ജീവിതവും മരണവും: ചില ഓട്ടോറിക്ഷാ ചിന്തകൾ
text_fields‘മുതിർന്ന പുരുഷന്റെ മുഴുവൻ ശരീരം പോസ്റ്റുമോർട്ടം ടേബിളിൽ മലർന്നു കിടക്കുന്നു...’
എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് വാചകത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ ഇന്ന് എഴുതാൻ ആരംഭിച്ചത്..
വിദൂരസ്ഥവും നിസ്സഹായവുമായ ഒരു നോട്ടത്തോടെ സ്വയം ഒടുങ്ങിയ ഒരു വൃദ്ധൻ..
ഓട്ടോറിക്ഷക്കുനേരെ കുതിച്ചെത്തിയ ടിപ്പർ ജീവിതം പൊലിച്ചുകളഞ്ഞ ഒരു യുവ ഡ്രൈവർ..
പോലീസിനെ പേടിച്ച് പുഴയിൽ ചാടിയ മറ്റൊരു യുവാവിന്റെ ഭൗതികശരീരം ഇൻക്വസ്റ്റിനുശേഷം മെഡിക്കൽ കോളേജിലേക്കയച്ചു..
എല്ലാ മരണവും വേദനാജനമാണ്. എങ്കിലും, ഇതിൽ ഓട്ടോ ഓടിച്ച യുവാവിെൻറ മരണം എന്നെ കൂടുതൽ ഉലച്ചുകളയുന്നു.
സാധാരണക്കാരെൻറ ആഡംബരവാഹനമാണല്ലോ ‘ഓട്ടോ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഓട്ടോറിക്ഷ. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞാകുന്നതുവരെ സ്വന്തമായ വാഹനം കുടുംബത്തിൽ ഇല്ലാതിരുന്നതിനാൽ വീടിനുമുന്നിൽ നിന്നോ അൽപം ദൂരെയുള്ള ജങ്ഷനിൽ നിന്നോ കിട്ടുന്ന ഓട്ടോറിക്ഷകളായിരുന്നു ടൗണിലേക്കും തിരിച്ചുമുള്ള പ്രധാന യാത്രാവാഹനങ്ങൾ. ഭാര്യയുടെ കസിനുകളിലും എന്റെ ബാല്യകാലസുഹൃത്തുക്കളിലും പലരും ജീവിക്കുന്നതും ഓട്ടോ ഓടിച്ചാണ്.
നമ്മുടെ ഓട്ടോ, ഇന്തോനേഷ്യയിൽ ടക്-ടക്, തായ്ലൻഡിൽ ടെമ്പോ, മഡഗാസ്കറിൽ ബജാജി, ഇറ്റലിയിൽ ടക്സി എനിങ്ങനെയൊക്കെ അറിയപ്പെടുന്ന വണ്ടിയാണ്. ഓട്ടോറിക്ഷയുടെ ജന്മരാജ്യം ഇറ്റലിയാണ്.1950 കളിൽ ഇറ്റലിയിലെ ‘പിയാജിയോ’ കമ്പനി സാധനങ്ങൾ കൊണ്ടുപോകാൻ ഇറക്കിയ ‘ആപ്പ’ വണ്ടിയെ യാത്രക്കാർക്ക് ഇരിക്കാൻ പാകത്തിൽ പരുവപ്പെടുത്തിയപ്പോഴാണ് ലോകത്ത് ഓട്ടോറിക്ഷ പിറവിയെടുത്തത്.1960കളിൽ ബജാജ് കമ്പനി ‘ആപ്പ’ വണ്ടിയെ ഇന്ത്യയിൽ ഇൻറർമീഡിയേറ്റ് പബ്ലിക് ട്രാൻസ്പോർട്ട് (IPT- മധ്യമ പൊതുഗതാഗത സംവിധാനം) ആക്കി മാറ്റാനുള്ള അനുമതി നേടി. ക്രമേണ ബജാജ് ലോകത്തിലെ ഒന്നാം നമ്പർ ഓട്ടോ നിർമാതാവായി.. ഓട്ടോ നമ്മുടെ നഗര - ഗ്രാമ ജീവിതത്തിെൻറ അവിഭാജ്യ ഘടകവുമായി.
