പശുക്കളെ സേവിക്കുക, സ്ത്രീകളുടെ വസ്ത്രം അലക്കുക, രാഖി കെട്ടുക: എത്ര വിചിത്രമാണീ ജാമ്യ വ്യവസ്ഥകൾ
text_fieldsഅടുത്ത കാലത്തായി ഇന്ത്യയിലെ കോടതികൾ ജാമ്യം നൽകുന്നതിന് വെക്കുന്ന വ്യവസ്ഥകൾ സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്തുവരാറുണ്ട്. ചില ജാമ്യ വ്യവസ്ഥകൾ വളരെ വിചിത്രമായി തോന്നാം. ഗോശാലക്ക് പണം നൽകുക, ഒരു മാസം പശുക്കളെ സേവിക്കുക, സ്ത്രീകളുടെ വസ്ത്രം അലക്കുക, രാഖി കെട്ടുക, മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്നിവയാണ് അടുത്തിടെ ഇന്ത്യയിലെ കോടതികൾ മുന്നോട്ടുവെച്ച ചില ജാമ്യവ്യവസ്ഥകൾ.
കഴിഞ്ഞ ജൂൺ രണ്ടിന് അലഹബാദ് ഹൈക്കോടതി ഒരു പ്രതിക്ക് ജാമ്യം അനുവദിച്ചപ്പോൾ ചില വിചിത്രമായ വ്യവസ്ഥകൾ ചുമത്തി. ബറേലിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗോശാലക്ക് സമ്മാനമായി ഒരു ലക്ഷം രൂപ നൽകാനും അവിടെ ഒരു മാസത്തേക്ക് പശുക്കളെ സേവിക്കാനും പ്രതിയോട് കോടതി ആവശ്യപ്പെട്ടു.
കുറ്റാരോപിതരോട് മരങ്ങൾ നട്ടുപിടിപ്പിക്കുകയോ സാമൂഹിക സേവനം ചെയ്യുകയോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം നൽകുകയോ പോലുള്ള ജോലികൾ ഏറ്റെടുക്കാൻ കോടതികൾ ആവശ്യപ്പെടുന്ന സമാനമായ ഉത്തരവുകൾ മുമ്പും കണ്ടിട്ടുണ്ട്.
ഈ ജാമ്യ ഉത്തരവുകളിൽ പലതിലും പ്രതികളെ ആദ്യത്തിൽ തന്നെ തെറ്റുതിരുത്തി പരിഷ്കരിക്കണമെന്ന ആശയമുണ്ട്. എന്നാലും കുറ്റം തെളിയിച്ച് ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ശിക്ഷയായി ജാമ്യ വ്യവസ്ഥകൾ കലാശിക്കുന്നു. ഇത്തരം നിരവധി ഉത്തരവുകൾ സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും റദ്ദാക്കിയിട്ടുണ്ട്.
സാമുഹ്യ സേവനം
2021 സെപ്തംബറിൽ, ബീഹാറിലെ ഒരു പ്രാദേശിക കോടതി, പീഡനക്കേസിൽ പ്രതിയായ അലക്കുകാരന് തന്റെ ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ ആറ് മാസത്തേക്ക് സൗജന്യമായി കഴുകി ഇസ്തിരിയിടണമെന്ന വ്യവസ്ഥയിൽ ജാമ്യം നൽകി. ഇത് ചെയ്ത ശേഷം, ഗ്രാമത്തിലെ പഞ്ചായത്തംഗത്തിൽ നിന്നോ അല്ലെങ്കിൽ ഗ്രാമത്തിലെ ആദരണീയരായ ഏതെങ്കിലും പൊതുപ്രവർത്തകനിൽ നിന്നോ സർട്ടിഫിക്കറ്റ് വാങ്ങി ഉചിതമായ കോടതിയിൽ ഫയൽ ചെയ്യണം. ജഡ്ജി പറഞ്ഞു. സ്ത്രീകളെ അപമാനിച്ച കേസിൽ ഇതേ കോടതി അഴുക്കുചാലുകൾ വൃത്തിയാക്കാനാണ് ജാമ്യം നൽകാനുള്ള വ്യവസ്ഥയായി മറ്റൊരു പ്രതിയോട് ആവശ്യപ്പെട്ടത്.
മറ്റൊരു കേസിൽ, അനധികൃത മദ്യം കടത്തിയെന്നാരോപിച്ച ഒരാളോട് പാവപ്പെട്ട അഞ്ച് കുട്ടികളുടെ പഠനച്ചെലവ് മൂന്ന് മാസത്തേക്ക് നൽകാൻ ഇതേ ജഡ്ജി നിർദ്ദേശിച്ചു.
