ഇത് ആരുടെ പൊലീസ്?
text_fieldsഅഞ്ചുവർഷം കേരളത്തിലെ പൊലീസ് സംവിധാനം എങ്ങനെയാണ് പ്രവർത്തിച്ചത്? എന്തായിരുന്നു പൊലീസ് മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനം? ഭരണത്തുടർച്ചയുണ്ടാകുമെന്ന് ഭരണപക്ഷം ആവർത്തിക്കുന്ന ഇൗ ഘട്ടത്തിൽ ഏറ്റവും നിർണായകമാണ് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനം വിലയിരുത്തുക എന്നത്.
''സാമ്പത്തികപരവും സൈനികപരവും മാനവവിഭവശേഷീപരവുമായ കേന്ദ്രസർക്കാർ സഹായങ്ങൾ നൽകുന്നത് ഞങ്ങളുടെ തീവ്രവാദികളെ തുരത്താനുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് വളരെയധികം സഹായകമാകും. കഴിഞ്ഞ മൂന്ന് വർഷമായി കേരളം ആവശ്യപ്പെടുന്ന തീവ്രവാദ വിരുദ്ധ/പ്രത്യാക്രമണ സേനാ പരിശീലന കേന്ദ്രം അനുവദിക്കണം. ഒരു റിസർവ് ബറ്റാലിയനെകൂടി അനുവദിക്കണം. സി.ആർ.പി.എഫിൽനിന്ന് ഡെപ്യൂട്ടേഷനിൽ ഓഫിസർമാരെ വേണം. എൻ.എസ്.ജി, സി.എ.പി.എഫ് (സെൻട്രൽ ആംഡ് ഫോഴ്സസ്), ഐ.ബി എന്നിവർ സംസ്ഥാന പൊലീസിനെ പരിശീലിപ്പിക്കണം. ഇടത് തീവ്രവാദത്തിെൻറ പിടിയിലുള്ള അഞ്ച് ജില്ലകളും സെക്യൂരിറ്റി റിലേറ്റഡ് എക്സ്െപൻഡിച്ചർ സ്കീമിന് കീഴിൽ ഉൾപ്പെടുത്തണം. പൊലീസ് ഇൻറലിജൻസ് സംവിധാനത്തെ ആധുനികവത്കരിച്ച് ശക്തിപ്പെടുത്താൻ പ്രത്യേക പദ്ധതി വേണം.''
2016 മേയിൽ മന്ത്രിസഭ അധികാരത്തിലേറിയ ശേഷം ആദ്യമായി നടന്ന ഇൻറർസ്റ്റേറ്റ് ചീഫ് മിനിസ്റ്റേഴ്സ് കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണിത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏതെങ്കിലും തരത്തിലുള്ള ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങളോ സംഘർഷ സാധ്യതകളോ തീവ്രവാദ സംഘങ്ങളുടെ സാന്നിധ്യമോ ഒന്നുമില്ലാത്ത സംസ്ഥാനമാണ് കേരളം. യുവജന സംഘടനകളും വിദ്യാർഥി സംഘടനകളും നടത്തിവരാറുള്ള സെക്രേട്ടറിയറ്റ്/ കലക്ടറേറ്റ്/ പൊലീസ് സ്റ്റേഷൻ മാർച്ചുകളെ നിയന്ത്രിക്കാനും അക്രമാസക്തരാകുന്ന പ്രവർത്തകരെ പിന്തിരിപ്പിക്കാനും ഗ്രനേഡും കണ്ണീർവാതകവും ജലപീരങ്കിയും ലാത്തിയുമെല്ലാം വേണ്ടിവരാറുണ്ട് എന്നതിലപ്പുറം കേരളത്തിലെ ആഭ്യന്തര സൈനിക സന്നാഹങ്ങൾ കൂടുതൽ സായുധസജ്ജരാകേണ്ട ഒരു സാഹചര്യവും നമുക്ക് മുന്നിലില്ല എന്നതാണ് പരമ യാഥാർഥ്യം. എന്നാൽ പിണറായി വിജയൻ അധികാരത്തിലേറിയ ഉടൻ തന്നെ കേരളത്തിലെ ആഭ്യന്തര സൈനിക സന്നാഹങ്ങളെ കൂടുതൽ സായുധവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. കേരളത്തിൽ നാമമാത്രമായി മാത്രം പ്രവർത്തിച്ചിരുന്ന മാവോവാദി സംഘങ്ങളുടെ സാന്നിധ്യത്തെ പെരുപ്പിച്ച് കാണിച്ച് കേന്ദ്രത്തിൽനിന്നും കൂടുതൽ സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ നേടിയെടുക്കുന്നതിനും അദ്ദേഹം ശ്രമിച്ചിരുന്നു. അത്തരം ശ്രമങ്ങളുടെ ഭാഗമായിരുന്നോ പിണറായി വിജയെൻറ ഭരണകാലത്ത് കേരളത്തിൽ അരങ്ങേറിയ തുടർ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
കേരളത്തിെൻറ ചരിത്രത്തിൽ ഒരിക്കലും നടന്നിട്ടില്ലാത്തവിധത്തിലുള്ള ഏറ്റുമുട്ടൽ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളുമാണ് ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സംഭവിച്ചിട്ടുള്ളത്. ജനകീയ പ്രതിരോധങ്ങൾക്ക് നേരെ നടന്ന ക്രൂരമായ അടിച്ചമർത്തലുകൾ, അന്യായമായ അറസ്റ്റുകൾ, സദാചാര ആക്രമണങ്ങൾ, ലോക്കപ്പ് മർദനങ്ങൾ, കസ്റ്റഡി മരണങ്ങൾ എന്നിങ്ങനെ പൊലീസ് നടത്തിയ അമിതാധികാര പ്രയോഗങ്ങളുടെ നിരവധി സംഭവങ്ങൾ വേറെയും. പൊലീസിെൻറ വിവിധങ്ങളായ പ്രവൃത്തികൾക്ക് നേരെ രൂക്ഷമായ എതിർപ്പുകളും വിമർശനങ്ങളും ഉയർന്നുകൊണ്ടിരുന്ന ഇതേ കാലയളവിൽ തന്നെയാണ് പൊലീസിന് മജിസ്റ്റീരിയൽ പദവികൂടി നൽകുന്നതിനുള്ള നീക്കങ്ങൾക്കും പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന കേരള പൊലീസ് ആക്ട് ഭേദഗതിക്കും സർക്കാർ തയാറായത്. ദേശീയ തലത്തിൽനിന്നടക്കം വന്ന വലിയ സമ്മർദങ്ങളെയും എതിർപ്പുകളെയും തുടർന്നാണ് പൊലീസ് ആക്ട് ഭേദഗതിയിൽനിന്നും പിന്നീട് സർക്കാർ പിന്മാറിയത്. മുഖ്യമന്ത്രി തെൻറ ഉപദേഷ്ടാവായി രമൺ ശ്രീവാസ്തവയെ കൊണ്ടുവന്നതും അദ്ദേഹത്തിന് 'ജാഗ്രതക്കുറവ്' സംഭവിച്ചുവെന്നു പറഞ്ഞതും കൂട്ടിവായിക്കുക.
വാളയാറിലെ ഇരട്ട സഹോദരിമാരുടെ കൊലപാതകത്തെ ആത്മഹത്യയാക്കി ചിത്രീകരിച്ച് പ്രതികളെ രക്ഷപ്പെടാൻ പൊലീസ് സഹായിച്ച സംഭവം, കോട്ടയത്ത് ദുരഭിമാനക്കൊലയുടെ ഇരയായ കെവിൻ ജോസഫിനെ രക്ഷിക്കാൻ സാധിക്കുമായിരുന്നിട്ടും അത് ചെയ്യാതിരുന്നത്, പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ഓഫിസിലെത്തിയ അമ്മ മഹിജയെ നടുറോട്ടിലൂടെ വലിച്ചിഴച്ചത്, ഗെയിൽ വാതക പൈപ്പ്ലൈനിനെതിരെ കോഴിക്കോട് മുക്കത്തും, ഐ.ഒ.സി പ്ലാൻറിനെതിരെ എറണാകുളം പുതുവൈപ്പിലും നടന്ന പ്രദേശവാസികളുടെ സമരത്തെ ഭീകരമായ ലാത്തിച്ചാർജിലൂടെ അടിച്ചമർത്തിയത്, കണ്ണൂർ പാലത്തായിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി പ്രവർത്തകനായ അധ്യാപകന് ജാമ്യം ലഭിക്കുന്ന തരത്തിൽ കുറ്റപത്രം വൈകി സമർപ്പിക്കുകയും മതിയായ തെളിവുകൾ ശേഖരിക്കാതിരിക്കുകയും ചെയ്തത്, പത്രപ്രവർത്തകനായ കെ.എം. ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് രക്ഷപ്പെടുന്നതിനുള്ള അവസരങ്ങളൊരുക്കിക്കൊടുത്തത്, രാത്രിയിൽ പുറത്തിറങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങളെ എറണാകുളത്തും കോഴിക്കോടും വെച്ച് അടിച്ചോടിച്ചത്, എറണാകുളത്ത് രാത്രിയിൽ റെയിൽവേസ്റ്റേഷനിലേക്ക് ഒറ്റക്ക് നടന്നുപോയതിന് അമൃത എന്ന പെൺകുട്ടിയെ കസ്റ്റഡിയിൽ കൊണ്ടുപോവുകയും സുഹൃത്ത് പ്രതീഷിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിക്കുകയും ചെയ്തത്, കൊച്ചിയിൽ ഡിവൈ.എസ്.പിക്കെതിരെ പരാതിയുമായെത്തിയ വീട്ടമ്മയെ ഒതുക്കാൻ പൊലീസ് തന്നെ ക്വട്ടേഷൻ സംഘത്തെ ഇറക്കിയ സംഭവം, വരാപ്പുഴയിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട (ഇവർ നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞു) എഴുപത് കഴിഞ്ഞ വയോധികയെക്കൊണ്ട് പണം തിരികെ നൽകാനെന്ന് പറഞ്ഞ് വീടും പുരയിടവും പൊലീസുകാർ വിൽപ്പിച്ചത്, എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ സുരേഷ് എന്ന ബസ് ൈഡ്രവറെ ഇരുമ്പ് വടി കൊണ്ട് അടിച്ച് നട്ടെല്ല് തകർത്തത്, കൊല്ലം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ വെച്ച് രാജീവ്, ഷിബു എന്നീ ദലിത് യുവാക്കളെ കോടതിയിൽ പോലും ഹാജരാക്കാതെ അഞ്ച് ദിവസത്തോളം ക്രൂരമായ ലോക്കപ്പ് മർദനങ്ങൾക്കിരയാക്കിയത് തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര സംഭവങ്ങളിലാണ് പൊലീസിന് നേരെ അതിരൂക്ഷമായ വിമർശനങ്ങളുയർന്നിട്ടുള്ളത്.
