Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightIn-depthchevron_rightപൈശാചികവത്കരിക്കാൻ...

പൈശാചികവത്കരിക്കാൻ വേണ്ടത്ര മുസ്‍ലിംകളില്ല; ഹിമാചൽ പ്രദേശ് ബി.ജെ.പിക്ക് നഷ്ടമായതിങ്ങനെ

text_fields
bookmark_border
പൈശാചികവത്കരിക്കാൻ വേണ്ടത്ര മുസ്‍ലിംകളില്ല; ഹിമാചൽ പ്രദേശ് ബി.ജെ.പിക്ക് നഷ്ടമായതിങ്ങനെ
cancel

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഭിന്നമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളായിരുന്നു ബി.ജെ.പി ഹിമാചൽ പ്രദേശിൽ കൈക്കൊണ്ടത്. മുസ്‍ലിം വിരുദ്ധതയും വിദ്വേഷ പ്രസംഗങ്ങളും കൊണ്ട് ഗുജറാത്തിൽ ബി.ജെ.പി നേതാക്കളും പ്രധാന മന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കളം നിറഞ്ഞപ്പോഴും ഹിമാചലിൽ അതൊന്നും പ്രയോഗിക്കാൻ അവർക്ക് കഴിഞ്ഞില്ല. കേവലം മൂന്ന് ശതമാനത്തിൽ താഴെ മാത്രം മുസ്‍ലിംകൾ മാത്രമാണ് സംസ്ഥാനത്തുള്ളത്. അതിനാൽ തന്നെ ഇതര സംസ്ഥാനങ്ങളിൽ നടത്തുന്ന രീതിയിൽ മുസ്‍ലിംകളെ പൈശാചിക വൽകരിച്ച് ഹിന്ദുത്വ കാർഡ് ഇളക്കി കളിക്കാൻ ബി.ജെ.പിക്ക് സാ ധിച്ചില്ലെന്നും അത് അവരുടെ തോൽവിയിലേക്ക് നയിച്ചെന്നും തെരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തുന്നു.

95.17 ശതമാനം ഹിന്ദു ജനസംഖ്യയുള്ള ഒരു സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ നിന്ന് പുറത്തായത് വർഗീയക്കളി കൊണ്ടല്ലെന്ന് ചുരുക്കം. മാത്രമല്ല, സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിന്റെ ഭരണ പരാജയം ഒന്നുകൊണ്ട് മാത്രമാണ് അവിടെ ബി.ജെ.പി പരാജയം രുചിച്ചതെന്ന് ഒറ്റനോട്ടത്തിൽ പറയാൻ കഴിയും. മറ്റിടങ്ങളിൽ വിലപ്പോകുന്ന വൈകാരിക വിഷയങ്ങൾ ഹിമാചൽ പ്രദേശിൽ തൊട്ടുതീണ്ടിയില്ലെന്ന് സാരം. ഇരട്ട-എഞ്ചിൻ സർക്കാറിന് പാളം തെറ്റിയ കാഴ്ചയാണ് ഹിമാചലിൽ കാണാനായത്. സംസ്ഥാന- കേന്ദ്ര സർക്കാറുകൾക്കെതിരെയുള്ള കൃത്യമായ വിലയിരുത്തലായി നിരീക്ഷകർ ഹിമാചൽ തെരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തുന്നു.

ഹിമാചലിൽ 2.18 ശതമാനം മുസ്‍ലിംകളും 1.16 ശതമാനം സിഖുകാരും മാത്രമാണുള്ളത്. അങ്ങനെ മുസ്‍ലിം വിരുദ്ധ സാമുദായിക വികാരം ആളിക്കത്തിക്കാനുള്ള സാധ്യതയില്ലാതായി. നിരവധി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുപോലും തന്റെ സ്ഥിരം വിദ്വേഷ കാർഡുകൾ പുറത്തിറക്കാനായില്ല. ഏക സിവിൽ കോഡ് പോലുള്ള പ്രശ്നങ്ങൾ ഹിമാലയൻ സംസ്ഥാനത്ത് തീരെ പ്രവർത്തിക്കില്ല എന്ന് ബി.ജെ.പിക്കും കൃത്യമായി അറിയാമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണകാലത്തും അത് പ്രകടമായി.

ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവ സവിശേഷ സംസ്ഥാനങ്ങളാണ്. ഉയർന്ന ജാതി ശ്രേണിയിൽ പെട്ടവരാണ് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്നത്. അവരാണ് രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതും. ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് താക്കൂർമാരും (രജ്പുത്) 18 ശതമാനം ബ്രാഹ്മണരുമാണെന്ന് കണക്കുകൾ പറയുന്നു. സംസ്ഥാനത്ത് ഏകദേശം 25.2 ശതമാനം പട്ടികജാതിക്കാരും 5.7 ശതമാനം പട്ടികവർഗ്ഗ വോട്ടർമാരുമുണ്ട്. മറ്റ് പിന്നാക്ക വിഭാഗങ്ങൾ വോട്ടർമാരിൽ 13.5 ശതമാനം വരും. കൗതുകകരമായ മറ്റൊരു സംഗതി, ഇന്ത്യയിൽ ദലിതുകൾ ഏറ്റവും കൂടുതലുുള രണ്ടാമത്തെ സംസ്ഥാനവും ഹിമാചൽ പ്രദേശാണ്. ശതമാനക്കണക്ക് അനുസരിച്ച്, പഞ്ചാബിന് ശേഷം ദലിതർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഹിമാചൽ. 32.9 ശതമാനമാണ് കണക്ക്. എന്നിട്ടും കാൻഷി റാം- മായാവതി നേതൃത്വം നൽകുന്ന ബഹുജൻ സമാജ് പാർട്ടിക്ക് ഇവിടെ വലിയ മുന്നേറ്റമുണ്ടാക്കാനായില്ല. ബി.ജെ.പിക്ക് ഇത്തവണ അവരുടെ വോട്ടുകൾ നേടാനായില്ല. 2017ൽ പട്ടികജാതി സംവരണമുള്ള 17ൽ 13ഉം പട്ടികവർഗ സംവരണമുള്ള മൂന്നിൽ രണ്ടെണ്ണവും ബി.ജെ.പി നേടിയിരുന്നു.

ഒരു ദലിത് പാർട്ടിയുടെ വളർച്ചക്ക് ആവശ്യമായ എല്ലാ സംഗതികളും ഒത്തൊരുങ്ങിയിട്ടും ഉത്തരാഖണ്ഡിനെപ്പോലെ, മൂന്നാമതൊരു രാഷ്ട്രീയ പാർട്ടിക്കും ഇവിടെ വളരാനായില്ല. ബി.ജെ.പി പൊതുവെ ഉയർന്ന ജാതിക്കാരുടെ പാർട്ടിയായാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ, സംസ്ഥാന ജനസംഖ്യയുടെ പകുതിയും ഈ സാമൂഹിക വിഭാഗത്തിൽപ്പെട്ടതായിട്ടും ഹിമാചലിൽ ബി.ജെ.പി അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടു.

ജാട്ട് ആധിപത്യമുള്ള ഇന്ത്യൻ നാഷനൽ ലോക്ദൾ, രാഷ്ട്രീയ ലോക്ദൾ, യാദവ് നയിക്കുന്ന സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ, ബഹുജൻ സമാജ് പാർട്ടി, മറാത്തയെ പ്രതിനിധീകരിക്കുന്ന ശിവസേന എന്നിവ പോലെ ഒന്നും ഇവിടെയില്ല. അതിനാൽതന്നെ മനസിലാകുന്ന മറ്റൊരു സംഗതി ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ബി.ജെ.പി പയറ്റുന്ന രാഷ്ട്രീയ തന്ത്രം വിലപ്പോയില്ല എന്ന് സാരം.

അതേസമയം, മുസ്‍ലിം ജനസംഖ്യ തീരെ കുറവുള്ള സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള മറുതന്ത്രം ബി.ജെ.പി ഇനിയും മെനയേണ്ടി വരും.

2021 നവംബറിൽ മാണ്ഡി ലോക്‌സഭ മണ്ഡലത്തിലും മൂന്ന് നിയമസഭാ ഉപ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി പരാജയപ്പെട്ടപ്പോൾ മാസങ്ങൾക്ക് മുമ്പ് മാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയിരുന്നു. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിലധികം വോട്ടുകൾക്ക് ബി.ജെ.പി കോൺഗ്രസിനെ പരാജയപ്പെടുത്തിയതിനാൽ മാണ്ഡിയിലെ തോൽവി ഒരു ഉണർവ് ആഹ്വാനമായിരുന്നു. മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ തട്ടകമാണ് മാണ്ഡി.

അയൽ സംസ്ഥാനമായ പഞ്ചാബിലും ബി.ജെ.പിക്ക് ശക്തമായി വളരാൻ കഴിയാതെ പോയത് ആ സംസ്ഥാനത്തെയും മുസ്‍ലിംകളുടെ അഭാവമാണ്. ഇവിടെയും ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ജാട്ടുകൾ രാഷ്ട്രീയമായി പ്രബലമായ ജാതിയാണ്. എന്നാൽ, അവരുടെ ആധിപത്യം വിവിധ പാർട്ടികളിൽ വ്യാപിച്ചുകിടക്കുന്നു. ഒരുകൂട്ടരിൽ മാത്രം ഒതുങ്ങുന്നില്ല. ജാട്ട് സിഖുകാരെ കൂടാതെ ചില ജാട്ട് ഹിന്ദുക്കളും ഉണ്ട്. അങ്ങനെ സാമൂഹിക സമവാക്യം ബി.ജെ.പിയുടെ വികാസത്തെ പരിമിതപ്പെടുത്തുന്നു എന്ന് സാരം.

