'എലിസബത്ത് രാജ്ഞിയോടുള്ള വിശ്വസ്തതയുടെ ഭാഗമായി നെഹ്റു ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിരുന്നു'; സത്യമെന്ത്
text_fieldsബ്രിട്ടീഷ് രാജ്ഞിയായിരുന്ന എലിസബത്ത് അന്തരിച്ചത് കഴിഞ്ഞയാഴ്ചയാണ്. രാജ്ഞിയുടെ മരണത്തിന് ശേഷം നിരവധി വെളിപ്പെടുത്തലുകളാണ് ദിനവും പുറത്തുവരുന്നത്. ബ്രിട്ടനുമായും ഇന്ത്യയുമായും ബന്ധപ്പെട്ട കഥകൾക്കും കുറവില്ല. ഇന്ത്യയുടെ എക്കാലത്തെയും ആദരണീയനായ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റു ലണ്ടൻ പൗരത്വം സ്വീകരിച്ചിരുന്നു എന്ന വ്യാജവാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
നെഹ്‌റു 'ലണ്ടൻ പൗരൻ' ആയിരുന്നു എന്ന തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദവുമായുള്ള വീഡിയോ ആണ് വൈറലാകുന്നത്. എലിസബത്ത് രാജ്ഞിയോടുള്ള വിശ്വസ്തതയുടെ മുഖമുദ്രയായി നെഹ്‌റു "1956ൽ ലണ്ടൻ പൗരത്വം സ്വീകരിച്ചു" എന്ന അവകാശവാദത്തോടെ ഒരു പൊതുപരിപാടിയിൽ ജവഹർലാൽ നെഹ്‌റുവിന്റെ ഒരു ക്ലിപ്പ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുകയാണ്.
വീഡിയോയിൽ ഒരാൾ നെഹ്‌റുവിനെ അഭിനന്ദിക്കുന്നത് കാണാം. " മിസ്റ്റർ നെഹ്റു, ലണ്ടൻ പൗരനെന്ന നിലയിൽ നിങ്ങളെ അഭിവാദ്യം ചെയ്യുക എന്നത് എന്റെ പദവിയാണ്." -വീഡിയോയിൽ ഒരാൾ പറയുന്നു. സംഘ്പരിവാർ കേന്ദ്രങ്ങളാണ് രാജ്ഞിയുടെ മരണശേഷം ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത്. ഈ ചരിത്രം നിങ്ങളെ ആരും പഠിപ്പിക്കില്ല എന്ന തലക്കുറിപ്പോടെ ഒരാൾ ട്വിറ്ററിൽ വീഡിയോ പങ്കിട്ടു. ആയിരങ്ങൾ ഇത് പങ്കുവെച്ചിട്ടുണ്ട്.
വസ്തുതാന്വേഷണ വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്' ഇത് സംബന്ധിച്ച അന്വേഷണം നടത്തി യാഥാർഥ്യം പുറത്തുവിട്ടു. വസ്തുത തരിമ്പുമില്ലാത്ത വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആൾട്ട് ന്യൂസ് വീഡിയോ ക്ലിപ്പിന്റെ യഥാർഥ ദൃശ്യം കണ്ടെത്തി. ബ്രിട്ടീഷ് പാഥെ വെബ്‌സൈറ്റിൽ ക്ലിപ്പിന്റെ അൽപ്പം നീളമുള്ള പതിപ്പ് കണ്ടെത്തി. യു.കെയിലെ ഏറ്റവും പഴയ ന്യൂസ് റീൽ ആർക്കൈവുകളിൽ ഒന്നാണിത്. ക്ലിപ്പ് അവരുടെ യൂട്യൂബ് ചാനലിലും ലഭ്യമാണ്.
"ഇന്ത്യയിലെ മിസ്റ്റർ നെഹ്‌റുവും ന്യൂസിലൻഡിലെ മിസ്റ്റർ ഹോളണ്ടും രണ്ട് മഹാനായ പ്രധാനമന്ത്രിമാർ ഗിൽഡ്ഹാളിൽ ലണ്ടൻ നഗരത്തിന്റെ അംഗീകാരം സ്വീകരിക്കുന്നു" എന്നാണ് വീഡിയോ വിവരണം. ബി.ബി.സി പറയുന്നതനുസരിച്ച്, 1956 ജൂലൈ മൂന്നിനാണ് ചടങ്ങ് നടന്നത്.