എട്ട് അടി നീളവും നാലടി വീതിയുമുള്ള ഓട്ടോറിക്ഷകളില്‍ സുരക്ഷാ ഉപകരണങ്ങൾ ഒട്ടും ഇല്ല എന്നുതന്നെ പറയാം. എന്നിട്ടും, ഇന്ത്യയിലെ റോഡുകളിൽ താരതമ്യേന സുരക്ഷിത വാഹനമാണ് ഓട്ടോറിക്ഷ എന്നാണ് പഠനങ്ങൾ പറയുന്നത്. 70 ശതമാനത്തിലധികം വാഹന അപകടങ്ങൾ ഇരുചക്രവാഹനങ്ങൾ ഉണ്ടാക്കുമ്പോൾ വെറും ഏഴ് ശതമാനം അപകടങ്ങളേ ഓട്ടോറിക്ഷ കാരണം ഉണ്ടാകുന്നുള്ളൂ. 2011-ൽ മുംബൈയിൽ നടത്തിയ പഠനത്തിലും കാർ(34%.), മോട്ടോർസൈക്കിൾ (29% ), ബസ്(24.4% ) എന്നിവക്ക് പിറകിൽ 7.4% ജീവിതങ്ങളേ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ റോഡിൽ പൊലിഞ്ഞിട്ടുള്ളൂ.
ഓട്ടോറിക്ഷയുടെ കൂടിയ സുരക്ഷിതത്വത്തിന് മൂന്ന് കാരണങ്ങളാണ് വിദഗ്ധർ പറയുന്നത്.
1) മറിയൽ സാധ്യതയിൽ രണ്ട് ചക്രമുള്ള ബൈക്കിനേക്കാൾ സുരക്ഷിതമാണ് മൂന്ന് ചക്രമുള്ള ഓട്ടോറിക്ഷ.
2) താരതമ്യേന കുറഞ്ഞ വേഗത. ശരാശരി വേഗം മണിക്കൂറിൽ 30 കിലോമീറ്റർ.
3)വെൻറിലേഷൻ-വാതിൽ ഇല്ലാത്തതിനാൽ കയറുന്ന പോലെ പെട്ടെന്ന് ഇറങ്ങാനും ഉള്ള സൗകര്യം.
32ാം വയസ്സിൽ പക്ഷാഘാതം വന്ന് ശരീരത്തിന്റെ വലതുവശം തളർന്നുപോയ ഓട്ടോഡ്രൈവർ ആയിരുന്ന ശിവരാമൻ (പേര് മാറ്റീയിട്ടുണ്ട്) ചികിത്സയിലുണ്ട്.