ജാതീയ പീഡനംമൂലം പിന്നാക്ക ജാതിയിൽപ്പെട്ട പൊലീസുകാർ രാജിവെച്ച് ജോലി ഉപേക്ഷിച്ചുപോയ സംഭവങ്ങളും മേലുദ്യോഗസ്ഥരുടെ പീഡനംമൂലം സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ നാടുവിട്ടുപോയ സംഭവവുംവരെ ഇക്കാലത്ത് നടന്നിരുന്നു. കേന്ദ്രം നടപ്പാക്കിയ പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും പൗരത്വഭേദഗതിക്കെതിരെ സമരരംഗത്തിറങ്ങിയ ജെ. ദേവിക, കെ.കെ. ബാബുരാജ്, ടി.ടി. ശ്രീകുമാർ, ഹമീദ് വാണിയമ്പലം, കെ. അംബുജാക്ഷൻ തുടങ്ങിയ നിരവധി സാമൂഹിക^രാഷ്ട്രീയ പ്രവർത്തകർക്കെതിരെ കേസുമായി മുന്നോട്ടുപോവുകയാണ് ഇപ്പോൾ പൊലീസ്.
ഏറ്റുമുട്ടൽ നാടകങ്ങൾ
പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയതിന് ശേഷം തുടർച്ചയായി നടന്ന നിരവധി ഏറ്റുമുട്ടലുകളിലൂടെ രണ്ട് സ്ത്രീകളടക്കം എട്ട് മാവോവാദികളാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. നിലമ്പൂരിലെ കരുളായിയിൽ നടന്ന ആദ്യ വെടിവെപ്പിെൻറ സമയത്ത് തന്നെ സംഭവം വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്നതിെൻറ സംശയങ്ങൾ പുറത്ത് വന്നിരുന്നു. ഭരണകക്ഷിയിലെ പ്രബല വിഭാഗമായ സി.പി.ഐയും ആഭ്യന്തരവകുപ്പിനെതിരെ അന്ന് രംഗത്ത് വന്നു. എന്നാൽ ഇതൊന്നും വകവെക്കാതെ വീണ്ടും വീണ്ടും മനുഷ്യവേട്ട തുടരുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിച്ചുവന്നത്. നിലമ്പൂർ, വൈത്തിരി, മഞ്ചിക്കണ്ടി, വാളാരംകുന്ന് കൊലപാതകങ്ങളിൽ ഗുരുതരമായ ഏറെ ആരോപണം സർക്കാറിന് നേരെ ഉയർന്നിട്ടും ആഭ്യന്തരവകുപ്പ് തലവൻകൂടിയായ മുഖ്യമന്ത്രി മൗനത്തിലായിരുന്നു. സത്യം എന്താണെന്ന് പരിശോധിക്കുന്നതിനോ അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനോ അദ്ദേഹം തുനിഞ്ഞില്ല. പകരം പൊലീസിനെ കയറൂരി വിട്ട് അവർക്ക് വീണ്ടും വീണ്ടും ഇത്തരം കൃത്യങ്ങൾ നടത്തുന്നതിനുള്ള ധൈര്യം പകരുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.
2016 നവംബർ 24ന് നിലമ്പൂരിലെ കരുളായിയിലും 2019 മാർച്ച് 6ന് വയനാട് വൈത്തിരിയിലും 2019 ഒക്ടോബർ 28, 29 തീയതികളിൽ അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിലും 2020 നവംബർ 3ന് വയനാട് പടിഞ്ഞാറത്തറയിലെ വാളാരംകുന്നിലുമാണ് ഏറ്റുമുട്ടലുകൾ നടന്നത്. നിലമ്പൂരിലെ കരുളായിയിൽ രോഗശയ്യയിൽ ക്യാമ്പിൽ വിശ്രമിച്ച അജിതയെയും കുപ്പുദേവരാജിനെയും ഏകപക്ഷീയമായ വെടിവെപ്പിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നതിെൻറ നിരവധി തെളിവുകൾ അന്ന് തന്നെ പുറത്തുവന്നിരുന്നു. വൈത്തിരി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി. ജലീൽ ഉപയോഗിച്ചിരുന്ന തോക്കിൽനിന്നും വെടിയുതിർത്തിട്ടേയില്ലെന്ന ഫോറൻസിക് റിപ്പോർട്ടും, പൊലീസിനെ കണ്ട് പിന്തിരിഞ്ഞോടുന്ന മാവോവാദികളുടെ സി.സി.ടി.വി ദൃശ്യങ്ങളും, ആദ്യം വെടിവെച്ചത് പൊലീസാണെന്ന സാക്ഷിമൊഴികളുമെല്ലാം പുറത്ത് വന്നിരുന്നു. മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശികളായ രമ, അരവിന്ദ്, കാർത്തി, മണിവാസകം എന്നിവർ കീഴടങ്ങാൻ തീരുമാനിച്ചതിന് ശേഷം ആ വിവരം മധ്യസ്ഥർ വഴി പൊലീസിൽ അറിയിച്ചിരുന്നുവെന്നാണ് പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. സ്ഥലം സന്ദർശിച്ച സി.പി.ഐയുടെ വസ്തുതാന്വേഷണ സംഘമടക്കമുള്ള നിരവധി സംഘങ്ങൾ സംശയരഹിതെമന്യേ മഞ്ചിക്കണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദവും മുന്നോട്ടുവെച്ചിരുന്നു. എന്നിട്ടും കേരളത്തിെൻറ വനമേഖലകളിൽ ആഭ്യന്തര വകുപ്പിെൻറ ഒത്താശയോടെ തണ്ടർബോൾട്ട് സംഘം ഒരു മടിയുമില്ലാതെ അവരുടെ സംഹാരതാണ്ഡവങ്ങൾ തുടർന്നു.
മുൻകാലങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നാം കേട്ടിരുന്ന വാർത്തകൾപോലെ സായുധ ഏറ്റുമുട്ടലുകളുടെയും കൊലപാതകങ്ങളുടെയും വാർത്തകൾ കേരളത്തിെൻറ വനമേഖലകളിൽനിന്ന് പുറത്തുവന്നുകൊണ്ടിരുന്നു. ഏറ്റുമുട്ടൽക്കൊലയുടെ നാടായി കേരളം മാറി. ജീവനുള്ള മനുഷ്യരെ വേട്ടയാടി വെടിവെച്ചു കൊല്ലുന്ന പൊലീസ് നടപടി കേരളത്തിൽ തുടർസംഭവങ്ങളായി അരങ്ങേറി. മാവോവാദികളെ രാജ്യത്തെ നിയമവ്യവസ്ഥക്കോ വിചാരണക്കോ വിട്ടുകൊടുക്കാതെ അവർക്കുള്ള ശിക്ഷ പൊലീസ് തന്നെ തോക്കിൻമുനയിൽ വിധിച്ചു.