ലണ്ടൻ നഗരത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ഫ്രീഡം ഓഫ് ദി സിറ്റി ഓഫ് ലണ്ടൻ സെറിമണി പ്രകാരം, ഇന്നും നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള പരമ്പരാഗത ചടങ്ങുകളിലൊന്നാണിത്. 1237ലാണ് ആദ്യമായി അവതരിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ബി.ബി.സി പറയുന്നതനുസരിച്ച്, ലണ്ടൻ നഗരത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പാരമ്പര്യം 13-ാം നൂറ്റാണ്ടിൽ ആരംഭിച്ചതാണ്. അത് ഊരിപ്പിടിച്ച വാളുമായി നഗരം ചുറ്റിനടക്കാൻ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള പ്രത്യേകാവകാശങ്ങളാൽ ആകർഷണീയമാണ്.
ഈ ബഹുമതിക്ക് ചരിത്രപരമായ സന്ദർഭം നൽകിക്കൊണ്ട് വെബ്‌സൈറ്റ് വിശദീകരിക്കുന്നു, "മധ്യകാല പദമായ 'ഫ്രീമാൻ -സ്വതന്ത്രൻ' അർത്ഥമാക്കുന്നത് ഒരു ഫ്യൂഡൽ പ്രഭുവിന്റെ സ്വത്തല്ലെങ്കിലും പണവും സ്വന്തമായി ഭൂമിയും സമ്പാദിക്കാനുള്ള അവകാശം പോലുള്ള പ്രത്യേകാവകാശങ്ങൾ ആസ്വദിക്കുന്ന ഒരാളെയാണ്. പട്ടണത്തിന്റെയോ നഗരത്തിന്റെയോ ചാർട്ടർ വഴി സംരക്ഷിക്കപ്പെട്ടിരുന്ന നഗരവാസികൾ പലപ്പോഴും സ്വതന്ത്രരായിരുന്നു - അതിനാൽ നഗരത്തിന്റെ 'സ്വാതന്ത്ര്യം' എന്ന പദം പ്രയോഗിക്കപ്പെട്ടു.
പാരമ്പര്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യമുള്ളവർക്ക് സിറ്റി ഓഫ് ലണ്ടന്റെ YouTube ചാനലിൽ അപ്‌ലോഡ് ചെയ്ത 2013 ക്ലിപ്പ് കാണാൻ കഴിയും. 45-സെക്കൻഡ് മാർക്കിൽ, ഗിൽഡ്ഹാലിലെ ചേംബർലെയിൻസ് കോർട്ടിലെ ഇപ്പോഴത്തെ ക്ലാർക്ക് മുറെ ക്രെയ്ഗും ഈ ബഹുമതി "പ്രതീകാത്മകമാണ്" എന്ന് പ്രസ്താവിച്ചു.
ചുരുക്കത്തിൽ, 1956 ലെ ഫ്രീഡം ഓഫ് ദി സിറ്റി ഓഫ് ലണ്ടൻ ചടങ്ങിൽ ജവഹർലാൽ നെഹ്‌റുവിന്റെയും ന്യൂസിലൻഡ് പ്രധാനമന്ത്രി സർ സിഡ്‌നി ജോർജ്ജ് ഹോളണ്ടിന്റെയും ഒരു ക്ലിപ്പ് നെഹ്‌റു "ലണ്ടൻ പൗരത്വം" സ്വീകരിച്ചതായി ഇന്ത്യയിൽ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. സംഘ്പരിവാറിന്റെ കണ്ണിലെ കരടാണ് ജവഹർലാൽ നെഹ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ അമിത് ഷാ അടക്കമുള്ള മുതിർന്ന ബി.ജെ.പി നേതാക്കളും നെഹ്റുവിനെ നിരന്തരം അപകീർത്തിപ്പെടുത്താറുണ്ട്. അതിലേക്ക് ചേർത്തുവെക്കാവുന്നതാണ് ഈ പ്രചാരണവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.