100 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണംവിട്ട് കരണം മറിഞ്ഞത് നിരവധി തവണ; പിന്നെ സംഭവിച്ചത്!
text_fieldsഒഡീഷ: ഡ്രൈവറും മൂന്ന് യാത്രക്കാരുമാണ് ആ വാഹനത്തിൽ ഉണ്ടായിരുന്നത്. സാമാന്യം നല്ല വേഗത്തിലായിരുന്നു(100 കിലോമീറ്റർ വേഗം) അവരുടെ യാത്ര. അപ്രതീക്ഷിതമായി മുന്നിലെത്തിയ വളവിൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ വാഹനം റോഡിൽ നിന്ന് തെന്നിനീങ്ങി. ഏകദേശം 80 മീറ്റർ ദൂരംവരെ നിരവധിതവണ കരണം മറിഞ്ഞാണ് വാഹനം നിന്നത്.
ഒഡീഷയിലെ ദിയോഗറിലാണ് അപകടം നടന്നത്. വൻ ശബ്ദം കേട്ട് പരിസരത്തുള്ളവർ ഒാടിയെത്തുേമ്പാഴേക്കും കാണുന്നത് ഉരുണ്ടു നീങ്ങുന്ന കാറിനെയാണ്. അടുത്തുവന്നുനോക്കിയപ്പോഴാണ് അവർക്ക് ഒരുകാര്യം പിടികിട്ടിയത്. വാഹനം ഏകദേശം തകർന്നിട്ടുണ്ടെങ്കിലും ഉള്ളിലുള്ള യാത്രക്കാർക്ക് കാര്യമായ പരിക്കൊന്നുമില്ല. പുതിയകാല വാഹനങ്ങൾ നൽകുന്ന സുരക്ഷയെ പ്രകീർത്തിക്കുകയാണ് നിലവിൽ ആളുകൾ.
അപകടത്തിൽപെട്ടത് ടാറ്റ തിയാഗൊ
2020ലെ ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ നാല് സ്റ്റാർ നേടിയ വാഹനമാണ് ടാറ്റ തിയാഗൊ. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ചെറു കാർ എന്നാണ് തിയാഗൊ അറിയപ്പെടുന്നത്. ഇൗ നേട്ടങ്ങൾ ശരിവക്കുന്ന തരത്തിലാണ് തിയാഗൊ അപകടത്തിൽ പെരുമാറിയത്. വാഹനം പലതവണ കരണം മറിഞ്ഞതിനാൽ മേൽക്കൂര കാര്യമായി തകർന്നിരുന്നു.
ഡോറുകളും ചതഞ്ഞ് നാശമായി. ഡ്രൈവറുടെ ഭാഗത്തെ അലോയ് വീലും ആക്സിലും ഒടിഞ്ഞു മാറി. മറ്റൊരു വീൽ ഇളകിത്തെറിച്ച് ദൂരേക്ക് പോയിരുന്നു. അദ്ഭുതപ്പെടുത്തുന്ന കാര്യം മുൻവശത്തിന് കാര്യമായ കേടുപാടില്ല എന്നതാണ്. ബമ്പർ, ഹെഡ്ലൈറ്റ്, ഗ്രില്ല് എന്നിവക്കും തകരാറൊന്നും പറ്റിയിരുന്നില്ല. ഇരട്ട എയർബാഗുള്ള വാഹനമാണ് തിയാഗൊ.
പക്ഷെ മുന്നിൽ കാര്യമായ ക്ഷതമേൽക്കാത്തതിനാൽ എയർബാഗുകൾ തുറന്നിരുന്നില്ല (വാഹനങ്ങളുടെ മുന്നിലാണ് എയർബാഗ് തുറക്കാനുള്ള സെൻസറുകൾ സാധാരണയായി പിടിപ്പിക്കാറുള്ളത്). യാത്രക്കാർ സീറ്റ്ബെൽറ്റ് ഇട്ടത് രക്ഷയായെന്നാണ് സൂചന. എന്തായാലും തിയാഗോയുടെ വീരകഥ വാഹന ലോകത്തെ പാണന്മാർ പാടി നടക്കാൻ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.