തോക്കിൻമുനയിൽ ജീവനൊടുങ്ങാൻ മാത്രം വലിയ എന്ത് കുറ്റകൃത്യങ്ങളാണ് മാവോവാദികൾ ഇവിടെ ചെയ്തിട്ടുള്ളത് എന്ന ചോദ്യവും പ്രസക്തമാണ്. ആദിവാസി ഉൗരുകളിൽ കടന്നുചെന്ന് അരിയും പഞ്ചസാരയും ചോദിക്കുന്നതും ചുവരുകളിൽ പോസ്റ്ററുകൾ പതിക്കുന്നതും പിണറായി വിജയെൻറ പൊലീസിനാൽ നിയമബാഹ്യകൊലകൾക്കിരകളാകുന്നതിനുള്ള കുറ്റകൃത്യമായി കേരളത്തിൽ മാറി. സംസ്ഥാനത്തിെൻറ ക്രമസമാധാനത്തിനോ ജനങ്ങളുടെ സ്വൈര്യജീവിതത്തിനോ കാര്യമായ ഒരു പ്രശ്നവും ഇതുവരെ സൃഷ്ടിച്ചിട്ടില്ലാത്ത, പ്രതീകാത്മകമായ ചില സമരങ്ങൾക്കപ്പുറം മറ്റ് അക്രമങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ലാത്ത, കേരളത്തിെൻറ സാമൂഹിക- രാഷ്ട്രീയ അന്തരീക്ഷത്തിൽ ഒരു തടസ്സമോ വെല്ലുവിളിയോ ആയി ഇനിയും മാറിയിട്ടില്ലാത്ത ഒരു ചെറിയ സംഘത്തിെൻറ കേവല സാന്നിധ്യത്തെ വലിയ ഭീകരതയായി കാണിച്ച് കേരളത്തെ സംഘർഷബാധിതമേഖലയാക്കി മാറ്റേണ്ടത് ആരുടെ താൽപര്യമാണ്? നിരന്തരമായി മാവോവാദികളെ കൊലപ്പെടുത്തി, ''ഞങ്ങളിതാ രാജ്യത്തിന് ഭീഷണിയായ മാവോവാദികളെ ഉന്മൂലനം ചെയ്യുന്നു'' എന്ന് പ്രഖ്യാപനം നടത്തുന്നതിലൂടെ പിണറായി സർക്കാർ ലക്ഷ്യമിടുന്നതെന്താണ്?
മാവോവാദികളെ പെരുപ്പിച്ച് കാണിച്ച് കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗത്തിൽനിന്നും വലിയ സൈനിക സന്നാഹങ്ങൾ കേരളത്തിലെത്തിക്കുന്നതിനായി തുടക്കംമുതലേ പിണറായി സർക്കാർ ശ്രമിക്കുന്നുണ്ടായിരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, പാലക്കാട് എന്നീ അഞ്ചു ജില്ലകളെ മാവോവാദി ബാധിതമേഖലയായി പ്രഖ്യാപിച്ചതും ഇതിെൻറ ഭാഗമായായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി നിരോധിച്ച 'സൽവ ജൂദുമി'ന് സമാനമായ രീതിയിൽ കേരളത്തിൽ ആദിവാസികളെ സൈനികവത്കരിക്കുന്ന പദ്ധതിയും സർക്കാർ കൊണ്ടുവന്നു.
അധികാരത്തിലെത്തി കേവലം മാസങ്ങൾക്കുള്ളിൽ നടന്ന ഇൻറർസ്റ്റേറ്റ് ചീഫ് മിനിസ്റ്റേഴ്സ് കൗൺസിലിൽ പിണറായി വിജയൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ, തുടർച്ചയായി നടക്കുന്ന ഈ വെടിവെപ്പുകളും കൊലപാതകങ്ങളും മാവോവാദി സാന്നിധ്യങ്ങളുമായി ബന്ധപ്പെട്ട പൊലീസിെൻറ ദുരൂഹ പ്രചാരണങ്ങളുമെല്ലാം കേരളത്തെ സൈനികവത്കരിക്കാനുള്ള ബോധപൂർവശ്രമങ്ങളാണ് എന്ന സംശയം ജനിപ്പിക്കുന്നതുതന്നെയാണ്. മാവോവാദി വേട്ടക്കായി തണ്ടർബോൾട്ട് എന്ന പേരിൽ സായുധസജ്ജരായ സംഘത്തെ നിയോഗിക്കുകയും അതിനായി ഭീമമായ ഫണ്ട് ചെലവഴിക്കുകയും ചെയ്യുമ്പോൾ അവരുടെ നിലനിൽപിനായി ഇത്തരത്തിലുള്ള വ്യാജ ഏറ്റുമുട്ടലുകൾ തലപൊക്കുമെന്നതുറപ്പാണ്. തണ്ടർബോൾട്ട് അടക്കമുള്ള തീവ്രവാദ വിരുദ്ധ സേനകൾക്കായി കേരളത്തിൽ ചെലവഴിക്കുന്ന തുകയുടെ കണക്കുകൾ ആവശ്യപ്പെട്ട് കേരളത്തിലെ മനുഷ്യാവകാശപ്രവർത്തകർ വിവരാവകാശനിയമപ്രകാരം അപേക്ഷകൾ സമർപ്പിച്ചിട്ട് ഇന്നോളം ഒരു മറുപടിയും ലഭിച്ചിട്ടില്ല എന്നതുകൂടി ഇവിടെ ചേർത്തുവായിക്കേണ്ടതുണ്ട്.
ഇതുവരെ നടന്ന ഏറ്റുമുട്ടൽ സംഭവങ്ങളിൽ ഒന്നിൽപോലും പൊലീസിെൻറ വാദങ്ങളിൽ സംശയകരമായ ഒന്നും പിണറായി വിജയൻ മുന്നോട്ടുവെച്ചില്ല എന്ന് മാത്രമല്ല എല്ലാ സംഭവങ്ങളിലും തണ്ടർബോൾട്ട് ഭാഷ്യം അതേപടി ആവർത്തിച്ചുകൊണ്ട് മുഖ്യമന്ത്രി എന്ന സ്ഥാനത്തുനിന്ന് മാറി തണ്ടർബോൾട്ട് മേധാവിയാവുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അടിയന്തരാവസ്ഥകാലത്തെ രാജെൻറ തിരോധാനത്തിെൻറ പേരിൽ സി. അച്യുതമേനോൻ, കെ. കരുണാകരൻ എന്നീ രണ്ട് മുൻ മുഖ്യമന്ത്രിമാർക്ക് വലിയ രാഷ്ട്രീയ നഷ്ടങ്ങൾ സംഭവിച്ച കേരളത്തിലാണ് പിണറായി വിജയൻ എന്ന ആഭ്യന്തരവകുപ്പ് തലവെൻറ പൊലീസ് എട്ട് മനുഷ്യജീവനുകളെടുത്തിട്ടും ഒരു പോറലുമേൽക്കാതെ അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത്.
വംശീയതയുടെ പൊലീസ്
കേരളത്തിലെ പൊലീസ് സേനയുടെ മൃദുഹിന്ദുത്വ സമീപനങ്ങൾ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അങ്ങേയറ്റം വംശീയ മനോഭാവത്തോടെയുള്ള പൊലീസ് നടപടികള്‍ക്കും നീക്കങ്ങള്‍ക്കും സംസ്ഥാനം പല തവണ സാക്ഷ്യംവഹിച്ചിട്ടുണ്ട്. യഥാർഥത്തിൽ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് പൊലീസിന് മേല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ചെലുത്താന്‍ സാധിക്കുന്ന തരത്തില്‍ കാര്യമായ സ്വാധീനം കേരളത്തിലില്ല. അതിനാല്‍ തന്നെ പൊലീസ് സേന തുടര്‍ന്നുവരുന്ന ഈ സമീപനങ്ങളെ രാഷ്ട്രീയ പ്രേരിതമായി മാത്രം കാണാനാവില്ല. പകരം പൊലീസിെൻറ ഒരു പൊതു മനോനില തന്നെയാണ് ഇവിടെ പ്രകടമാകുന്നത്. സംഘ്പരിവാര്‍ സൃഷ്ടിച്ചെടുത്ത, ന്യൂനപക്ഷ വിദ്വേഷമടക്കമുള്ള പൊതുബോധത്തിലേക്ക് പൊലീസ് വഴുതി വീണിരിക്കുന്നു. പൊലീസ് നയങ്ങളിലെ ഇരട്ടനീതി പ്രകടമാകുന്ന എത്രയോ സംഭവങ്ങള്‍ ഇക്കാലയളവില്‍ അരങ്ങേറിയിരുന്നു. മുന്‍ ഡി.ജി.പിമാരായിരുന്ന ടി.പി. സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവര്‍ അവരുടെയുള്ളിലെ ഹിന്ദുത്വ നിലപാടുകള്‍ പരസ്യമായി തുറന്നുപറഞ്ഞ് ബി.ജെ.പിയുടെ ഭാഗമാകുന്നതും ഇതിനിടയില്‍ കണ്ടു.
