ഒരു തെരുവ് നായപോലും ഇല്ലാത്ത രാജ്യം ഇതാണ്; ലോകത്തുള്ള തെരുവ് നായകളുടെ എണ്ണം അറിയണോ
text_fieldsതെരുവ് നായ ശല്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണല്ലോ കേരളം. ദിനേന നിരവധി പേരെയാണ് തെരുവ് നായകൾ ആക്രമിക്കുന്നത്. കടിയേറ്റ് പ്രതിരോധ വാക്സിൻ എടുത്തവരും മരിക്കുന്നു. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയിൽ അഭിരാമി എന്ന 12 വയസുകാരി നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ പേ വിഷബാധ കാരണം മരിച്ചത്. നാട്ടുകാർ മുഴുവൻ ആശങ്കയിലാണ്. നായകളെ സംബന്ധിച്ചും തെരുവ് നായകളെ സംബന്ധിച്ചും ചില വിവരങ്ങൾ:
ലോകമെമ്പാടും 20 കോടിയിലധികം തെരുവുനായകളുണ്ടെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്കിൽ പറയന്നേത്. ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയുടെ എണ്ണം കൂടുതൽ. ഇന്ത്യയിൽ മാത്രം ലക്ഷക്കണക്കിന് തെരുവ് നായകളുണ്ട്. ഇവയെ നിയന്ത്രിക്കുക എന്നത് നമ്മളെ പോലെ തന്നെ എല്ലാ രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയാണ്. ലോകത്ത് ഒരു തെരുവ് നായ പോലും ഇല്ലാത്ത രാജ്യമാണ് നെതർലൻഡ്സ്. ഈ ജൂലൈയിലാണ് ഒരു തെരുവുനായ പോലുമില്ലാത്ത രാജ്യമായി നെതർലൻഡ്സ് മാറിയത്.
വളർത്തുമൃഗങ്ങൾക്കും ഓമന മൃഗങ്ങൾക്കും ഒരുപാട് പരിഗണന കൊടുക്കുന്ന രാജ്യം കൂടിയാണ് നെതർലൻഡ്സ്. നഗരങ്ങളിൽ ഓമനമൃഗങ്ങളെ ബാസ്ക്കറ്റുകളിലും സ്ട്രോളറുകളിലുമായി നടക്കുന്നവർ സാധാരണ കാഴ്ചയാണ്. ഹോട്ടലുകളിൽപോലും ഇവയെ കയറ്റാം. പൊതുഗതാഗത സംവിധാനവും ഉപയോഗിക്കാം. എന്നാൽ, നേരത്തേ ഇങ്ങനെയായിരുന്നില്ല.
പഴയകാലത്ത് ഓമനമൃഗങ്ങൾ, പ്രധാനമായും നായ്ക്കൾ ഡച്ചുകാരുടെ സ്റ്റാറ്റസ് ചിഹ്നമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ നെതർലൻഡ്സിൽ നിരവധി നായ്ക്കളുണ്ടായിരുന്നെന്ന് ഡച്ച് റിവ്യൂ എന്ന വെബ്സൈറ്റ് പറയുന്നു. ഇതോടെ കുറേനാൾ കഴിഞ്ഞ് രാജ്യത്ത് പേവിഷബാധ പൊട്ടിപ്പുറപ്പെട്ടു. അതോടെ നായ്ക്കളെ ഉടമസ്ഥർ ഉപേക്ഷിക്കാൻ തുടങ്ങി. ഇതിനിടെ നായ്ക്കളെ വളർത്തുന്നവർക്ക് സർക്കാർ പ്രത്യേക നികുതിയും ഏർപ്പെടുത്തി. ഇതോടെ സാമ്പത്തിക ബാധ്യത കുറക്കാനായി ആളുകൾ കൂട്ടത്തോടെ നായ്ക്കളെ ഉപേക്ഷിക്കാൻ തുടങ്ങി. തെരുവുനായ്ക്കളുടെ എണ്ണം ഇതോടെ അധികരിച്ചു. പിൽക്കാലത്ത് പല രാജ്യങ്ങളിലുമെന്ന പോലെ തെരുവുനായകൾ ധാരാളമായി നെതർലൻഡ്സിലുമുണ്ടായിരുന്നു. എന്നാൽ ഇവയുടെ എണ്ണം കുറയ്ക്കാനായി സമീപകാല സർക്കാരുകൾ ഊർജിതമായ പ്രവർത്തനങ്ങൾ നടത്തി. അവയൊക്കെ ഫലം കണ്ടതിനെ തുടർന്ന് ഇപ്പോൾ രാജ്യത്ത് ഒരു തെരുവ് നായപോലും ഇല്ല.
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് വാക്സീൻ നൽകുകയായിരുന്നു ദേശവ്യാപകമായി സർക്കാർ ചെയ്തത്. ഇവയെ ഡോഗ് ഷെൽട്ടറുകളിലേക്കു മാറ്റി. ഡോഗ് ഷെൽട്ടറുകളിൽ നിന്ന് അനാഥ നായ്ക്കളെ ഏറ്റെടുക്കാൻ ജനങ്ങളോട് ആഹ്വാനവും നൽകി. ഇങ്ങനെ ഏറ്റെടുക്കുന്നവർക്ക് നികുതിയിളവ് നൽകാൻ ഡച്ച് നഗരസഭകളും തയാറായി. അലഞ്ഞുതിരിയുന്ന നായ്ക്കളെയും മറ്റും കണ്ടെത്താനും അവയെ ഏറ്റെടുത്തു സംരക്ഷിക്കാനും അനിമൽ പൊലീസ് ഫോഴ്സിനും സർക്കാർ രൂപം നൽകി. നിലവിൽ ഡച്ച് ജനസംഖ്യയിൽ അഞ്ചിലൊരാളും ഇത്തരത്തിൽ അനാഥ നായ്ക്കളെ ദത്തെടുത്തിട്ടുള്ളവരാണെന്ന് കണക്കുകൾ പറയുന്നു. കേരളത്തിലും ചില നഗരങ്ങളിൽ തെരുവ് നായകളെയും ഉടമകൾ ഉപേക്ഷിച്ച നായകളെയും ദത്തെടുക്കാനുള്ള ക്യാമ്പുകൾ നടത്തിയിരുന്നു. നിർഭാഗ്യകരമെന്ന് പറയട്ടെ, തെരുവ് നായകൾക്ക് വേണ്ടി മുറവിളി കൂട്ടുന്നവർ അവയെ സംരക്ഷിക്കാൻപോലും തയ്യാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.