ലാൻഡ് ഓഫ് Land Rovers
text_fieldsലാൻഡ് റോവറുകൾ ചറപറാ ടാക്സിയായി ഒാടുന്ന ഒരു മഞ്ഞുമലയുണ്ട് വെസ്റ്റ് ബംഗാളിലെ ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ. സ ന്താക്ഫുവാണ് ആ അത്ഭുത നാട്. 70 വർഷം പഴക്കമുള്ള ലാൻഡ് റോവർ പയറുപോലെ മല കയറുന്ന കാഴ്ചക്കൊപ്പം എവറസ്റ്റും കാഞ് ചൻജംഗയുമെല്ലാം ഇവിടെ വിരുന്നൊരുക്കുന്നു.
ഡാർജീലിങ്ങിൽനിന്ന് ഏകദേശം 25 കിലോമീറ്റർ സഞ്ചരിച്ചാൽ മനെ ബൻജ ാങ്ങിലെത്തും. അവിടെനിന്നാണ് സന്താക്ഫുവിലേക്ക് ലാൻഡ് റോവർ ടാക്സി ലഭിക്കുക. മനെ ബൻജാങ് ഒരു കിടുക്കൻ സ്ഥലമാണ്. ക ൊച്ചു അഴുക്കുചാലാണ് ഇവിടെ ഇന്ത്യക്കും നേപ്പാളിനും ഇടയിലെ അതിർത്തി. കവലയിലെ കടകൾ പലതും കിടക്കുന്നത് ഇരുരാജ്യ ങ്ങളിലുമായി. ചായ അടിക്കുന്നത് ഇന്ത്യയിലെങ്കിൽ കുടിക്കുന്നത് ചിലപ്പോൾ നേപ്പാളിലാകും.
കാലം റിവേഴ്സ് ഗിയറിൽ
ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ ഉപയോഗിക്കാൻ കൊണ്ടുവന്ന ജീപ്പുകളാണ് ലാൻഡ് റോവറുകൾ. വർഷങ്ങൾക്ക് അപ്പുറം ആശുപത്രിക്കാർ ഇവ ഒഴിവാക്കിയതോടെ ഇന്നാട്ടുകാർ സ്വന്തമാക്കി. പരമാവധി ഏഴുപേർക്ക് സഞ്ചരിക്കാവുന്ന ലാൻഡ് റോവർ ടാക്സിയിൽ സന്താക്ഫുവിൽ പോയി വരാൻ 4500 രൂപയാണ് ഫീസ്. ഏകദേശം 40 ലാൻഡ് റോവർ ടാക്സികൾ ഇവിടെയുണ്ട്. ഒട്ടും ആഡംബരമില്ലാത്ത വാഹനത്തിൽ കയറിയിരിക്കുേമ്പാൾ കാലം റിവേഴ്സ് ഗിയറിടും. 70 വർഷം പിന്നിട്ടെങ്കിലും ഇന്നും തൊഴുത്തിൽ കെട്ടുന്നില്ല ഈ ലാൻഡ് റോവറുകളെ. പ്രൗഢിയോടെ ഇവർ കൊണ്ടുനടക്കുന്നു.
അതേസമയം, സ്പെയർ പാർട്സ് കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം പല വണ്ടികൾക്കും ഇപ്പോൾ കരുത്തേകുന്നത് മഹീന്ദ്രയുടെ എൻജിനാണ് എന്നത് രഹസ്യം. ഗിയർ ബോക്സ് അടക്കമുള്ള മറ്റു ഭാഗങ്ങളെല്ലാം അസ്സൽ ബ്രിട്ടൻതന്നെ.
മഞ്ഞണിഞ്ഞ വഴികൾ
മനെ ബൻജാങ്ങിലെ ബി.എസ്.എഫ് ചെക്ക്പോസ്റ്റ് പിന്നിട്ടാൽ പിന്നെ ലാൻഡ് റോവർ പുലിയാകും. കുത്തനെയുള്ള കയറ്റമാണ് പിന്നീടങ്ങോട്ട്. ഒപ്പം പേടിപ്പിക്കുന്ന വളവുകളും. മലമുകളിലൂടെയുള്ള റോഡ് കുളംകര കളിക്കുന്നതു പോലെ നേപ്പാളിലും ഇന്ത്യയിലുമായാണ്. സിൻഗാലില ദേശീയ ഉദ്യാനത്തിന് നടുവിലൂടെയുള്ള വഴിയിൽ ഓരോ വളവുകൾ തിരിയുേമ്പാഴും അതിഭംഗിയാണ് പ്രകൃതിക്ക്. ചിലപ്പോൾ മൊട്ടക്കുന്നുകൾ. അല്ലെങ്കിൽ ഇടതൂർന്ന മരങ്ങൾ നിറഞ്ഞ കാട്. അതുമല്ലെങ്കിൽ മഞ്ഞ് പൊതിഞ്ഞ മലഞ്ചെരിവുകൾ. പകുതി ദൂരം മാത്രമേ കോൺക്രീറ്റ് പാതയുള്ളൂ. അത് കഴിഞ്ഞാൽ പിന്നെ കല്ലും ചളിയും മഞ്ഞുമെല്ലാം നിറഞ്ഞ കട്ട ഓഫ് റോഡ്. ഇവിടെയും ലാൻഡ് റോവർ ആശാന് കുലുക്കമില്ല. ഫോർവീലിലേക്ക് മാറ്റിയാൽ പിന്നെ പുലി, കുതിരയാകും.
കാഴ്ചകളുടെ പെരുന്നാൾ
കാലാപൊഖ്രി എന്ന കൊച്ചുതടാകം കഴിഞ്ഞാൽ പിന്നെ നേപ്പാളിലെ ഇലാം ജില്ലയിലേക്ക് സ്വാഗതമോതി ബോർഡ് കാണാം. അവിടെ ചെറിയ കവലയുണ്ട്. കൂടുതൽ ഉയരത്തിലേക്ക് പോകുംതോറും തണുപ്പിൻെറ കാഠിന്യം കൂടിവരും. നട്ടുച്ചക്കു പോലും താപനില മൈനസ് വരെയെത്തും. മനെ ബൻജാങ്ങിൽനിന്ന് സന്താക്ഫു വരെയുള്ള 30 കിലോമീറ്റർ ദൂരം താണ്ടാൻ ഏകദേശം മൂന്ന് മണിക്കൂർ വേണം. വെസ്റ്റ് ബംഗാളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ സന്താക്ഫു 12,000 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
കാഴ്ചകളുടെ പെരുന്നാളാണ് ഇവിടെ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ എവറസ്റ്റും മൂന്നാം സ്ഥാനക്കാരനായ കാഞ്ചൻജംഗയും മറ്റനേകം പർവതങ്ങളും ഇവിടെനിന്നാൽ കാണാം. ഇരു രാജ്യങ്ങളിലൂടെയുള്ള ട്രെക്കിങ് ഹരം പകരും. ബി.എസ്.എഫ് ക്യാമ്പ്, റസ്റ്റാറൻറുകൾ, ലോഡ്ജുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.