തൃശൂരിലെ പൊലീസ് അക്കാദമിയില്‍ ബീഫ് വിളമ്പുന്നതിന് ഐ.ജി സുരേഷ് രാജ് പുരോഹിത് വിലക്ക് ഏര്‍പ്പെടുത്തിയതാണ് ഈ സര്‍ക്കാറിെൻറ തുടക്കത്തില്‍ പുറത്തുവന്ന സംഭവം. പുരോഹിതിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയെങ്കിലും പ്രശ്നങ്ങള്‍ അവിടെ അവസാനിച്ചില്ല. പൊലീസ് ആസ്ഥാനത്ത് ആര്.എസ്.എസ് അജണ്ട നടപ്പാക്കുമെന്നും തടയാമെങ്കില്‍ തടയൂ എന്നുമുള്ള പരസ്യമായ വെല്ലുവിളിയുമായി സുരേഷ് രാജ് പുരോഹിത് രംഗത്ത് വന്നു. സുരേഷ് രാജ് പുരോഹിതിന് സംഘ്പരിവാര്‍ നേതൃത്വങ്ങളുമായും കേന്ദ്ര ഭരണകൂടവുമായുമുള്ള അടുത്ത ബന്ധങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇടത് പൊലീസ് സംഘടനകള്‍ അന്ന് രംഗത്ത് വന്നിരുന്നു. സംഘ്പരിവാറിെൻറ നിര്‍ദേശ പ്രകാരം പുരോഹിത് സി.ഐമാരുടെ സ്ഥലംമാറ്റത്തില്‍ ഇടപെട്ടതായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
പൊലീസില്‍ ആര്.എസ്.എസിെൻറ സ്ലീപ്പര്‍ സെൽ ഉണ്ടെന്നതിെൻറ തെളിവുകളുമായി ഏതാനും മാധ്യമറിപ്പോര്‍ട്ടുകളും പുറത്തുവന്നു. കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തില്‍ നടന്ന ആര്.എസ്.എസിെൻറ പഠന ശിബിരത്തില്‍ വെച്ച് പൊലീസ് സേനയിലെ ഇടപെടല്‍ ശക്തമാക്കാന്‍ ആര്.എസ്.എസ് തീരുമാനിച്ചതിെൻറ തെളിവുകളും പുറത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്ന് നവമാധ്യമങ്ങളിലടക്കം പൊലീസിെൻറ ആര്.എസ്.എസ് ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചനടന്നു. പൊലീസിനകത്തെ സംഘ്വത്കരണത്തിെൻറ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തും ശ്രദ്ധയാകര്‍ഷിച്ചു. ബി.ജെ.പിയും ആര്.എസ്.എസും പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങളില്‍ തെളിവുകളുണ്ടായിട്ടും കേസെടുക്കാന്‍ പൊലീസ് തയാറാകുന്നില്ല എന്നതായിരുന്നു പൊലീസിന് നേരെ ഉയര്‍ന്നിരുന്ന മുഖ്യ പരാതി.
നരേന്ദ്രമോദി സര്‍ക്കാറിെൻറ കാലത്തെ തുടര്‍ച്ചയായ പെട്രോള്‍ വിലവര്‍ധനക്കെതിരെ 2017ല്‍ സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് പഞ്ചിങ് മോദി ചലഞ്ച് എന്ന പ്രതിഷേധ പരിപാടിയുമായി രംഗത്ത് വന്നു. ഇതിെൻറ ഭാഗമായി ആലപ്പുഴയില്‍ നടന്ന പരിപാടിയിൽ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിട്ടു. ഇരുകൂട്ടരെയും അറസ്റ്റ്ചെയ്ത പൊലീസ് അക്രമമഴിച്ചുവിട്ട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ കേസെടുക്കാതെ അവരെ വെറുതെ വിട്ടയക്കുകയാണ് ചെയ്തത്.
അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിലെ ദേശീയഗാനാലാപന വിവാദവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിെൻറ വീട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ച്, പ്രതിഷേധാത്മകമായി ദേശീയഗാനം ആലപിച്ചു. അന്യായമായി റോഡ് ഉപരോധിച്ചുവെന്ന പെറ്റികേസ് മാത്രമാണ് പൊലീസ് അവര്‍ക്ക് നേരെ ചുമത്തിയത്. പ്രതിഷേധാത്മകമായി ദേശീയഗാനം ആലപിക്കരുതെന്ന ആഭ്യന്തര മന്ത്രാലയത്തിെൻറ വിധിയനുസരിച്ച് കേസെടുക്കണമെന്ന തരത്തില്‍ നിരവധി പരാതി ലഭിച്ചിട്ടും അത് സ്വീകരിക്കാന്‍ പൊലീസ് തയാറായില്ല. എന്നാല്‍ നോവലിസ്റ്റ് കമൽ സി. ചവറക്കെതിരെ അദ്ദേഹത്തിെൻറ നോവലില്‍ ദേശീയഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയിൽ കൊല്ലത്ത് നിന്നുള്ള പൊലീസ് സംഘം കോഴിക്കോടെത്തി അദ്ദേഹത്തെ അറസ്റ്റ്ചെയ്തു.
നിലമ്പൂര്‍ 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ട കുപ്പു ദേവരാജെൻറ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോകവേ വാഹനം തടഞ്ഞ് സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. എന്നാല്‍ ഏറ്റുമുട്ടല്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം നടത്തിയ ഗ്രോ വാസു അടക്കമുള്ളവരെ കലാപത്തിനുള്ള ശ്രമം, നിയമവിരുദ്ധമായ സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തി അറസ്റ്റ്ചെയ്തു. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നാരോപിച്ച് മതപ്രഭാഷകന് ഷംസുദ്ദീന് പാലത്തിനെ യു.എ.പി.എ ചുമത്തി അറസ്റ്റ്ചെയ്തു. എന്നാൽ, പൊലീസ് സമാനമായ രീതിയില്‍ നിരവധി പ്രസംഗങ്ങള്‍ നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ ഒന്നില്‍ പോലും കേസെടുക്കാനോ നിയമനടപടി സ്വീകരിക്കാനോ തയാറായില്ല. ശബരിമല വിവാദക്കാലത്തും പൊലീസിെൻറ സംഘ്പരിവാര്‍ അനുകൂല നയം വ്യക്തമായിരുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തിന് അനുകൂലമായ സര്‍ക്കാര്‍ നിലപാട് നടപ്പാക്കാന്‍ പൊലീസ് സന്നദ്ധമല്ലാതിരുന്നത് നിരവധി ഘട്ടങ്ങളില്‍ പ്രകടമായിരുന്നു. ശബരിമല പ്രവേശനത്തിനായി യുവതികള്‍ എത്തിയപ്പോള്‍ വിവരം മറ്റുള്ളവര്‍ക്ക് മുമ്പേ ആർ.എസ്.എസുകാര്‍ അറിഞ്ഞത് പൊലീസ് വഴിയാണെന്ന ആരോപണം ശക്തമാണ്.
ശബരിമല സന്നിധാനത്ത് ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരിക്ക് പൊലീസ് മൈക്ക് പിടിച്ചുകൊടുത്തതും ശബരിമല വിഷയത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ കൂറ് വ്യക്തമാക്കുന്നതായിരുന്നു. ശബരിമലയുടെ പേരിൽ സംസ്ഥാന വ്യാപകമായി നിരവധി അക്രമങ്ങള്‍ നടത്തിയ സംഘ്പരിവാര്‍ ഗുണ്ടകളെ ഫലപ്രദമായി പ്രതിരോധിക്കാനും നിയന്ത്രിക്കാനും സാധിക്കുമായിരുന്നിട്ടും പൊലീസ് അതിന് തയാറായില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. കോഴിക്കോട് മിഠായിത്തെരുവില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളെ പ്രതിരോധിക്കാന്‍ മേലുദ്യോഗസ്ഥര്‍ ബോധപൂര്‍വം അനുവദിച്ചില്ല എന്ന് നവമാധ്യമങ്ങളില്‍ തുറന്നെഴുതിയ സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്ന് പിന്നീട് സസ്പെൻഡ് ചെയ്യപ്പെടുകയാണുണ്ടായത്.
2020ലെ ഓണസമയത്ത് തെൻറ വിദ്യാർഥികള്‍ക്കയച്ച സന്ദേശത്തില്‍ ''ചവിട്ടേല്ക്കപ്പെടുന്നവെൻറ ആഘോഷമാണ് ഓണ''മെന്ന പരാമര്‍ശം നടത്തിയ കോട്ടയത്തെ സെൻറ് തെരേസാസ് ഹൈസ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ റീത്താമ്മയെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് മാപ്പ് പറയിപ്പിച്ചു. മാപ്പ് അവരെക്കൊണ്ട് വായിച്ചു കേള്‍പ്പിക്കാന്‍ പൊലീസ് നിര്‍ദേശിക്കുകയും പൊലീസിെൻറ സാന്നിധ്യത്തില്‍തന്നെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കേരള പൊലീസ് സംഘ്പരിവാറിെൻറ ബി ടീമാവുകയാണെന്ന തരത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഈ സംഭവത്തിലുയര്‍ന്നത്.
2018 മേയിൽ താനൂരിലുണ്ടായ മുസ്ലിം ലീഗ്- സി.പി.എം സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രദേശത്തെ മുസ്ലിം വീടുകളില്‍ രാത്രിയില്‍ പൊലീസുകാര്‍ നടത്തിയ നരനായാട്ട്, ആയുധപൂജ ദിവസത്തില്‍ മലപ്പുറത്തെ എം.എസ്.പി ക്യാമ്പില്‍ തോക്കുകളടക്കമുള്ള സര്‍ക്കാറിെൻറ ആയുധങ്ങള്‍ ഹൈന്ദവമതാചാര പ്രകാരമുള്ള പൂജക്ക് വിധേയമാക്കിയത്, അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിെൻറ നേതാവും തീവ്ര ഹിന്ദുത്വ പ്രചാരകനുമായ പ്രതീഷ് വിശ്വനാഥന് നവമാധ്യമങ്ങളിലൂടെയും മറ്റും നിരവധിതവണ പരസ്യമായ കലാപാഹ്വാനങ്ങള്‍ നടത്തിയിട്ടും അദ്ദേഹത്തിന് നേരെ നടപടികള്‍ സ്വീകരിക്കാത്തത് തുടങ്ങി കേരള പൊലീസിെൻറ വംശീയ സമീപനങ്ങളുടെ തുടര്‍ പരമ്പരകളെ നമുക്ക് കാണാം. െപാലീസിെൻറ വംശീയത മുഴുവനായും ക്രോഡീകരിക്കുക ഏതാണ്ട് അസാധ്യമായ കാര്യമാണ്.
