വികാസ് ദുബെ ഏറ്റുമുട്ടൽ കൊല: യു.പി സർക്കാറിന് സുപ്രീംകോടതി വിമർശനം
text_fieldsന്യൂഡൽഹി: ഗുണ്ടനേതാവ് വികാസ് ദുബെയുടെ ഏറ്റുമുട്ടൽ കൊലപാതകത്തിൽ ഉത്തർപ്രദേശ് സർക്കാറിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. അറസ്റ്റും വിചാരണയുമാണ് നിയമവ്യവസ്ഥ വഴി നടക്കേണ്ടതെന്നും ഉത്തർപ്രദേശ് സർക്കാറിനും ഇത് ബാധകമാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു. ദുബെ കൊല്ലപ്പെട്ട സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിെൻറ പരാമർശം. 65 കേസിൽ പ്രതിയായ കൊടുംകുറ്റവാളിക്ക് എങ്ങനെയാണ് ഈ കേസുകളിലെല്ലാം ജാമ്യം കിട്ടിയതെന്ന്, വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി ചോദിച്ചു.
വിരമിച്ച സുപ്രീംകോടതി ജഡ്ജിയെയും വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും കൂടി ഉൾപ്പെടുത്തി അന്വേഷണസമിതി പുനഃസംഘടിപ്പിക്കാൻ നിർദേശം നൽകി. അന്വേഷണ സമിതിയിലേക്ക് നിലവിലെ സാഹചര്യത്തിൽ സിറ്റിങ് ജഡ്ജിയെ നിയോഗിക്കാൻ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു.
അന്വേഷണ സമിതി പുനഃസംഘടിപ്പിച്ച് അതിെൻറ വിശദാംശങ്ങൾ ചൊവ്വാഴ്ച സമർപ്പിക്കണമെന്നും സംസ്ഥാന സർക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അതേസമയം, രക്തം വാർന്നാണ് ദുബെ മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വെടിയുണ്ടയേറ്റ മൂന്നു മുറിവുകൾ ശരീരത്തിലുണ്ട്. മൂന്ന് മുതിർന്ന ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ് മോർട്ടം. നടപടികെളല്ലാം വിഡിയോ കാമറയിൽ പകർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.