ഗവർണറുമായുള്ള പ്രശ്നം പരിഹരിക്കണമെന്ന് പിണറായി അമിത് ഷായെ കണ്ട് അഭ്യർഥിച്ചോ; സത്യം ഇതാണ്
text_fieldsഹരിയാനയിലെ സൂരജ്കുണ്ഡില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് രണ്ട് ദിവസത്തെ ചിന്തന്‍ ശിവിർ പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ സംസ്ഥാനങ്ങൾ ഇതിനെ അവഗണിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും മാത്രമാണ് പ്രതിപക്ഷ നിരയിൽ നിന്നും പങ്കെടുത്തത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരിപാടി അവഗണിച്ചുവെന്ന് മാത്രമല്ല, പരിപാടിക്കെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പങ്കെടുത്തില്ല. ആദ്യ ദിവസം യോഗത്തിൽ പങ്കെടുത്ത പിണറായി വിജയൻ രണ്ടാം ദിനം പങ്കെടുത്തതുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരാണ് ദ്വിദിന യോഗം നയിച്ചത്.
ഈ യോഗത്തിനിടെ കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള പ്രശ്നങ്ങൾ രമ്യതയിലാക്കാൻ അമിത് ഷായുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി എന്ന തരത്തിലാണ് ഇപ്പോൾ ചിത്രങ്ങൾ പ്രചരിക്കുന്നത്. 'കോൺഗ്രസ് മടവാക്കര' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. അമിത് ഷായും പിണറായിയും ഇരുന്ന് സംസാരിക്കുന്ന ചിത്രമാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്.
'എല്ലാം കോംപ്രമൈസായി ഗവര്‍ണര്‍ പിരിഞ്ഞു പോകണം' എന്ന കുറിപ്പിനൊപ്പമാണ് രണ്ട് ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ, പ്രസ്തുത ചിത്രം ഇപ്പോഴത്തേതല്ലെന്നും 2019 ജൂലൈയില്‍ നടത്തിയ കൂടിക്കാഴ്ചയുടേതാണെന്നും വ്യക്തമായി. അതേസമയം, ഇപ്പോഴത്തെ സന്ദര്‍ശനത്തില്‍ പിണറായി വിജയന്‍-അമിത് ഷാ കൂടിക്കാഴ്ച നടന്നതായി വിവരങ്ങളൊന്നും പുറത്തുവന്നിട്ടുമില്ല. ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചാരത്തിലുള്ള പോസ്റ്റില്‍ പറയുന്നതുപോലെ ഗവര്‍ണറുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി-അമിത്ഷാ കൂടിക്കാഴ്ചയിലെ ചിത്രമെന്ന രീതിയില്‍ പങ്കിടുന്ന ചിത്രം 2019ലേതാണെന്ന് വ്യക്തം. സംസ്ഥാന സർക്കാറിന്റെ പി.ആർ.ഡി വകുപ്പ് തന്നെ ഈ ചിത്രം അന്ന് മാധ്യമങ്ങൾക്ക് പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.