മനുഷ്യ ജീവനെടുക്കുന്ന ലോക്കപ്പുകൾ
വ്യാജ ഏറ്റുമുട്ടലുകളെ കൂടാതെ പൊലീസ്, എക്സൈസ്, ഫോറസ്റ്റ് എന്നീ സേനകൾക്ക് നേരെ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട വേറെയും അനേകം സംഭവങ്ങൾ ഇക്കാലങ്ങളിൽ നടന്നിരുന്നു. പൊലീസ് മർദനത്തെത്തുടർന്ന് ലോക്കപ്പിലും ആശുപത്രിയിലും വെച്ച് മരണപ്പെട്ടവർ, കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയവർ, അകാരണമായ മർദനങ്ങളെയും ഭീഷണികളെയും തുടർന്ന് ആത്മഹത്യ ചെയ്തവർ തുടങ്ങി പൊലീസ്/ എക്സൈസ്/ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട നിരവധി സംഭവങ്ങളാണ് ഈ സർക്കാറിെൻറ കാലയളവിൽ ഉണ്ടായിട്ടുള്ളത്.
പിണറായി സർക്കാറിെൻറ പതിനൊന്നാം നിയമസഭാ സമ്മേളനത്തിൽ, പ്രതിപക്ഷ എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവർ ചേർന്ന്, ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടന്ന കസ്റ്റഡി മരണങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ സർക്കാറിെൻറ കൈയിൽ ഈ മരണങ്ങളുടെ വിവരങ്ങളൊന്നും ലഭ്യമല്ല എന്നും അവ ശേഖരിച്ചുവരുന്നേ ഉള്ളൂ എന്നുമാണ് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. പൊലീസുകാർ പ്രതികളായ ഒട്ടേറെ മരണങ്ങൾ വിവാദമായിട്ടും സർക്കാറിെൻറ കൈയിൽ ഇവയുടെയൊന്നും വിവരങ്ങളില്ല എന്നതുതന്നെ അവിശ്വസനീയമാണ്.
നടപടികളുടെ അഭാവം പൊലീസിന് നൽകുന്ന ധൈര്യം
ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഇത്രയധികം മരണങ്ങളിൽ പൊലീസുകാർ പ്രതികളായിട്ടും ഗൗരവവും സ്വതന്ത്രവുമായ അന്വേഷണങ്ങളോ നിയമനടപടികളോ കുറ്റക്കാരായ പൊലീസുകാർക്ക് നേരെ ഉണ്ടാകാത്തത് ഇത്തരം കൃത്യങ്ങൾ നടത്തിയാലും വലിയ കുഴപ്പങ്ങളില്ല എന്ന മനോനിലയിലേക്കാണ് പൊലീസുദ്യോഗസ്ഥരെ കൊണ്ടെത്തിക്കുന്നത്. പല കേസുകളിലും കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റങ്ങൾ നൽകുകവരെ ഈ സർക്കാർ ചെയ്തിട്ടുണ്ട്. വരാപ്പുഴയിലെ ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തിൽ പ്രതിയായിരുന്ന അന്നത്തെ എറണാകുളം റൂറൽ എസ്.പി എ.വി. ജോർജ് കുറച്ചുദിവസം സസ്െപൻഷനിൽ കഴിഞ്ഞിരുന്നുവെങ്കിലും പൂർവാധികം ശക്തിയോടെ കോഴിക്കോട് കമീഷണറായി തിരിച്ചുവരുകയാണുണ്ടായത്. ഒട്ടുമിക്ക കേസുകളിലും ഇതുതന്നെയായിരുന്നു സ്ഥിതി.
അന്വേഷണത്തിെൻറ ഭാഗമായി കൃത്യം നടന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് മൂന്ന് പൊലീസുകാരെ സസ്െപൻഡ് ചെയ്യും. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ അവർ തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്യും. ജോലിക്കോ ശമ്പളത്തിനോ ഒരു ഭംഗവും സംഭവിക്കില്ല. വിവരാവകാശ നിയമപ്രകാരം ആഭ്യന്തരവകുപ്പിൽനിന്ന് പുറത്തുവന്ന കണക്കുകൾ പറയുന്നത് കേരള പൊലീസിെൻറ വിവിധ തലങ്ങളിലായി 1129 ക്രിമിനലുകളുണ്ട് എന്നാണ്. ഇവർക്കെതിരെ പൊലീസ് ആക്ടിലെ 86ാം വകുപ്പ് പ്രകാരം നടപടികളെടുക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശിച്ചത്. നടപടികളെടുത്തതിന് ശേഷം ആഭ്യന്തരവകുപ്പ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യാനും 2018 ഏപ്രിൽ 12ന് കമീഷൻ നിർദേശിച്ചിരുന്നു. അന്ന് പേരിനൊരു റിപ്പോർട്ട് നൽകിയെന്നതല്ലാതെ പൊലീസിലെ ക്രിമിനലുകൾക്കെതിരെ സമയബന്ധിതമായ ഒരു നടപടിയും സർക്കാർ ഇതുവരെ കൈക്കൊണ്ടിട്ടില്ല.
പൊലീസുകാരെ വീണ്ടും വീണ്ടും കുറ്റവാളികളാക്കുന്നതെന്ത്?
ഭരണകൂടദാസ്യത്തിലൂടെ തങ്ങൾ സൃഷ്ടിച്ചെടുത്ത കൃത്രിമവും വിശാലവുമായ ഒരു വിഹാരലോകത്തിരുന്ന് തങ്ങൾതന്നെയാണ് നീതിയും നിയമവുമെന്ന് വരുത്തിത്തീർക്കുന്ന ഈ പൊലീസ് സേന ജനാധിപത്യ വ്യവസ്ഥയുടെ സകല മൂല്യങ്ങളെയും കാറ്റിൽ പറത്തുകയാണ് ചെയ്യുന്നത്. പൗരെൻറ സുരക്ഷിതത്വവും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഭരണഘടനാപരമായ ബാധ്യതകളുള്ള പൊലീസ് എന്ന സംവിധാനത്തെ അതിെൻറ നേർ വിപരീതാവസ്ഥകളിൽ മാത്രമാണ് നാം കാണുന്നത്. ജനകീയവും ജനസൗഹൃദപരവുമായ ഒരു പൊലീസ് സംവിധാനത്തെ സാക്ഷാത്കരിക്കുക എന്നത് ജനാധിപത്യ ഭരണകൂടങ്ങളുടെ അടിസ്ഥാന കടമകളിലൊന്നായിട്ടും, അധികാര താൽപര്യങ്ങളെ സാധിച്ചെടുക്കാനും അവ നിലനിർത്താനുമുള്ള ഒരു മർദനോപാധി എന്നതിനപ്പുറം പൊലീസ് സേനയെ ഇവിടത്തെ ഭരണകൂടങ്ങൾ വിനിയോഗിക്കാത്തതുതന്നെയാണ് അടിസ്ഥാനപരമായി പൊലീസിെൻറ ജനാധിപത്യവത്കരണത്തെ അസാധ്യമായ ഒന്നാക്കി മാറ്റുന്നത്.
