ഗ്രാന്‍റായി ചില മാറ്റങ്ങള്‍
text_fieldsഹ്യുണ്ടായുടെ ജനപ്രീതിയാര്‍ജിച്ച കാറുകളിലൊന്നാണ് ഗ്രാന്‍ഡ് ഐ 10. കുഞ്ഞന്‍ കാറുകളിലെ സര്‍വകലാവല്ലഭന്‍ എന്നൊക്കെ ഗ്രാന്‍ഡിനെ വിളിക്കാം. കാണാന്‍ നല്ല ചന്തവും ഉള്ളില്‍ ധാരാളം ഇടവും ഒരുപാട് സൗകര്യങ്ങളുമുള്ള കാറാണിത്. ഗ്രാന്‍ഡിനെ പുതുക്കി ഇറക്കിയിരിക്കുകയാണ് ഹ്യുണ്ടായ്. പുതിയ മാറ്റങ്ങള്‍ അത്ര നിസ്സാരമല്ല. കാര്യമായ അഴിച്ചുപണി നടന്നിട്ടുണ്ട്. എന്‍ജിനില്‍ ഉള്‍പ്പെടെ മാറ്റങ്ങളുണ്ട്. മാരുതി ഇഗ്നിസാണ് ഗ്രാന്‍ഡ് ഐ 10ന്‍െറ എതിരാളി. പുതിയ ഗ്രാന്‍ഡിന് അഞ്ചുതരം കാറുകളാണുള്ളത്. ഇറ, മാഗ്ന, സ്പോര്‍ട്ട്, സ്പോര്‍ട്ട് ഓപ്ഷനല്‍, ആസ്റ്റ എന്നിവയാണവ. ഏറ്റവും ഉയര്‍ന്ന മോഡലായ ആസ്റ്റക്ക് നിലവിലുണ്ടായിരുന്നതിനെക്കാള്‍ 30,000 രൂപ കൂടുതലാണ്.
ആസ്റ്റയില്‍നിന്ന് ഓട്ടോമാറ്റിക് സംവിധാനം ഒഴിവാക്കിയിട്ടുമുണ്ട്. താഴെയുള്ള വേരിയന്‍റുകളായ മാഗ്ന, സ്പോര്‍ട്സ് ഓപ്ഷനല്‍ എന്നിവയിലാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുറത്തെ മാറ്റങ്ങള്‍ റേഡിയേറ്റര്‍ ഗ്രില്ലില്‍ തുടങ്ങുന്നു. പുതിയ ഗ്രില്ല് കൂടുതല്‍ വലുപ്പമുള്ളതാണ്. ബംബറും പുത്തനായി. ബംബറില്‍ എല്‍ ആകൃതിയിലുള്ള ഭാഗത്ത് ഫോഗ് ലാമ്പുകളും ഡെ ടൈം റണ്ണിങ്ങ് ലൈറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹാന്‍ഡ് ബ്രേക്കിടുമ്പോള്‍ ഡി.ആര്‍.എല്ലുകള്‍ അണയുന്നത് മറ്റെങ്ങും കാണാത്ത പ്രത്യേകതയാണ്. 14 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. പിന്നിലെ ഇരട്ട നിറങ്ങളിലെ ബംബര്‍ കൂടുതല്‍ മികച്ചതായി. ഉള്ളിലും നിരവധി സവിശേഷതകള്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. മിക്ക ഹ്യുണ്ടായ്കളെയും പോലെ നിലവാരവും ഭംഗിയുമുള്ളതാണ് ഉള്‍വശം. വിടവുകളില്ലാത്ത ഡാഷ്ബോര്‍ഡില്‍ സൗകര്യപ്രദമായി എല്ലാം ഒരുക്കിവെച്ചിരിക്കുന്നു.
ഉയര്‍ന്ന വേരിയന്‍റുകളില്‍ പുതിയകാലത്തെ എല്ലാ സവിശേഷതകളുമുണ്ട്. പുത്തന്‍ ഏഴ് ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം എവിടന്നാണ് കടമെടുത്തതെന്ന് കേട്ടാല്‍ ഞെട്ടും. സാക്ഷാല്‍ ഇലാന്‍ഡ്രയില്‍നിന്ന്. ആന്‍ഡ്രോയ്ഡ് ഓട്ടോ ആപ്പിള്‍ കാര്‍ പ്ളേ, മിറര്‍ ലിങ്ക് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ചാല്‍ വോയ്സ് കമാന്‍ഡ് സ്വീകരിക്കാനും കഴിയും. പുതുതായി ഉള്‍പ്പെടുത്തിയ റിവേഴ്സ് കാമറയും ഏറെ സൗകര്യപ്രദമാണ്. മറ്റൊരു പ്രത്യേകത ഓട്ടോമാറ്റിക് കൈ്ളമറ്റിക് കണ്‍ട്രോള്‍ ആണ്. ചെറിയ വേരിയന്‍റുകളില്‍ ബ്ളൂ ടൂത്തോടുകൂടിയ അഞ്ച് ഇഞ്ച് ടച്ച്സ്ക്രീന്‍ സംവിധാനമാണുള്ളത്. കാണുമ്പോള്‍ വാഹനം ചെറുതെന്ന് തോന്നുമെങ്കിലും ഉള്ളില്‍ നല്ല സ്ഥലസൗകര്യമുണ്ട്.
മികച്ച ലെഗ്റൂമും ഹെഡ്റൂമുമാണ് വാഹനത്തിന്. പുതിയ ഗ്രാന്‍ഡിന്‍െറ പെട്രോള്‍ എന്‍ജിന്‍ പഴയതുതന്നെയാണ്. എന്നാല്‍, ഡീസല്‍ വിഭാഗത്തില്‍ വലുതും കരുത്തുള്ളതുമായ ഹൃദയംവന്നു. പഴയ 1.1 ലിറ്ററിനുപകരം 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ 1186 സി.സി ഡീസല്‍ എന്‍ജിന്‍ 75 ബി.എച്ച്.പി കരുത്ത് ഉല്‍പാദിപ്പിക്കും. 1197 സി.സി നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 82 ബി.എച്ച്.പി കരുത്തുള്ളതാണ്. പെട്രോളിന് 18.9 ലിറ്ററും ഡീസലിന് 24ഉം ഇന്ധനക്ഷമത ലഭിക്കും. പെട്രോള്‍ പതിപ്പിന് 4,58,400 രൂപ മുതല്‍ 6,39,890 രൂപ വരെയും ഡീസല്‍ പതിപ്പിന് 5,68,400 മുതല്‍ 7,32,890 വരെയുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.