ഇന്ത്യയിലെ ഏറ്റവും സുരക്ഷിത വാഹനം ഏതാണ്? നെക്സോണിനെ പിൻതള്ളി പുതിയ താരോദയം
text_fieldsഇന്ത്യക്കാർ വാഹനം വാങ്ങുേമ്പാൾ അവസാന പരിഗണന നൽകുന്നതെന്തിനാണ്. ഒരു സംശയവും വേണ്ട അത് സുരക്ഷക്കാണ്. എത്ര കിട്ടും(മൈലേജ്) എന്നതാണ് നമ്മുടെ ഒന്നാമത്തെ ചോദ്യമെങ്കിൽ വിറ്റാൽ എത്ര കിട്ടും എന്നതായിരിക്കും രണ്ടാമത്തെ പരിഗണന. ഇതുകേട്ടാൽ വണ്ടി വാങ്ങുന്നതുതന്നെ വിൽക്കാനാണെന്ന് തോന്നും.
മെറ്റാരു പ്രധാന ആശങ്ക സർവീസ് ചെയ്യുേമ്പാൾ കൊടുക്കേണ്ടിവരുന്ന പണത്തെചൊല്ലിയാണ്. പതിനായിരം കിലോമീറ്റർ ഒാടിയായാലും പത്ത് പൈസ മുടക്കേണ്ടിവന്നാൽ അത് നമ്മുക്ക് സഹിക്കില്ല. സൗജന്യ സർവീസ് കഴിഞ്ഞാൽ പിന്നെ സ്വയം ചികിത്സയാണ്. ഏതെങ്കിലും നാടൻ വർക്ഷോപ്പിലെത്തി ഒായിൽ മാറി ഒാടെടാ ഒാട്ടമായിരിക്കും. തരം കിട്ടിയാൽ എ.സി ഒാഫാക്കുക, എ.സി ഫിൽറ്റർ മാറണമെന്ന് പറഞ്ഞാൽ നമ്മുടെ പണം തട്ടാനാണെന്ന് കഥയിറക്കുക, നൂല് കണ്ടാലും ‘ഇനിയും പോകും’ എന്ന് പറഞ്ഞ് ടയറിനെ പീഢിപ്പിക്കുക തുടങ്ങി വിചിത്ര ശീലങ്ങളുള്ളവരാണ് നാം.
ഇനി സുരക്ഷയുടെ കാര്യമെടുത്താലൊ. എ.ബി.എസ്, ഇ.ബി.ഡി എന്നൊക്കെ കേട്ടാൽ ഇംഗ്ലീഷ് അക്ഷരങ്ങൾ തലതിരിച്ച് എഴുതിയതെന്നല്ലാതെ ഇതൊരു അത്യാവശ്യമാണെന്ന തോന്നൽ നമ്മുക്കില്ല. ഇൗ സാഹചര്യത്തിലാണ് സുരക്ഷയെന്ന ഏറ്റവും സുപ്രധാനമായ സംഗതിയെപറ്റി നാം ചർച്ച ചെയ്യുന്നത്.
ജി.എൻ.സി.എ.പി റേറ്റിങ്ങ്
ലോകത്ത് വാഹന സുരക്ഷയുടെ ആധികാരിക രേഖയായി കണക്കാക്കുന്നത് ഗ്ലോബൽ എൻ.സി.എ.പി റേറ്റിങ്ങിനെയാണ്. ന്യൂ കാർ അസസ്മെൻറ് പ്രോഗ്രാം എന്നതാണ് എൻ.സി.എ.പിയുടെ പൂർണ്ണ രൂപം. ആഗോളതലത്തിൽതന്നെ ക്രാഷ് ടെസ്റ്റുകൾ നടത്തുകയും വാഹനങ്ങൾക്ക് സ്റ്റാർ റേറ്റിങ്ങ് നൽകുകയും ചെയ്യുന്ന സംവിധാനമാണിത്.