2020 ജൂലൈയിൽ 15ലധികം ജാമ്യ ഉത്തരവുകളിൽ, മധ്യപ്രദേശ് ഹൈക്കോടതിയുടെ ഒരു ബെഞ്ച് പ്രതികളോട് അവരുടെ വസതികൾക്ക് സമീപമുള്ള സർക്കാർ പ്രൈമറി സ്കൂളുകൾക്ക് "ശാരീരികവും സാമ്പത്തികവുമായ സഹായം" നൽകാൻ നിർദ്ദേശിച്ചുവെന്ന് 'ലൈവ് ലോ' റിപ്പോർട്ട് ചെയ്തു. ഇതിനുപുറമെ, ഹൈക്കോടതി പ്രതികളോട് കോവിഡ് -19 സന്നദ്ധ പ്രവർത്തകരാകാനും ആവശ്യപ്പെട്ടിരുന്നു.
2019ൽ മറ്റൊരു സംഭവത്തിൽ, വർഗീയ പോസ്റ്റുകൾ ഇട്ടതിന് അറസ്റ്റിലായ ഒരു സ്ത്രീയോട് ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ഖുർആന്റെ അഞ്ച് കോപ്പികൾ വിവിധ ലൈബ്രറികൾക്ക് സംഭാവന ചെയ്യാൻ റാഞ്ചി കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതിഷേധത്തിനും അന്വേഷണ ഉദ്യോഗസ്ഥന്റെ അഭ്യർഥനക്കും ശേഷം ഈ വ്യവസ്ഥ പിൻവലിച്ചു.
പല കേസുകളിലും, കോടതികൾ പ്രതികളോട് ചാരിറ്റി ആവശ്യങ്ങൾക്കായി പണം സംഭാവന ചെയ്യാൻ ആവശ്യപ്പെടുന്നു.
2020 മെയ് മാസത്തിൽ, കുറഞ്ഞത് 17 ജാമ്യ ഉത്തരവുകളിൽ, മധ്യപ്രദേശ് ഹൈക്കോടതിയിലെ ഒരു സിംഗിൾ ജഡ്ജി പ്രതികളോട് "ഭക്ഷണം തയ്യാറാക്കുന്നതിനും കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ള താഴെതട്ടിലുള്ള ആളുകൾക്ക് ഏതെങ്കിലും സർക്കാർ ഏജൻസി വഴി വിതരണം ചെയ്യുന്നതിനും വേണ്ടി ജില്ലാ കലക്ടർമാർക്ക് പണം നൽകാൻ നിർദ്ദേശിച്ചു.
ജാർഖണ്ഡ് ഹൈക്കോടതി, 2020 ഏപ്രിലിൽ ചില പ്രതികളോട് 35,000 രൂപ വീതം പ്രധാനമന്ത്രിയുടെ കീഴിലുള്ള പി.എം കെയർ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം എന്ന വിചിത്ര ജാമ്യ വ്യവസ്ഥയും കോടതിയിൽനിന്നുണ്ടായി. പല കേസുകളിലും കാണുന്ന മറ്റൊരു പൊതു ജാമ്യ വ്യവസ്ഥയാണിത്.
മറ്റൊരു സന്ദർഭത്തിൽ, മധ്യപ്രദേശ് ഹൈക്കോടതി ഒരു പ്രതിയോട് "ഇന്ത്യയിലോ ചൈന ഒഴികെയുള്ള വിദേശ രാജ്യത്തോ നിർമ്മിച്ച, കുറഞ്ഞത് 25,000 രൂപ വിലയുള്ള എൽ.ഇ.ഡി ടി.വി വാങ്ങാൻ ആവശ്യപ്പെട്ടു.
അസാധാരണമായ മറ്റ് ജാമ്യ ഉത്തരവുകളും വന്നിട്ടുണ്ട്. അതിലൊന്ന് പ്രതികളോട് മരങ്ങൾ നടാൻ ആവശ്യപ്പെട്ടുള്ളതാണ്.
കൊലപാതകശ്രമക്കേസിൽ മധ്യപ്രദേശ് ഹൈക്കോടതി പ്രതികൾക്ക് നൽകിയ ജാമ്യ വ്യവസ്ഥകളും വിചിത്രമാണ്. ഫലവൃക്ഷം, വേപ്പ് മരങ്ങളുടെ 10 തൈകൾ നട്ടുപിടിപ്പിച്ച് സ്വന്തം ചെലവിൽ സമരക്ഷിക്കണം എന്നായിരുന്നു വ്യവസ്ഥ.
മാർച്ചിലെ മറ്റൊരു ഉത്തരവിൽ, അതേ ബെഞ്ച് കൊലക്കേസ് പ്രതിയോട് സമാനമായ അഞ്ച് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ നിർദ്ദേശിച്ചു.
സംരക്ഷണത്തിനായി വേലി കെട്ടുകയും തൈകളുടെ ഫോട്ടോകൾ കോടതിയിൽ സമർപ്പിക്കാനും അടുത്ത മൂന്ന് വർഷത്തേക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനും കോടതി പ്രതികളോട് നിർദ്ദേശിച്ചു. ഇതിനുപുറമെ, ജിയോ ടാഗിംഗ് വഴി തൈകൾ ഹൈക്കോടതി നിരീക്ഷിക്കാൻ കഴിയുന്ന ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ പ്രതിയോട് ആവശ്യപ്പെട്ടു.