കർണാടകയിലും ഗുജറാത്തിലും ഒക്കെ വളരെ വ്യക്തമായ വർഗീയതയും മുസ്‍ലിം വിരുദ്ധതയും തന്നെയാണ് ബി.ജെ.പി പയറ്റുന്നത്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ, ഏറ്റവും വലിയ സവർണ വിഭാഗമായ ലിംഗായത്തുകളെ ഒപ്പം നിർത്താനുള്ള എല്ലാ ശ്രമവും ബി.ജെ.പി തുടങ്ങിക്കഴിഞ്ഞു. 14-15 ശതമാനമാണ് കർണാടകയിൽ ലിംഗായത്തുകൾ. 12.92 മുസ്‍ലിംകളും ഉണ്ട്. അതിനാൽ തന്നെ കർണാടകയിൽ മുസ്‍ലിംവിരുദ്ധത ബി.ജെ.പിയുടെ വ്യക്തമായ ഒരു തെരഞ്ഞെടുപ്പ് തന്ത്രമാണ്. അതുപോലെ ഗുജറാത്തിലും. സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനമുള്ള ജാതിയാണ് ഗുജറാത്തിലെ പട്ടേൽ സമുദായം. 12-14 ശതമാനമാണ് അവരുടെ കണക്ക്. ഇവരെ പൂർണമായും ഒപ്പം കൂട്ടുന്നതിൽ ബി.ജെ.പി വിജയിച്ചു എന്നുവേണം വിലയിരുത്താൻ.

ഇതിനുപുറമെ, വർഗീയ സംഘർഷങ്ങളുടെ ചരിത്രമുള്ള ഒരു സംസ്ഥാനത്ത് സമൂഹത്തെ ധ്രുവീകരിക്കാൻ മുസ്ലീം ജനസംഖ്യ 9.67 ശതമാനം ധാരാളം മതിയാകും. 1969ലും 1980കളിലും കുപ്രസിദ്ധമായ കലാപങ്ങളാൽ അഹമ്മദാബാദ് നടുങ്ങിയതാണ്. 1992ൽ ബാബറി മസ്ജിദ് തകർത്തതിന് ശേഷം സൂറത്തിൽ വലിയ തോതിലുള്ള അക്രമങ്ങൾ അരങ്ങേറി. അതൊക്കെയും വളമാക്കി മാറ്റുന്നതിൽ വർഗീയ കക്ഷിയായ ബി.ജെ.പി പൂർണമായും വിജയിച്ചു.

എന്നാൽ ഹിമാചലിൽ സ്ഥിതി മറിച്ചാണ്. ഭരണ വിരുദ്ധ വികാരമാണ് അവിടെ വിധി നിർണയിച്ചത്. ഭീകരമായി മെലിഞ്ഞ കോൺഗ്രസിന് അമിതമായി പണിയെടുക്കേണ്ട അവസ്ഥ പോലും അവിടെ സംജാതമായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റ് ബി.ജെ.പി ഉന്നതർ എന്നിവർ ശക്തമായ പ്രചാരണം നടത്താൻ അവിടെ എത്തിയിരുന്നു. ഇതിനെ ചെറുക്കാൻ

പ്രിയങ്ക ഗാന്ധി മാത്രമാണ് കച്ചകെട്ടി ഇറങ്ങിയത്. പോരെങ്കിൽ, ബി.ജെ.പിയുടെ ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ചലച്ചിത്രതാരം കങ്കണ റണാവത്ത് എന്നിവർ ഹിമാചൽ പ്രദേശള കരാണ് താനും. ഒരുവേള പ്രചാരണത്തിനെത്തിയ കങ്കണ ബി.​ജെ.പി സീറ്റ് നൽകിയാൽ മത്സരിക്കാൻ തയ്യാറാണെന്നുവരെ പ്രഖ്യാപിച്ചിരുന്നു.

ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് സംസ്ഥാനങ്ങളിലും പ്രത്യേകം കേന്ദ്രീകരിക്കാൻ ബി.ജെ.പി ഉന്നതർക്ക് സൗകര്യമൊരുക്കുന്ന തരത്തിൽ പോളിംഗ് തീയതികൾ ക്രമീകരിച്ചതായി പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഹിമാചലിൽ സംസ്ഥാന കോൺഗ്രസ് അതിശക്തരായ ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തെ പരാജയപ്പെടുത്തി എന്നതാണ് എന്തൊക്കെ പറഞ്ഞാലും ഒടുവിലെ സത്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressbjpHimachal Pradesh election 2022
News Summary - BJP Loses Himachal Pradesh, Where it Has No Community to Demonise
Next Story