നടത്തം ഒക്കെ ദേദപ്പെട്ടു. എങ്കിലും, അദ്ദേഹത്തിന്റെ വലതുകൈകൊണ്ട് എത്രയായിട്ടും ഒന്നും ചെയ്യാൻ കഴിയുന്നില്ല. ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ ശാരീരികശേഷി തിരിച്ചു പിടിക്കുക എന്ന ഒരു വഴി മുന്നിലുണ്ട്. പക്ഷേ, ചികിൽസാകാലത്ത് രണ്ടു വർഷം മുന്നെ തന്നെ പുള്ളിയുടെ ഓട്ടോ വിറ്റിരുന്നു. അവസാനം വീടിനടുത്തുള്ള വഴിയിൽ സുഹൃത്തുക്കളുടെ സഹായത്തോടെ ഓട്ടോറിക്ഷ ഓടിക്കാൻ ശ്രമിക്കാൻ നിർദ്ദേശിച്ചു. ഒരൽപകാലത്തെ പരിശ്രമം കൊണ്ട് വണ്ടി കൺട്രോളിൽ ഓടിക്കാൻ ശിവരാമന് കഴിഞ്ഞു. പുതിയ വണ്ടികൾക്ക് ടാക്സി പെർമിറ്റ് അടക്കം നല്ല തുകയാകും. അതുകൊണ്ട്
പ്രൈവറ്റ് രജിസ്ട്രേഷൻ സെക്കന്റ് ഹാൻഡ് വണ്ടി നോക്കിക്കൂടെ എന്നായി ഞാൻ. (നാട്ടിൽ ചിലത് 15-20K ക്ക് കിട്ടും)
കുറച്ചു കാലത്തെ കാത്തിരിപ്പിനും വിലപേശലിനും ഒടുവിൽ കുറഞ്ഞ കാശിന് മൂപ്പർ ഒന്ന് ഒപ്പിച്ചു.
സ്വന്തം വണ്ടി റോഡിലേക്ക് ഇറക്കാനുള്ള പേടിയായിരുന്നു അടുത്ത വരവിലെ വിഷയം. ഓട്ടോറിക്ഷക്ക് ഒരാളും സൈഡ് കൊടുക്കൂല. ‘ന ദാക്ഷിണ്യമർഹതി’യാണ് ആ വാഹനത്തിനോടുള്ള നമ്മുടെ സമീപനം...
അത്തവണത്തെ ഒ.പി ടിക്കറ്റിൽ ഓട്ടോയിൽ ഒട്ടിക്കാനുള്ള ഒരു സ്റ്റിക്കർ സന്ദേശവും ചിത്രവും ശിവരാമന് എഴുതിനൽകി.
‘ഭിന്നശേഷിയുള്ള വ്യക്തി ഓടിക്കുന്ന വാഹനം’
അടുത്തവരവിൽ സന്തോഷകണ്ണീർ പൊഴിച്ചാണ് ശിവരാമനും ഭാര്യയും വന്നത്. റോഡിൽ ആളുകൾ (മറ്റു വണ്ടികൾ) മാന്യമായി പെരുമാറുന്നു. കുറ്റിപ്പുറം വരെ പുത്രകളത്രങ്ങളെ കൊണ്ട് ഒറ്റക്ക് പോയി വന്ന കാര്യം തെല്ല് അഭിമാനത്തോടെ ദമ്പതികൾ ചേർന്ന് വിവരിച്ചു. മൂപ്പരുടെ വലതുകൈ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.
യഥാർത്ഥത്തിൽ നമ്മുടെ നാട്ടിൽ ഭിന്നശേഷിയുള്ളവർക്ക് നൽകുന്ന സൈഡ് വീൽ ബൈക്കിനേക്കാൾ മെച്ചമാണ് ഓട്ടോറിക്ഷകൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾക്ക് ഇരയാകുന്നത് കാൽനടയാത്രക്കാരൻ കഴിഞ്ഞാൽ ബൈക്കുകാരാണ് എന്നോർക്കുമല്ലോ.. പ്രയാസമുള്ള പ്രതലങ്ങളിൽ സൈഡ് വീൽ വലിയ സ്ഥിരതയൊന്നും ബൈക്കിന് നൽകുന്നില്ല. മാത്രമല്ല, വലിയ ഹമ്പുകളിൽ മറിഞ്ഞ അനുഭവങ്ങൾ വളരെയുണ്ട്.
