പൗല മെയ്നോ സോണിയ ഗാന്ധിയുടെ അമ്മ മാത്രമല്ല; കൂടുതൽ അറിയാം
text_fieldsകഴിഞ്ഞ ദിവസമാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പൗല മെയ്നോ നിര്യാതയായത്. ആഗസ്റ്റ് 27ന് ഇറ്റലിയിലെ വസതിയിൽ വച്ചായിരുന്നു മരണം. സംസ്കാരം കഴിഞ്ഞ ദിവസം നടന്നതായി കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് ആണ് പൊതുസമൂഹത്തെ അറിയിച്ചത്. 98ാം വയസിലാണ് സോണിയയുടെ അമ്മ അന്തരിച്ചത്. മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം സോണിയ ഗാന്ധി അമ്മയെ മരണത്തിന് മുമ്പ് കണ്ടിരുന്നു. വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് തിരിച്ച സോണിയ, അമ്മയെ കാണാൻ കൂടി സമയം കണ്ടെത്തിയിരുന്നു.
ആഗസ്റ്റ് 23നായിരുന്നു സോണിയ, മക്കൾക്കൊപ്പം ജന്മനാട്ടിലെത്തി അമ്മയെ കണ്ടത്. അമ്മയുടെ മരണത്തോടെ സോണിയക്ക് ഇറ്റലിയിലെ ജന്മനാടായ ഒർബസ്സാനോയുമായുള്ള ഏറ്റവും പ്രധാനപ്പെട്ട ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്. പൗല മെയ്നോയുടെയും സ്റ്റെഫാനോയുടെയും രണ്ടാമത്തെ മകളായിരുന്നു സോണിയ. സിൻഡ്രെല്ല എന്നായിരുന്നു സോണിയയുടെ വിളിപ്പേര്. തന്റെ സഹോദരിമാരായ നാദിയയിലും അനുഷ്‌കയിലും നിന്ന് വ്യത്യസ്തമായി, സോണിയ എപ്പോഴും വ്യത്യസ്തനായിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പൗലക്കും സ്റ്റെഫാനോക്കും നേരത്തെ തന്നെ മനസ്സിലായി. ചെറുപ്പത്തിൽ അവൾ വളർന്ന ടൂറിൻ പ്രാന്തപ്രദേശത്തുള്ള പൊടി നിറഞ്ഞ വ്യവസായ നഗരത്തിൽ ഒരിക്കലും ജീവിതം സുഖമായിരുന്നില്ല. വടക്കൻ ഇറ്റലിയിലെ യുദ്ധാനന്തര മാറ്റങ്ങളുടെ ഫലമായി 1950കളുടെ തുടക്കത്തിൽ ഉയർന്നുവന്ന അപ്പാർട്ട്മെന്റ് ബ്ലോക്കുകളുടെയും വീടുകളുടെയും നടുവിലായിരുന്നു ഒർബസ്സാനോ.
വീട്ടിൽ, മെയ്നോകൾ പലപ്പോഴും ഇറ്റാലിയൻ അല്ലെങ്കിൽ സ്പാനിഷ് ഭാഷക്ക് പകരം റഷ്യൻ ഭാഷയിലാണ് സംസാരിക്കുന്നത്. അവർ അനായാസം സംസാരിക്കുന്ന മൂന്ന് ഭാഷകളാണവ. സ്റ്റെഫാനോ ജർമ്മനികളുമായി റഷ്യയിൽ യുദ്ധം ചെയ്തതിനാൽ റഷ്യൻ സ്വാധീനം ഉണ്ടായിരുന്നു. റഷ്യൻ ഭാഷ, സംസ്കാരം, ഭക്ഷണം എന്നിവയിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയ മെയ്നോകൾ രാജ്യത്തെ സ്നേഹിക്കുകയും ചെയ്തു. അവർ തങ്ങളുടെ മൂന്ന് പെൺമക്കൾക്ക് റഷ്യൻ പേരുകൾ പോലും നൽകി. പൗല കഠിനാധ്വാനിയും അച്ചടക്കവുമുള്ള സ്ത്രീ ആയിരുന്നു. ആ ഗുണം അവർ കുടുംബത്തിന്, പ്രത്യേകിച്ച് സോണിയക്ക് കൈമാറി.
1965ന്റെ തുടക്കത്തിൽ പിതാവ് സ്റ്റെഫാനോ തന്റെ മകളുടെ കേംബ്രിഡ്ജിലെ വിദ്യാഭ്യാസത്തിന് ആവശ്യമായ പണം സമ്പാദിച്ചതായി കുടുംബ സുഹൃത്തുക്കൾ പറഞ്ഞു. കേംബ്രിഡ്ജിലെ ലെനോക്‌സ് കുക്ക് സ്‌കൂളിൽ ഇംഗ്ലീഷ് പഠിക്കാൻ സോണിയ എത്തിയപ്പോൾ പൗലയും സ്റ്റെഫാനോയും അവിടം സന്ദർശിക്കാൻ എത്തിയിരുന്നു.