അധീശത്വ/വിധേയത്വ ബന്ധങ്ങൾ പ്രബലമായി നിൽക്കുന്ന നമ്മുടെ സമൂഹത്തിൽ, പ്രബലമായ ജാതി, മതം, ലിംഗവിഭാഗം, സാമ്പത്തിക വർഗം, പാർട്ടി എന്നീ ഗണങ്ങളിൽപ്പെടുന്നവരോട് ഇതിനു പുറത്തുള്ളവർ നിരന്തരം വിട്ടുവീഴ്ച ചെയ്തും വിധേയപ്പെട്ടും അനീതികൾ നിശ്ശബ്്ദം സഹിച്ചും ജീവിക്കേണ്ടി വരുന്ന ഒരു അലിഖിത വ്യവസ്ഥ ശക്തമായി നിലനിൽക്കുന്നുണ്ട്. ഇത്തരമൊരു അലിഖിത വ്യവസ്ഥയെ കൃത്യമായി സംരക്ഷിച്ചും അതിെൻറ പരിണതഫലങ്ങളെ മൂർച്ഛിപ്പിച്ചുകൊണ്ടും പ്രവർത്തിക്കുന്ന ഒരു പൊലീസ് കൂടിയാകുമ്പോൾ അവിടെ ജനാധിപത്യം പൂർണമായും കശാപ്പ് ചെയ്യപ്പെടുകയാണ്. അധികാരത്തിെൻറയും സമ്പത്തിെൻറയും വരേണ്യതയുടെയും ദല്ലാളുകളായി മാത്രം പ്രവർത്തിക്കുന്ന പൊലീസ് സേനയുടെ സ്ഥാപനപരമായ പ്രശ്നങ്ങൾകൊണ്ട് കൂടിയാണ് പൊലീസിെൻറ ജനകീയവത്കരണം ഏറെ ശ്രമകരമാകുന്നത്. ഒപ്പം പൊലീസിനെ കയറൂരിവിടുന്ന ഒരു ഭരണാധികാരികൂടിയാകുമ്പോൾ അതിെൻറ ഫലം കൂടുതൽ തീവ്രമായിരിക്കുമെന്നതിെൻറ ഉദാഹരണമാണ് പിണറായിയുടെ ഭരണകാലം. പൊലീസിെൻറ പ്രവൃത്തികൾക്കെതിരെ ജനാധിപത്യ ശക്തികളിൽനിന്നും വിമർശനങ്ങളുയർന്നപ്പോൾ ''നിങ്ങൾ പൊലീസിെൻറ മനോവീര്യം കെടുത്തരുത്...'' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ഭരണകൂടം, അധികാരം, സൈന്യം, ജനത, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിലെ ബൗദ്ധിക ചർച്ചാ മണ്ഡലങ്ങൾ വളരെ സക്രിയമായി വികസിക്കുമ്പോഴും അതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയങ്ങളല്ല എന്ന തരത്തിലാണ് കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തിെൻറ തലവൻ നിരന്തരം പ്രതികരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷക്കാലം കേരളത്തിലെ പൊലീസും ആഭ്യന്തരവകുപ്പ് നേതൃത്വവും നടത്തിയ നിയമവിരുദ്ധവും കുറ്റകരവുമായ ചെയ്തികൾ ഏതെങ്കിലും തരത്തിലുള്ള ഭരണമികവുകളുടെ തണലിൽ വിചാരണ ചെയ്യപ്പെടാതെ പോയാൽ അത് വരും വർഷങ്ങളിലും കൂടുതൽ അക്രമോത്സുകമായ പ്രവൃത്തികളുമായി മുന്നേറുന്നതിന് പൊലീസ് സംവിധാനങ്ങൾക്ക് ധൈര്യം നൽകുന്നതിലേക്കായിരിക്കും വഴിതെളിയിക്കുക.
ഈ കൊലപാതകങ്ങൾ/ മരണങ്ങൾ ആർക്ക് നേരെയാണ് വിരൽചൂണ്ടുന്നത്?
പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പൊലീസ്/ഫോറസ്റ്റ്/എക്സൈസ് സേനകൾക്ക് നേരെ ആരോപണങ്ങളുയർന്ന കൊലപാതകങ്ങൾ / മരണങ്ങൾ ഇവയാണ്.
2016 സെപ്റ്റംബർ 11,
അബ്ദുൽ ലത്തീഫ്, വണ്ടൂർ
മന്ത്രിസഭ അധികാരമേറ്റ് നാലുമാസം തികയുന്നതിന് മുമ്പാണ് ആദ്യ കസ്റ്റഡി മരണം നടക്കുന്നത്. 2016 സെപ്റ്റംബർ 18ന് മലപ്പുറം ജില്ലയിലെ വണ്ടൂരിൽ ടയർ മോഷണക്കേസിലെ പ്രതിയെന്ന് ആരോപിച്ച് 50 വയസ്സുകാരൻ അബ്്ദുൽ ലത്തീഫിനെ പൊലീസ് അറസ്റ്റ്ചെയ്തു. സ്റ്റേഷനിൽ തന്നെ കാണാനെത്തിയ മകനോട് കടുത്ത മർദനമാണ് തനിക്കേൽക്കേണ്ടിവരുന്നതെന്നും ജീവൻ അപകടത്തിലാണെന്നും അബ്്ദുൽ ലത്തീഫ് പറഞ്ഞിരുന്നു. പിന്നീട് ലത്തീഫിെൻറ മരണവാർത്ത പുറത്തുവന്നു. സ്റ്റേഷനിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിലാണ് ലത്തീഫിനെ കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച പൊലീസ് കംെപ്ലയിൻറ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കിയിരുന്നു.
2016 ഒക്ടോബർ 8,
കാളിമുത്തു, തലശ്ശേരി
വണ്ടൂർ സംഭവം കഴിഞ്ഞ് ഒരു മാസം തികഞ്ഞില്ല, തലശ്ശേരിയിൽ അടുത്ത കസ്റ്റഡി മരണം നടന്നു. 2016 ഒക്ടോബർ 8ന് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച സേലം സ്വദേശി കാളിമുത്തുവിനെ കൊല്ലപ്പെട്ട രീതിയിലാണ് പിന്നീട് കാണുന്നത്. ഇയാളുടെ അറസ്റ്റ്പോലും രേഖപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല. കസ്റ്റഡിയിലെടുത്തതിനുപോലും തെളിവുകളില്ല. ഏതൊരു പൗരനെയും കസ്റ്റഡിയിലെടുക്കുമ്പോൾ സ്വീകരിക്കേണ്ട നിരവധി നിബന്ധനകളുണ്ട്. ഇവയൊന്നുംതന്നെ ഇവിടെ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമീഷൻ കേരള പൊലീസിനോട് വിശദീകരണം തേടിയിരുന്നു.
2016 ഒക്ടോബർ 26,
കുഞ്ഞുമോൻ, കുണ്ടറ
2016 ഒക്ടോബർ 26ന് കൊല്ലം ജില്ലയിലെ കുണ്ടറയിൽ കുഞ്ഞുമോൻ എന്ന ദലിത് യുവാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. മദ്യപിച്ച് ബൈക്ക് ഓടിച്ചു എന്ന പെറ്റിക്കേസിൽ പിഴയടയ്ക്കാത്തതിനാണ് കുഞ്ഞുമോനെ അർധരാത്രിയിൽ വീടുവളഞ്ഞ് കസ്റ്റഡിയിലെടുത്തത്. ''മകനെ കൊണ്ടുപോകരുതേ'' എന്ന് കുഞ്ഞുമോെൻറ അമ്മ കാലുപിടിച്ചു കരഞ്ഞിട്ടും പൊലീസ് കൂട്ടാക്കിയില്ല. പിഴയടയ്ക്കാനുള്ള കാശുമായി പിറ്റേദിവസം സ്റ്റേഷനിലെത്തിയ കുഞ്ഞുമോെൻറ അമ്മ കാണുന്നത് മകെൻറ ചലനമറ്റ ശരീരമാണ്. തലക്കേറ്റ മാരക ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.
2016 നവംബർ 24,
അജിത, കുപ്പു ദേവരാജ്- നിലമ്പൂർ
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച സംഭവങ്ങളിലൊന്നായ വർഗീസ് വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിന് ശേഷം നാല് പതിറ്റാണ്ടുകൾക്കിപ്പുറം മറ്റൊരു ഏറ്റുമുട്ടൽ കൊലപാതകം നടക്കുന്നത് പിണറായി സർക്കാറിെൻറ കാലത്താണ്. 2016 നവംബർ 24ന് നിലമ്പൂരിലെ കരുളായി വനത്തിൽ അജിത, കുപ്പു ദേവരാജ് എന്നീ മാവോവാദികളാണ് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇരുവരെയും ജീവനോടെ പിടികൂടാനുള്ള എല്ലാ സാധ്യതകളുമുണ്ടായിട്ടും അസുഖ ബാധിതരായി ക്യാമ്പിൽ വിശ്രമിക്കുകയായിരുന്ന ഇവരെ പൊലീസ് നിർദയം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന തരത്തിലുള്ള തെളിവുകൾ പിന്നീട് പുറത്തുവന്നിരുന്നു.
2017 ജൂലൈ 17,
വിനായകൻ, പാവറട്ടി
2017 ജൂലൈയിൽ ഒരു ദലിത് യുവാവ് കൂടി പൊലീസിെൻറ ക്രൂരതക്ക് ഇരയായി. തൃശൂർ പാവറട്ടിയിൽ ഒരു പെൺകുട്ടിയുമായി വഴിയിൽനിന്ന് സംസാരിച്ചതിന് വിനായകൻ എന്ന ചെറുപ്പക്കാരനെ കസ്റ്റഡിയിലെടുത്ത് മർദിച്ചു. വംശീയമായ അധിക്ഷേപങ്ങൾ നടത്തി. തിരിച്ച് വീട്ടിലെത്തിയ വിനായകൻ അപമാനഭാരത്താൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ബൂട്ട്സിട്ട് കാൽവിരലുകൾ ഞെരിച്ചതിെൻറ പാടുകൾ, നെഞ്ചിലെയും ഇടുപ്പിലെയും ക്ഷതങ്ങൾ, നീലിച്ച നഖങ്ങൾ, പിൻകഴുത്തിൽ പിടിച്ച് ഞെരിച്ചതിെൻറ പാടുകൾ എന്നിങ്ങനെ വിനായകെൻറ ദേഹമാസകലം പൊലീസ് മർദനത്തിെൻറ അടയാളങ്ങളായിരുന്നു.
2017 ജൂലൈ 23,
ബൈജു, പട്ടിക്കാട്
വിനായകെൻറ മരണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടില്ല. അതേ ജില്ലയിൽ ഏതാനും കിലോമീറ്ററുകൾക്കപ്പുറത്ത് മറ്റൊരു മരണംകൂടി നടന്നു. വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ 2017 ജൂലൈ 23ന് തൃശൂർ പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ ഹാജരായ ചേറുങ്കുഴി സ്വദേശി ബൈജുവിനെ പിറ്റേ ദിവസം തെൻറ വീടിനടുത്ത ഷെഡിൽ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബൈജുവിെൻറ ശരീരത്തിൽ 19 മുറിവുകളും മർദനത്തിെൻറ നിരവധി പാടുകളും കണ്ടെത്തി.