ഈയിടെ പങ്കെടുത്ത ഒരു സെമിനാറിൽ ഭിന്നശേഷിയുള്ള പലർക്കും പറയാനുണ്ടായിരുന്നത് എളുപ്പം കേടാകുന്ന സൗജന്യ സൈഡ് വീൽ ബൈക്കുകളെ പറ്റിയായിരുന്നു. മറ്റൊരു പ്രശ്നം ഈ ബൈക്കുകൾ എങ്ങാനും ഒരു മൂലയിൽ പെട്ടാൽ ഇറങ്ങാൻ കഴിയാത്തവർ കുടുങ്ങിപ്പോകുന്ന സ്ഥിതിയാണ്. റിവേഴ്സ് ഗിയർ സാധാരണ ബൈക്കുകൾക്ക് ഇല്ലല്ലോ..കൂടാതെ കയറ്റം വലിക്കാത്ത പ്രശ്നവും ഉണ്ട്.
ഇതിനൊക്കെ നല്ലൊരു പരിഹാരമാണ് കൂടുതൽ സുരക്ഷിതമായ- ‘ഓട്ടോറിക്ഷ’കൾ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കുടുംബസമേതം യാത്രക്ക് നല്ലതും ഓട്ടോ തന്നെ. തദ്ദേശസ്ഥാപനങ്ങൾ ടാക്സി പെർമിറ്റുകളിൽ നിശ്ചിതശതമാനം ഭിന്നശേഷിയുള്ളവർക്ക് മാറ്റിവെക്കണം എന്നൊരു അഭ്യർത്ഥന കൂടി മുന്നിൽ വയ്ക്കട്ടെ.
പറഞ്ഞുതുടങ്ങിയ വിഷയത്തിലേക്ക് തന്നെ വരാം.
ഓട്ടോയിൽ എഞ്ചിൻ, ഡ്രൈവറുടെ സീറ്റിനു താഴെയാണ്. ഏതാണ്ട് വാഹനത്തിന്റെ നടുക്ക്. അതിനാൽ തന്നെ വാഹനം മറിയാനുള്ള സാധ്യത കുറവാണ്. അതേസമയം ലൈറ്റ് മെറ്റീരിയൽ ആയതിനാൽ ഇടിയിൽ തകരാനുള്ള സാധ്യതയും വാതിലുകൾ ഇല്ലാത്തതിനാൽ തെറിച്ചുപോകാനുള്ള സാധ്യതയും സാധാരണ ഓട്ടോയുടെ വലിയ പരിമിതിയാണ്. നേർക്ക്നേർ ഇടിയിൽ ഓട്ടോറിക്ഷ ,ബൈക്ക് പോലെ തന്നെ, അൽപംപോലും സുരക്ഷിതമല്ല. മുകളിൽ പറഞ്ഞ ഡ്രൈവരുടെ മരണവും അങ്ങനെ നടന്നതാണ്.
ഹാൻഡിലിൽ നെഞ്ചിടിച്ചും ആന്തരിക അവയവങ്ങൾക്ക് തകരാറുപറ്റിയുമാണ് വാഹനങ്ങൾ നേർക്ക് നേരിടിക്കുമ്പോൾ ഓട്ടോയിൽ മരണങ്ങൾ സംഭവിക്കുന്നത്. സീറ്റ് ബെൽറ്റ്, എയർബാഗ്, ഇലക്ട്രോണിക് സ്ഥിരതാ സംവിധാനങ്ങൾ എന്നിവ ഓട്ടോറിക്ഷകളിൽ ഏർപ്പെടുത്തുകയേ ഇതിന് പരിഹാരമുള്ളു.
അങ്ങോട്ട് ചെന്നുള്ള ഇടിമാത്രമല്ല, നമ്മൾ എത്ര ശ്രദ്ധിച്ചാലും ഇങ്ങോട്ട് വന്നുചേരുന്ന അപകടങ്ങളിൽ നിന്നുപോലും സുരക്ഷിതരാകാൻ നാം ശ്രമിക്കണം. മീറ്ററിനോടൊപ്പം മെച്ചപ്പെട്ട സുരക്ഷാമാനദണ്ഡങ്ങൾ കൂടി ഓട്ടോറിക്ഷകളിൽ നടപ്പാകട്ടെ എന്ന് ആശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.