പൗലയും സ്റ്റെഫാനോയും തങ്ങളുടെ പെൺമക്കളെ പരമ്പരാഗത കത്തോലിക്കാ രീതിയിലാണ് വളർത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ മകൻ രാജീവ് ഗാന്ധിയെ വിവാഹം കഴിക്കുന്ന കാര്യം സോണിയ അറിയിച്ചപ്പോൾ അവർ അതിലൊന്നും മയങ്ങിയില്ല. കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. സ്റ്റെഫാനോയുടെ ശക്തവും കർക്കശവുമായ വശം പലപ്പോഴും കുടുംബവുമായി വിയോജിപ്പുണ്ടാക്കി. ഇത് ഭാര്യാഭർത്താക്കന്മാർക്കിടയിൽ പതിവായി വഴക്കുണ്ടാക്കിയതായി പറയപ്പെടുന്നു.
വഴക്കുകളും തർക്കങ്ങളും സോണിയയെ അവരുടെ അമ്മ പൗലയുമായി അടുപ്പിച്ചു. ആ ബന്ധം 2022 ആഗസ്റ്റ് വരെ നിലനിന്നു. പൗല ഇന്ത്യയിൽ പതിവായി സന്ദർശിക്കുന്ന ആളായിരുന്നു. "അമ്മയോടൊപ്പമുള്ള ജീവിതം അതിമനോഹരമായ ഒരു അനുഭവമായിരുന്നു" -സോണിയ പറഞ്ഞു. ''വിവാഹശേഷം അമ്മ പൗല ഇറ്റലിയിലേക്ക് പോയപ്പോൾ എനിക്ക് ഏകാന്തതയും വിഷാദവും തോന്നി. ഞാൻ എയർപോർട്ടിൽ നിന്നും മടങ്ങിയപ്പോൾ ഇന്ദിരാ ഗാന്ധിയുടെ കുറിപ്പ് കിട്ടി. ചെറിയ കുറിപ്പ് ഒരിക്കലും മറക്കാൻ കഴിയില്ല. അതിൽ ഇങ്ങനെ എഴുതിയിരുന്നു, ഞങ്ങൾ എല്ലാവരും നിന്നെ സ്നേഹിക്കുന്നു'' -സോണിയ പറയുന്നു.
1999 ഏപ്രിലിൽ വാജ്‌പേയി പുറത്തായപ്പോൾ സോണിയയെ പ്രധാനമന്ത്രിയാക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ആ കാലത്ത് പൗല ഇന്ത്യയിൽവന്നു. എന്നാൽ സമാജ്‌വാദി പാർട്ടിയുടെയും മറ്റ് ചിലരുടെയും എതിർപ്പ് കാരണം അന്ന് സോണിയക്ക് പ്രധാനമന്ത്രിയാകാൻ കഴിഞ്ഞില്ല. 2004 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പൗല വീണ്ടും ഇന്ത്യയിൽ എത്തി. എന്നാൽ ലോക്‌സഭാ ഫലം പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ് മടങ്ങിപ്പോയി. സോണിയ പ്രധാനമന്ത്രിയാകൻ നിരസിക്കുകയും ചെയ്തു. സോണിയയും പ്രിയങ്കയും അമേഠി-റായ്ബറേലി-സുൽത്താൻപൂർ ബെൽറ്റിൽ പ്രചാരണത്തിന് പോകുമ്പോൾ, 34 ലോധി എസ്റ്റേറ്റിലെ പ്രിയങ്കയുടെ വീട്ടിലാണ് അവർ താമസിച്ചിരുന്നത്. കൂടുതലും തന്റെ കൊച്ചുമക്കളായ റൈഹാനെയും മിരായയെയും പരിചരിക്കുകയായിരുന്നു അവർ.
പൗലക്ക് അസുഖം വന്നപ്പോൾ, തന്നെ സന്ദർശിക്കാൻ രാഹുലിനോട് അവർ പലപ്പോഴും ആവശ്യപ്പെടുമായിരുന്നു. 2017ൽ, കർഷക പ്രക്ഷോഭം അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ രാഹുൽ ഗാന്ധി അപ്രത്യക്ഷനായത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രാഹുലിന്റെ 47-ാം ജന്മദിനം പൗലക്കൊപ്പം ആഘോഷിക്കാനുള്ള അവരുടെ ആഗ്രഹത്തെ തുടർന്നായിരുന്നു രാഹുൽ പോയത്.
ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. "ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ, ഞങ്ങളുടെ വേനൽക്കാല അവധിക്കാലത്ത് ഞങ്ങൾ നാനിഹാളിൽ -അമ്മൂമ്മയുടെ സ്ഥലത്ത് പോകുമായിരുന്നു. രാഹുൽ ജി രാജ്യത്തേക്കുറിച്ചോ കർഷകരെക്കുറിച്ചോ ആകുലപ്പെടുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ല. പിക്നിക്കുകൾ ആസ്വദിക്കാനാണ് അദ്ദേഹം രാഷ്ട്രീയം ചെയ്യുന്നത്'' -വിജയവർഗിയ പറഞ്ഞ വാക്കുകളാണിത്.
2020 ഡിസംബറിൽ, രാഹുൽ തന്റെ മുത്തശ്ശി പൗലയെ കാണാൻ വീണ്ടും പറന്നു. പാർട്ടിയുടെ 136-ാം സ്ഥാപക ദിനം, കർഷക പ്രക്ഷോഭം, ബംഗാൾ, അസം, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ എന്നിവ ഒഴിവാക്കിയായിരുന്നു ആ യാത്ര. ഇവ ഒഴിവാക്കിയതിന് മുൻ കോൺഗ്രസ് അധ്യക്ഷനെ കടന്നാക്രമിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അദ്ദേഹത്തെ വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.