2017 സെപ്റ്റംബർ 3,
വിക്രമൻ, മാറനല്ലൂർ
വിരമിച്ച പട്ടാള ഉദ്യോഗസ്ഥൻ, തിരുവനന്തപുരം മാറനല്ലൂർ സ്വദേശി വിക്രമനെ വാഹന പരിശോധനക്കിടെ ബൈക്ക് നിർത്താതെ പോയതിനാൽ പൊലീസ് പിന്തുടരുകയായിരുന്നു. ഇതിനിടയിൽ പൊലീസ് വിക്രമെൻറ കോളറിന് പിടിച്ചു, ബൈക്ക് നിയന്ത്രണം വിട്ട് ഒരു പോസ്റ്റിലിടിച്ചു. വിക്രമൻ തത്ക്ഷണം മരിച്ചു. പൊലീസിനെതിരെ പ്രാദേശികമായി വലിയ പ്രതിഷേധങ്ങൾ ഈ സംഭവം സൃഷ്ടിച്ചിരുന്നു.
2017 സെപ്റ്റംബർ 7,
രാജു, നൂറനാട്
കൊല്ലം ജില്ലയിലെ ചാരുമ്മൂട്ടിൽ മോഷണക്കുറ്റം ആരോപിച്ച് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്ത രാജു സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ജീപ്പിൽനിന്നും താഴെ വീണ് മരിക്കുകയായിരുന്നു. ജീപ്പിൽവെച്ച് പൊലീസ് രാജുവിനെ മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പരാതിപ്പെട്ടത്.
2017 ഡിസംബർ 4,
രജീഷ്, തൊടുപുഴ
ഒരു നായർ യുവതിയുമായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിന് തൊടുപുഴ സ്വദേശിയും ഓട്ടോറിക്ഷാ ൈഡ്രവറുമായിരുന്ന രജീഷിനെ യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ കസ്റ്റഡിയിലെടുത്തു. തൊടുപുഴ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ മർദിച്ചിരുന്നു. പിന്നീട് കസ്റ്റഡിയിൽനിന്നും പുറത്തുവന്ന രജീഷിനെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. പൊലീസിനെതിരെ അന്വേഷണമാവശ്യപ്പെട്ട് രജീഷിെൻറ കുടുംബം രംഗത്ത് വന്നിരുന്നു.
2018 മാർച്ച് 11,
സുമി, ബിച്ചു- കഞ്ഞിക്കുഴി
2018 മാർച്ച് 11ന് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയിൽ വാഹനപരിശോധനക്കിടെ നിർത്താതെ പോയ ഇരുചക്രവാഹനത്തെ പൊലീസ് അതിവേഗത്തിൽ പിന്തുടർന്നു. പൊലീസ് പിറകെവരുന്നത് കണ്ട ബൈക്ക് യാത്രികർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. കഞ്ഞിക്കുഴി സ്വദേശിനി സുമി, പാതിരപ്പള്ളി സ്വദേശി ബിച്ചു എന്നിങ്ങനെ രണ്ടുപേർ തൽസമയം മരിച്ചു. വാഹനപരിശോധനക്കിടെ യാത്രികരെ വാഹനത്തിൽ പിന്തുടരരുതെന്ന നിയമം നിലനിൽക്കെ പൊലീസിെൻറ ഈ പ്രവൃത്തി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
2018 മാർച്ച് 23,
അപ്പു നാടാർ, വാളിയോട്
പാട്ടഭൂമിയിൽ കൃഷിചെയ്തുവരുകയായിരുന്ന തിരുവനന്തപുരം വാളിയോട് സ്വദേശി അപ്പു നാടാരെ ഭൂവുടമയുടെ പരാതിയെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ മനം നൊന്ത ഇദ്ദേഹം തെൻറ കൃഷിയിടത്തിൽ ചെന്ന് ആത്മഹത്യ ചെയ്തു. പൊലീസുകാരാണ് തെൻറ മരണത്തിന് ഉത്തരവാദികളെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹം എഴുതിവെച്ചത്.
2018 ഏപ്രിൽ 8,
സന്ദീപ്, കാസർകോട്
പരസ്യമായിരുന്ന് മദ്യപിച്ചതിന് കാസർകോട് ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്ത ബി.ജെ.പി പ്രവർത്തകനും ഓട്ടോറിക്ഷാൈഡ്രവറുമായ സന്ദീപ് പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽവെച്ചാണ് മരണപ്പെട്ടത്. സന്ദീപിെൻറ മൃതദേഹത്തിൽ മർദനമേറ്റതിെൻറ അടയാളങ്ങളുണ്ടായിരുന്നു.
2018 ഏപ്രിൽ 14,
ശ്രീജിത്ത്, വരാപ്പുഴ
എറണാകുളം വരാപ്പുഴയിൽ വാസുദേവൻ എന്ന ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ശ്രീജിത്ത് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു. ആന്തരികാവയവങ്ങളടക്കം തകർന്നുപോയ തരത്തിലാണ് പൊലീസ് സ്റ്റേഷനിൽനിന്നും ശ്രീജിത്തിനേറ്റ മർദനങ്ങൾ. ഒടുവിൽ 2018 ഏപ്രിൽ 14ന് ശ്രീജിത്ത് മരണത്തിന് കീഴടങ്ങി. ശ്രീജിത്തിെൻറ മരണം സംസ്ഥാനത്താകമാനം നിരവധി പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കി. സംഭവത്തിൽ പറവൂർ സി.ഐ, വരാപ്പുഴ എസ്.ഐ എന്നിവരടക്കം ഒമ്പത് പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതരായി.
2018 മേയ് 1,
മനു, കൊട്ടാരക്കര
വരാപ്പുഴയിലെ ശ്രീജിത്തിെൻറ മരണം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും അതുകൊണ്ട് ഒരു കുലുക്കവുമുണ്ടായില്ല. രണ്ടാഴ്ചക്ക് ശേഷം കൊല്ലം കൊട്ടാരക്കരയിൽ അടുത്ത മരണവും നടന്നു. അനധികൃത മദ്യവിൽപന കേസിൽ എക്സൈസുകാർ അറസ്റ്റ്ചെയ്ത മനു എന്ന യുവാവ് റിമാൻഡിലിരിക്കെ മർദനമേറ്റ് മരിച്ചു. എന്നാൽ ശാരീരികാസുഖങ്ങൾമൂലമുള്ള സ്വാഭാവിക മരണമാണിതെന്ന് കാണിച്ച് രക്ഷപ്പെടാനാണ് എക്സൈസുകാർ ശ്രമിച്ചത്.
2018 മേയ് 2,
ഉനൈസ്, പിണറായി
പൊലീസ് മർദനത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പിണറായിയിലെ ഓട്ടോൈഡ്രവർ ഉനൈസ് ആശുപത്രിയിൽവെച്ച് മരിച്ചു. ഭാര്യാപിതാവിെൻറ പരാതിയിൽ രണ്ട് തവണ പൊലീസ് കസ്റ്റഡിയിലെടുത്ത ഉനൈസ് ക്രൂരമായ മർദനമുറക്ക് ഇരയാവുകയായിരുന്നു. സ്റ്റേഷനിൽനിന്ന് ഇറങ്ങിയ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ രണ്ട് മാസത്തോളം ചികിത്സയിലായിരുന്നു.
2018 ആഗസ്റ്റ് 3,
അനീഷ്, കളയിക്കാവിള
ലഹരിമരുന്നുകൾ കൈവശംവെച്ചെന്നാരോപിച്ച് എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്ത തിരുവനന്തപുരം കളയിക്കാവിള സ്വദേശി അനീഷിനെ മെഡിക്കൽ കോളജിലെ തടവുകാരുടെ സെല്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
2018 നവംബർ 3,
സ്വാമിനാഥൻ, കോഴിക്കോട്
മോഷണശ്രമം നടത്തിയെന്ന പേരിൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ്ചെയ്ത തമിഴ്നാട് തിരുനെൽവേലി സ്വദേശി സ്വാമിനാഥൻ ആശുപത്രിയിൽവെച്ച് മരിച്ചു. പരിപൂർണ ആരോഗ്യത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വാമിനാഥെൻറ മരണകാരണം പൊലീസ് മർദനമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
2019 മാർച്ച് 7,
സി.പി. ജലീൽ, വയനാട്
വയനാട്ടിലെ വൈത്തിരി ഉപവൻ റിസോർട്ടിൽ നടന്ന പൊലീസ് വെടിവെപ്പിൽ മാവോവാദി പ്രവർത്തകൻ സി.പി. ജലീൽ കൊല്ലപ്പെട്ടു. മാവോവാദി സംഘം പൊലീസിന് നേരെ വെടിയുതിർത്തതിനാൽ തിരിച്ചു വെടിവെച്ചപ്പോഴാണ് ജലീൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ജലീലിന് വെടിയേറ്റതായി കണ്ടെത്തിയ രീതിയും സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങളും റിസോർട്ട് ജീവനക്കാരുടെ മൊഴിയുമെല്ലാം പൊലീസ് വിശദീകരണങ്ങൾക്ക് വിരുദ്ധമായിരുന്നു.