അടുത്തകാലത്താണിവർ ഇന്ത്യയിലെ വാഹനങ്ങൾ കാര്യമായി പരിശോധിക്കാൻ തുടങ്ങിയത്. ആദ്യമൊക്കെ ക്രാഷ് ടെസ്റ്റ് കഴിഞ്ഞാൽ മൊത്തത്തിൽ പെറുക്കിക്കൂട്ടി കൊണ്ടുപോകാൻ പാകത്തിനായിരുന്നു നമ്മുടെ വാഹനങ്ങൾ ബാക്കിവരാറുള്ളത്. ഇതിനൊരു മാറ്റമുണ്ടാക്കിയത് ടാറ്റ നെക്സോണാണ്. രാജ്യത്ത് നിർമിക്കപ്പെടുന്ന പാസഞ്ചർ കാറുകളിൽ ആദ്യത്തെ ഫൈവ് സ്റ്റാർ റേറ്റിങ്ങുള്ള കാർ എന്ന ഖ്യാതി ലഭിച്ചത് നെക്സോണിനാണ്.
ഇത് പറയുേമ്പാൾ നാം ഒരുകാര്യം മനസിലാക്കണം. കാറിെൻറ ക്രാഷ് ടെസ്റ്റ് പലതരത്തിലാണ് നടത്തുക. മുതിർന്ന യാത്രക്കാർ, കുട്ടി യാത്രക്കാർ, വഴിയാത്രക്കാർ എന്നിവരുടെ സുരക്ഷയാണ് പരിശോധിക്കുന്നത്. മുന്നിൽ നിന്നും വശങ്ങളിൽ നിന്നും ക്രാഷ് ടെസ്റ്റുകൾ നടത്തും. നെക്സോണിന് ഫൈവ് സ്റ്റാർ റേറ്റിങ്ങ് ലഭിച്ചത് മുന്നിലെ യാത്രക്കാരുടെ കാര്യത്തിൽ മാത്രമാണ്.
കുട്ടികളുടെ സുരക്ഷയിൽ മൂന്ന് സ്റ്റാറായിരുന്നു നെക്സോണിെൻറ സമ്പാദ്യം. എങ്കിലും ചരിത്രത്തിൽ ആദ്യമായാണ് ഏതെങ്കിലും ഒരു വിഭാഗത്തിലെങ്കിലും ഒരു ഇന്ത്യൻ കാർ ഫൈവ് സ്റ്റാർ സുരക്ഷയെന്ന അനിവാര്യ കടമ്പ മറികടക്കുന്നത്.
നെക്സോണിനെ മറികടന്ന താരം
2020ലെ ജി.എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ നെക്സോണിനും മുകളിൽ ഒരു ഇന്ത്യൻ നിർമിത വാഹനം ഇടംപിടിച്ചു. മഹീന്ദ്രയുടെ എക്സ്.യു.വി ത്രീ ഡബിൾ ഒയാണാ വാഹനം. ഇതൊരു ചെറു എസ്.യു.വിയാണ്. മുതിർന്നവരുടെ സുരക്ഷയിൽ ഫൈവ് സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ നാല് സ്റ്റാറുമാണ് എക്സ്.യു.വിയുടെ സമ്പാദ്യം. നെക്സോണിനേക്കാൾ ഒരു സ്റ്റാർ കൂടുതലെന്നർഥം.
ഏഴ് എയർബാഗുകൾ, ഇലക്ട്രിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എ.ബി.എസ്, ഇ.ബി.ഡി, കോർണർ ബ്രേക്കിങ്ങ് കൺട്രോൾ, നാല് ഡിസ്ക് ബ്രേക്കുകൾ തുടങ്ങി ആധുനിക സംവിധാനങ്ങളുള്ള ഏറ്റവും ഉയർന്ന വേരിയൻറിനാണ് ഇത്രയും സുരക്ഷ ലഭിച്ചിരിക്കുന്നത്. ക്രാഷ് ടെസ്റ്റിൽ ടാറ്റയുടെ മേധാവിത്വമാണ് കാണാനായത്.
ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നെണ്ണം ടാറ്റക്കും രണ്ടെണ്ണം മഹീന്ദ്രക്കുമാണ്. രണ്ടാമത് നെക്സോൺ, മൂന്നാമത് ആൽട്രോസ്, നാലാമത് തിയാഗൊയും തിഗോറും ഇടംപിടിച്ചു. അഞ്ചാം സ്ഥാനം മഹീന്ദ്രയുടെ മരാസോക്കാണ്. മാരുതിയുടെ ഏറ്റവും സുരക്ഷയുള്ള വാഹനം ബ്രെസ്സ എസ്.യു.വിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.