ഈ വ്യവസ്ഥകൾ നിർദേശിക്കവെ, മെറിറ്റുകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്നും അതിനുശേഷം തൈകൾ നടുന്നതിനുള്ള നിർദേശം നൽകിയെന്നും കോടതി വ്യക്തമാക്കി. എന്നിട്ടും ഈ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.
കുറ്റാരോപിതനെ പരിഷ്കരിക്കുന്നു
മധ്യപ്രദേശ് ഹൈക്കോടതി, വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിക്കൊണ്ട് പറഞ്ഞു, "സൃഷ്ടി പ്രക്രിയയിലൂടെയുള്ള അക്രമത്തിന്റെയും തിന്മയുടെയും ശരീരഘടനയെ അഭിസംബോധന ചെയ്യുന്നതിനും പ്രകൃതിയുമായി ഒത്തുചേരുന്നതിലേക്കുള്ള ഒരു ചുവടുവെയ്പ്പിനുമുള്ള ഒരു പരീക്ഷണമായാണ് കോടതി ഈ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്".
''അനുകമ്പ, സേവനം, സ്നേഹം, കരുണ എന്നിവയുടെ സ്വാഭാവിക സഹജാവബോധം മനുഷ്യന്റെ നിലനിൽപ്പിനായി പുനർജ്ജീവിപ്പിക്കേണ്ടതുണ്ട്. കാരണം അവ മനുഷ്യന്റെ അസ്തിത്വത്തിന്റെ സ്വതസിദ്ധമായ ഗുണങ്ങളാണ്. പ്രതികൾ സാമൂഹ്യസേവനം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനാലാണ് ഇവ നൽകിയത്''. 2020 ജൂണിൽ ജാമ്യം അനുവദിക്കുമ്പോൾ സമാനമായ വ്യവസ്ഥകൾ ഏർപ്പെടുത്തിയപ്പോഴും കോടതി ഇതേ കാര്യം പറഞ്ഞു.
ഗോവധ നിയമം പ്രകാരം അറസ്റ്റിലായ പ്രതിക്ക് ജാമ്യം നൽകാൻ അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടത് ഗോശാലയിലെ സേവനമാണ്. മധ്യപ്രദേശ് ഹൈക്കോടതി സ്ത്രീയെ ശല്യം ചെയ്ത ഒരു വ്യക്തിക്ക് ജാമ്യം നൽകാൻ സ്ത്രീക്ക് രാഖി കെട്ടിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ടു.
ചില സന്ദർഭങ്ങളിൽ, രാഷ്ട്രീയക്കാർക്കെതിരെ ആക്ഷേപകരമായ പ്രസ്താവനകൾ നൽകിയതിന് കേസെടുത്ത ആളുകളോട് ജാമ്യത്തിനുള്ള വ്യവസ്ഥകളായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
2020ൽ നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വ്യക്തിയോട് ഒരു വർഷത്തേക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പ്രതിയോട് രണ്ട് വർഷത്തേക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. സൈബർ കുറ്റകൃത്യത്തിന് ഒരു പ്രതിക്ക് മധ്യപ്രദേശ് ഹൈക്കോടതി രണ്ട് മാസത്തെ സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തി. ഇത്തരം വിലക്കുകൾ നിയമപരമാണോ എന്നതു സംബന്ധിച്ച് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
വിചാരണക്കുമുമ്പ് കുറ്റവാളി
കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരു വ്യക്തി നിരപരാധിയാണെന്ന് നിയമം അനുമാനിക്കുന്നു. കമ്മ്യൂണിറ്റി സേവനം ചെയ്യുകയോ പണം സംഭാവന ചെയ്യുകയോ പോലുള്ള ഈ വ്യവസ്ഥകളിൽ പലതും ഒരു വ്യക്തി ശിക്ഷിക്കപ്പെടാത്ത കുറ്റത്തിന് ശിക്ഷിക്കുന്നതിന് തുല്യമായിരിക്കും.
പല കേസുകളിലും ചുമത്തിയ പിഴ മാറ്റിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മധ്യപ്രദേശിലെയും കേരളത്തിലെയും പ്രാദേശിക കോടതികൾ പ്രതികളോട് ജാമ്യത്തിനുള്ള വ്യവസ്ഥയായി കൊറോണ ദുരിതാശ്വാസത്തിനായി നിർമ്മിച്ച പി.എം-കെയേഴ്സ് ഫണ്ടിലേക്ക് പണം നിക്ഷേപിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഈ വ്യവസ്ഥ സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾ റദ്ദാക്കി. 60,000 രൂപ പിഴ ചുമത്തി എക്സൈസ് വകുപ്പിൽ നിക്ഷേപിക്കണമെന്ന ജുഡീഷ്യൽ കമ്മീഷണർമാരുടെ ഉത്തരവ് ജാർഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ പിഴ ശിക്ഷയാണെന്നും കുറ്റം തെളിയിക്കപ്പെടാതെ നൽകാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.