ജലീൽ കൊല്ലപ്പെട്ടത് പൊലീസിെൻറ ഏകപക്ഷീയമായ വെടിവെപ്പിലൂടെയാണെന്ന ആരോപണവുമായി ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്ത് വന്നിട്ടും അതിന്മേൽ കാര്യമായ അന്വേഷണങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
2019 മേയ് 19,
നവാസ്, കോട്ടയം
മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്നാരോപിച്ച് കോട്ടയം മണർകാട് പൊലീസ് കസ്റ്റഡിയിൽ എടുത്ത അരീപ്പറമ്പ് സ്വദേശിയായ നവാസിനെ സ്റ്റേഷെൻറ കക്കൂസിലെ ജനാലയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടു. പൊലീസിനെ മർദിച്ചുവെന്ന കേസിൽ ഇതേ സ്റ്റേഷനിൽതന്നെ മുമ്പ് നവാസിനെതിരെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. അതിനാൽ പ്രതികാരത്തിെൻറ ഭാഗമായി പൊലീസ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി നവാസിെൻറ ബന്ധുക്കൾ രംഗത്ത് വന്നിരുന്നു.
2019 ജൂൺ 21,
രാജ്കുമാർ, പീരുമേട്
പീരുമേട് ഹരിത ചിട്ടി തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വെച്ചാണ് മൂന്നാംമുറകളടക്കമുള്ള കടുത്ത പൊലീസ് മർദനത്തിനിരയായി കൊല്ലപ്പെട്ടത്. രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം നാല് ദിവസം കോടതിയിൽപോലും ഹാജരാക്കാതെ തുടർച്ചയായി മർദിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 32 മുറിവുകളാണ് രാജ്കുമാറിെൻറ ശരീരത്തിൽ കണ്ടെത്തിയത്. തെളിവുകൾ നശിപ്പിക്കുന്നതിനായി സ്റ്റേഷനിലെ സി.സി.ടി.വി കാമറകളടക്കം ഓഫ് ചെയ്തായിരുന്നു രാജ്കുമാറിനെ പൊലീസ് മർദിച്ചത്.
2019 ഒക്ടോബർ 1,
രഞ്ജിത്ത് കുമാർ, മലപ്പുറം
2019 ഒക്ടോബർ ഒന്നിന് കഞ്ചാവ് കടത്ത് കേസിൽ മലപ്പുറം തിരൂർ കൈമലശേരി തൃപ്പംകോട്ട് മരുമത്തിൽ രഞ്ജിത്ത് കുമാറിനെ എൻഫോഴ്സ്മെൻറ് സ്പെഷൽ സ്ക്വാഡാണ് കസ്റ്റഡിയിലെടുത്തത്. ഗുരുവായൂരിൽനിന്നും തൃശൂരിലേക്ക് കൊണ്ടുപോകുന്ന വഴി രഞ്ജിത്ത് മരണപ്പെടുകയായിരുന്നു. അപസ്മാര ലക്ഷണമുണ്ടായിരുന്ന രഞ്ജിത്തിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുവെന്നാണ് എക്സൈസിെൻറ വാദം. എന്നാൽ തലക്കും മുതുകിനുമേറ്റ മർദനമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ശരീരം നനഞ്ഞ നിലയിലായിരുന്നുവെന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്.
2019 ഒക്ടോബർ 28,
മണിവാസകം, കാർത്തി, അരവിന്ദ്, രമ -അട്ടപ്പാടി
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിൽ 2019 ഒക്ടോബർ 28ന് നടന്ന വെടിവെപ്പിൽ തമിഴ്നാട് സ്വദേശികളായ രമ, അരവിന്ദ്, കാർത്തി, മണിവാസകം എന്നിവർ കൊല്ലപ്പെടുകയായിരുന്നു. ഏറ്റുമുട്ടലാണ് നടന്നതെന്ന പൊലീസ് വാദത്തിന് വിരുദ്ധമായിരുന്നു നിരവധി തെളിവുകൾ. മാവോവാദികൾ കീഴടങ്ങാൻ തീരുമാനിച്ചതിന് ശേഷം ആ വിവരം മധ്യസ്ഥർ വഴി പൊലീസിൽ അറിയിച്ചിരുന്നുവെന്നാണ് പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
2020 ആഗസ്റ്റ് 16,
അൻസാരി, തിരുവനന്തപുരം
മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം കരിമഠം കോളനി സ്വദേശി അൻസാരിയെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
2020 ജൂലൈ 28,
പി.പി. മത്തായി, ചിറ്റാർ
വനത്തിൽ സ്ഥാപിച്ച കാമറയിലെ മെമ്മറി കാർഡ് എടുത്തെന്ന ആരോപണത്തിൽ ജൂലൈ 28ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ഫാം ഉടമ കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി.പി. മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മർദനത്തിലാണ് മത്തായി കൊല്ലപ്പെട്ടതെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനാണ് കിണറ്റിൽ തള്ളിയതെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ എട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റിയിരുന്നു.
വനം വകുപ്പിെൻറ വീഴ്ചകൾ അക്കമിട്ടു നിരത്തുന്നതായിരുന്നു കേസിലെ അന്വേഷണ റിപ്പോർട്ട്. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരുടെയും വീഴ്ച അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ മൊഴിയിൽ വൈരുധ്യം കണ്ടെത്തിയിരുന്നു. വനം വകുപ്പിെൻറ കാമറ മോഷണം പോയെങ്കിൽ പൊലീസിൽ പരാതി നൽകണം, മോഷണം വനംവകുപ്പ് അന്വേഷിക്കേണ്ടതില്ല എന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മത്തായിയുടെ കുറ്റസമ്മതം രേഖപ്പെടുത്തിയതിനും തെളിവില്ലെന്നും വൈകീട്ട് 3.50ന് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയ മത്തായിയുടെ കസ്റ്റഡി രാത്രി 10 മണിക്കാണ് ജി.ഡിയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2020 സെപ്റ്റംബർ 30,
ഷമീർ, വിയ്യൂർ
10 കിലോ കഞ്ചാവുമായാണ് തൃശൂർ വടക്കഞ്ചേരി സ്വദേശികളായ ഷമീർ സുമയ്യ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന മിഷൻ ക്വാർട്ടേഴ്സിലെ അമ്പിളിക്കല ഹോസ്റ്റലിൽവെച്ച് ക്രൂര മർദനമേറ്റ ഷമീർ മരണപ്പെടുകയായിരുന്നു. മർദിച്ചതിനുശേഷം ഷമീറിനോട് കെട്ടിടത്തിന് മുകളിൽനിന്ന് ചാടാൻ ജയിലധികൃതർ പറഞ്ഞെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണു മരിച്ചെന്ന് വരുത്തിത്തീർക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ഭാര്യ സുമയ്യ ജയിൽമോചിതയായ ശേഷം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
തലക്കും ശരീരത്തിനുമേറ്റ ക്രൂരമർദനമാണ് ഷമീറിെൻറ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഷമീറിെൻറ വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ടെന്നും ശരീരത്തിൽ 40ലേറെ മുറിവുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിെൻറ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്നുപോയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിശദമാക്കുന്നു.
2020 നവംബർ 3,
വേൽമുരുകൻ, വയനാട്
വയനാട്ടിലെ പടിഞ്ഞാറത്തറയിലുള്ള വാളാരംകുന്നിൽ 2020 നവംബർ 3ന് നടന്ന പൊലീസ് വെടിവെപ്പിൽ തമിഴ്നാട് തേനി പെരിയകുളം സ്വദേശി വേൽമുരുകൻ എന്ന മാവോവാദി പ്രവർത്തകൻ കൊല്ലപ്പെട്ടു. നേരത്തേ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് സമാനമായ രീതിയിൽ പൊലീസ് വാദങ്ങളിൽ അടിമുടി സംശയങ്ങൾ ജനിപ്പിക്കുന്നതായിരുന്നു വാളാരംകുന്ന് സംഭവത്തിലുമുള്ള പൊലീസിെൻറ വിശദീകരണം.
2021 ജനുവരി 12,
ഷഫീഖ്, കാഞ്ഞിരപ്പള്ളി
സാമ്പത്തിക തട്ടിപ്പ് കേസിൽ ഉദയംപേരൂർ പൊലീസ് അറസ്റ്റ്ചെയ്ത കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖിനെ കസ്റ്റഡിയിലിരിക്കെ ആന്തരിക രക്തസ്രാവമുണ്ടായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ശസ്ത്രക്രിയയുടെ തൊട്ടുമുമ്പായി അദ്ദേഹം മരിച്ചു. ശസ്ത്രക്രിയയുടെ ഭാഗമായി തല മുണ്ഡനം ചെയ്തപ്പോഴാണ് ഷഫീഖിന് തലയിലേറ്റ മാരകമായ ആഘാതം ശ്രദ്ധയിൽപ്പെട്ടത്. തലയിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിക്കുകയും ചെയ്തു. കസ്റ്റഡിയിൽ എടുക്കുമ്പോൾ പൂർണ ആരോഗ്യവാനായ ഷഫീഖിനെ പൊലീസുകാർ മർദിച്ചതാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.