ഒടുവിൽ സമ്മതിച്ചു; കോവിഡ് രണ്ടാം തരംഗത്തിനിടെ ഗംഗയിൽ മൃതദേഹങ്ങൾ ഒഴുക്കി
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ ഗംഗ നദിയിൽ മൃതദേഹങ്ങൾ ഒഴുക്കിയെന്ന് സമ്മതിച്ച് നാഷണൽ ക്ലീൻ ഗംഗ ആൻഡ് നമാമി ഗംഗ തലവൻ രാജീവ് രഞ്ജൻ മിശ്ര. 'ഗംഗ റീ ഇമാജിങ്, റെജുവനേറ്റിങ്, റീകണക്ടിങ്' എന്ന പുസ്തകത്തിലാണ് പരാമർശം.
1987ലെ തെലങ്കാന കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ മിശ്ര കഴിഞ്ഞ അഞ്ച് വർഷമായി ഗംഗ നദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമാണ്. 2021 ഡിസംബർ 31നാണ് അദ്ദേഹം വിരമിക്കുന്നത്. ഇതിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബിബിക് ദേബ്രോയിയാണ് പുതിയ പുസ്തകം പുറത്തിറക്കിയത്.
പുസ്തകത്തിലെ ഒരു അധ്യായത്തിൽ കോവിഡ് ഗംഗയിലുണ്ടാക്കിയ ആഘാതത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇതിലാണ് യു.പി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ഗംഗ നദിയെ കോവിഡ് രണ്ടാം തരംഗത്തിന്‍റെ സമയത്ത് മൃതദേഹങ്ങൾ തള്ളാൻ ഉപയോഗിച്ചുവെന്ന പരാമർശമുള്ളത്.
കഴിഞ്ഞ വർഷം മേയിലാണ് ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതെന്ന് അദ്ദേഹം പറയുന്നു. അത്തരം റിപ്പോർട്ടുകൾ ഹൃദയഭേദകമായിരുന്നു. ഗംഗയിൽ ഒഴുകി നടക്കുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടിയപ്പോൾ 59 ജില്ലകളിലെ ഗംഗ കമ്മിറ്റികളോട് ഇക്കാര്യത്തിൽ ശ്രദ്ധപുലർത്താൻ ആവശ്യപ്പെട്ടു.
കോവിഡ് കൈകാര്യം ചെയ്യുന്നതിലെ പരാജയമാണ് ഗംഗയിൽ മൃതദേഹങ്ങൾ എത്താൻ കാരണം. എന്നാൽ ഇതിനെതിരെ നടപടിയെടുക്കാൻ നാഷണൽ ക്ലീൻ ഗംഗ പ്രോജക്ടിന് അധികാരമില്ലായിരുന്നുവെന്നും അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 300ൽ താഴെ മൃതദേഹങ്ങൾ ഇത്തരത്തിൽ ഗംഗയിൽ ഒഴുക്കിയിട്ടുണ്ടെന്ന് വ്യക്തമായതായും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.