പിഞ്ചുബാലനെ വിഗ്രഹത്തിന് മുന്നിൽ വെട്ടിക്കൊന്നു, ആനയുടെ അസുഖം മാറാൻ കുത്തിക്കൊല; കേരളത്തിൽ ഇതുവരെ നടന്ന നരബലികൾ അറിയാം
text_fieldsകേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ നരബലി നടന്നത് 1955ൽ ആണെന്ന് കരുതപ്പെടുന്നു. ഏപ്രിൽ 23ന്. തിരുവനന്തപുരം കാട്ടാക്കടയിൽ കഴുത്തിൽ കുരുക്കിട്ട് 15കാരനെ ബലികഴിച്ചു. മൃതദേഹം ചാക്കിൽ കെട്ടി കൊണ്ടുപോകുംവഴി പൊലീസ് പിടിയിലായി. മന്ത്രവാദിയെയും കൂട്ടാളികളെയും നാടുകടത്താൻ അന്ന് കോടതി വിധി പുറപ്പെടുവിച്ചു.
ഗുരുവായൂരിൽ 1956 സെപ്തംബർ 29നാണ് നരബലി നടന്നത്. രാധ എന്ന ആനയുടെ അസുഖം മാറാനാണ് ആന പ്രേമിയായ അപ്പസാമി എന്നയാൾ സുഹൃത്തായ കാശിയെ വെട്ടിക്കൊന്നത്. കാശി അമ്പലത്തിന്റെ കിഴക്കേ നടയിൽ കിടന്നുറങ്ങിയപ്പോൾ അപ്പസാമി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആന വലിയ ഒരു ജീവിയാണെന്നും മനുഷ്യൻ വളരെ ചെറിയ ജീവിയാണെന്നുമായിരുന്നു കോടതിയിൽ അപ്പസാമിയുടെ വിചിത്രമൊഴി.
1973 മെയ് 29നാണ് അതിക്രൂരമായ നരബലി നടന്നത്. കൊല്ലം ശങ്കരോദയം എൽ.പി സ്കൂളിലെ ദേവദാസൻ എന്ന ആറ് വയസുകാരനാണ് ഇരയായത്. അയൽവാസി അഴകേശൻ ദേവപ്രീതിക്കായി വിഗ്രഹത്തിന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 1983ൽ വയനാട്ടിൽ ഒരു നരബലി ശ്രമം അരങ്ങേറി. എരുമാട് പ്രൈമറി സ്കൂൾ അധ്യാപകനായ കേളപ്പനെ ബലികഴിപ്പിക്കാൻ ശ്രമിച്ചതിന് രണ്ടുപേർ ശിക്ഷിക്കപ്പെട്ടു.
1996 ഡിസംബർ 31ന് അർദ്ധരാത്രിയിൽ കായംകുളം കുഴിത്തറയിൽ നടന്ന നരബലിക്ക് ഇരയായത് ആറ് വയസുകാരി പെൺകുട്ടിയാണ്. സന്താനങ്ങൾ ഉണ്ടാകാനായി അജിത എന്ന ആറുവയസുകാരിയെ തുളസി-വിക്രമൻ ദമ്പതികൾ ബലി കൊടുക്കുകയായിരുന്നു. സ്കൂളിൽനിന്നും മടങ്ങിയ അജിതയെ ദമ്പതികൾ വീട്ടിലെത്തിച്ചു. രാത്രി മന്ത്രവാദിയുടെ സഹായത്തോടെ കുട്ടിയുടെ ദേഹത്ത് മുറിവുണ്ടാക്കി രക്തം ഊറ്റിയെടുത്തു. ശേഷം ശരീരം അടുത്തുള്ള കുളത്തിൽ ഉപേക്ഷിച്ചു.
2004ൽ പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപവും നാല് വയസുകാരൻ ക്രൂരമായി കൊല്ലപ്പെട്ടു. യെിൽവേ സ്റ്റേഷനിൽ അച്ഛനും അമ്മക്കും ഒപ്പം കിടന്നുറങ്ങിയ കുട്ടിയെ കാണാതായി. അന്വേഷണത്തിൽ ഭാരതപ്പുഴയുടെ തീരത്ത് കൈകാലുകൾ ഛേദിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സമീപത്ത്. പൂജ നടത്തിയിരുന്നതായും കണ്ടെത്തി. പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.
2021ലും കേരളത്തിൽ നരബലി അരങ്ങേറി. ഫെബ്രുവരിയിൽ പാലക്കാട് പുതുപ്പള്ളി തെരുവിലാണ് സംഭവം. മാതാവ് തന്നെയായിരുന്നു പ്രതി. ആറ് വയസുള്ള കുട്ടിയെ വീട്ടിലെ കുളിമുറിയിൽ കാലുകൾ കൂട്ടി കെട്ടിയിട്ട ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ദൈവപ്രീതിക്കായാണ് ഇങ്ങനെ ചെയ്തത് എന്നാണ് അമ്മ നൽകിയ മൊഴി.
1981 ഡിസംബറിൽ ഇടുക്കിയിൽ സോഫിയ എന്ന യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് കൊന്നുകുഴിച്ചുമൂടി. ആഭിചാര മന്ത്രവാദിയുടെ നിർദേശപ്രകാരമായിരുന്നു കൊല. ഇതേവർഷം മുണ്ടിയെരുമയിൽ നിധി ലഭിക്കാനായി ആൺകുട്ടിയെ പിതാവും സഹോദരിയും ചേർന്ന് വായും മൂക്കും കുത്തിക്കീറി കൊലപ്പെടുത്തി. 2014ന് കരുനാഗപ്പള്ളി തഴവയിൽ ഹസീന എന്ന യുവതിയെ മന്ത്രവാദി തൊഴിച്ചുകൊലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.