്യു.ആർ.വി. സാഹസികർക്കും സമാധാനപ്രേമികൾക്കും റോഡിലെ സൂചനാ ബോർഡുകൾക്കനുസരിച്ച് ചക്രം തിരിച്ചുപോകാൻ പറ്റിയ വണ്ടി. 16 ഇഞ്ച് വീലുകളും വലുപ്പംകൂടിയ ടയറുകളും മികച്ച സസ്പെൻഷനും യാത്രയും ഡ്രൈവിങ്ങും മനോഹരമാക്കുന്നു. ഉയർന്നുനിൽക്കുന്ന േബാണറ്റും വാനത്തിന് നൽകിയിരിക്കുന്ന ചുളിവുകളും വണ്ടിക്ക് ചുറ്റും പിടിപ്പിച്ചിരിക്കുന്ന ക്ലാഡിങ്ങും വീൽആർച്ചുകളും ചേർന്ന് കരുത്തുള്ള മസിലൻ വണ്ടിയെന്ന തോന്നൽ ഉണ്ടാക്കുന്നുണ്ട്്. ജാസിനെക്കാൾ ആത്മാർഥത ഡബ്ല്യു.ആർ.വിയുടെ സസ്പെൻഷൻ കാണിക്കുന്നുണ്ട്.
ഹെഡ് ലാമ്പുകളും ഗ്രില്ലുകളും പുതിയ ഉയർന്ന ബമ്പറിനോട് നല്ലതുപോലെ ലയിച്ചിരിക്കുന്നു. ഇൗ വിഭാഗത്തിൽ ആദ്യമായി സൺറൂഫോടെ ഇറങ്ങുന്ന വാഹനംകൂടിയാണിത്. ജാസിനോട് സാമ്യം തോന്നുന്ന ഉൾഭാഗത്ത് ഡാഷ് ബോർഡിലെ അലൂമിനിയം ട്രിം, ഗിയർ നോബ്, സ്റ്റോറേജോടുകൂടിയ ആം റെസ്റ്റ് എന്നിവ വ്യത്യസ്തമായി സ്ഥാപിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ, ജാസിലെ മാജിക് സീറ്റ് അപ്രത്യക്ഷമായി. സ്റ്റാർട്ട് സ്റ്റോപ് ബട്ടൺ, കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. ഏഴ് ഇഞ്ചിെൻറ ടച്ച് സ്ക്രീനും ഉൾപ്പെടുത്തിയിട്ടുണ്ട്.
1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകളിൽ യഥാക്രമം അഞ്ച് സ്പീഡും ആറ് സ്പീഡും ഗിയർബോക്സുകൾ നൽകിയിരിക്കുന്നു. പെട്രോൾ എൻജിന് 90 പി.എസ് പവറാണുള്ളത്. ബി.ആർ.വിയുടേതിന് സമാനമായ ഗിയർബോക്സുള്ളതിനാൽ 5000 ആർ.പി.എമ്മിൽ 110 എൻ.എം ടോർക്ക് നൽകും. ലിറ്ററിന് 18.88 കിലോമീറ്ററാണ് എ.ആർ.എ.െഎ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. 3600 ആർ.പി.എമ്മിൽ 100 പി.എസ് പവറും 1750 ആർ.പി.എമ്മിൽ 200 എൻ.എം ടോർക്കുമുള്ള ഡീസൽ എൻജിന് 25.5 കിലോമീറ്ററാണ് മൈലേജ് അവകാശപ്പെടുന്നത്. 188 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്. ഒാൾവീൽ ഡ്രൈവോ ഹെവിഡ്യൂട്ടി അണ്ടർബോഡി പ്രൊട്ടക്ഷനോ ലഭ്യമല്ല. അതായത് ഒരു അർബർ ക്രോസോവർ ആയാണ് ഡബ്ല്യു.ആർ.വിയെ പരിഗണിക്കേണ്ടത്. തീരെ മോശം റോഡിലേക്ക് ഇറങ്ങുേമ്പാൾ കരുതൽ എടുക്കുന്നത് നല്ലതാണ്.
എന്നാൽ, നല്ല വഴിയിലൂടെ എത്രദൂരം യാത്രചെയ്താലും ഡ്രൈവർക്കും യാത്രികർക്കും ഒട്ടും മടുപ്പുണ്ടാകാതിരിക്കാൻ ഹോണ്ട ശ്രദ്ധിച്ചിട്ടുണ്ട്. ബോഡി റോൾ മിനിമമാക്കി നിലനിർത്തുകയും ഗ്രിപ് കൂട്ടുകയും ചെയ്തത് ശ്രദ്ധേയം. കൈകാര്യംചെയ്യാനുള്ള അനായാസതയും എടുത്തുപറയണം. സുസുക്കി വിറ്റാറ െബ്രസ, ഫോർഡ് എക്കോസ്പോർട്ട്, ഹ്യുണ്ടായി ക്രെറ്റ എന്നിവയൊക്കെയാണ് എതിരാളികൾ. പെട്രോൾ വേരിയൻറിന് 7.78 ലക്ഷം മുതൽ 9.03 വരെയും ഡീസൽ വേരിയൻറിന് 8.83 ലക്ഷം മുതൽ 9.99 വരെയാണ് ന്യൂഡൽഹി എക്സ് ഷോറൂം വില.
●
ടെസ്റ്റ് ഡ്രൈവ് കടപ്പാട്: വിഷൻ ഹോണ്ട, കോട്ടയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.