സാമ്പത്തിക തകർച്ച: കൂടുതൽ വായ്പയെടുക്കാൻ നിർദേശിച്ച് ചിദംബരം
text_fieldsന്യൂഡൽഹി: സാമ്പത്തിക തകര്‍ച്ച മറികടക്കാൻ കേന്ദ്രസർക്കാർ കൂടുതൽ വായ്പയെടുക്കണമെന്ന നിർദേശവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. ജനങ്ങളിലേക്ക് പണമെത്തിക്കാതെ രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതി മെച്ചപ്പെടില്ലെന്ന് അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. സാമ്പത്തിക ഉത്തേജനത്തിനായി വാഗ്ദാനം ചെയ്യപ്പെട്ട വായ്പകൾ വാങ്ങാം. ഐ.എം.എഫും ലോകബാങ്കും ഏഷ്യൻ വികസന ബാങ്കുമെല്ലാം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇവരിൽനിന്ന് കടം വാങ്ങിയ പണത്തിൽനിന്ന് ഒരു ഭാഗം ദരിദ്രർക്ക് നൽകണം. പാവപ്പെട്ട 50 ശതമാനം പേരിലെങ്കിലും ഈ തുക എത്തിയതായി ഉറപ്പുവരുത്തണം. എല്ലാവർക്കും പണമാണ് ആവശ്യം. അതു നൽകാൻ സർക്കാർ മടി കാണിക്കരുത് -ചിദംബരം പറഞ്ഞു.
വലിയ പൊതുമരാമത്ത് ജോലികള്‍ ആരംഭിക്കുക. അതിന് കൂലിക്ക് പകരം ഭക്ഷ്യധാന്യ ശേഖരത്തില്‍നിന്നുള്ള പങ്ക് പാവപ്പെട്ടവരുടെ വീടുകളിൽ എത്തിക്കുക. അടിസ്ഥാന സൗകര്യ മേഖലയിലെ മൂലധന ചെലവുകൾക്കായി ഒരു ഭാഗം ഉപയോഗിക്കണം. ജി.എസ്.ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് നൽകാനായി ഒരു ഭാഗം ഉപയോഗിക്കാം, ബാങ്കുകൾക്ക് വീണ്ടും മൂലധനമാക്കാനും വായ്പ നൽകാൻ പ്രാപ്തമാക്കുന്നതിനും മറ്റൊരു ഭാഗം ഉപയോഗിക്കാം. ഡിമാൻഡ് കൂടുന്നെന്ന സൂചന ലഭിച്ചാൽ സ്വകാര്യ കോർപറേറ്റുകൾ കൂടുതല്‍ നിക്ഷേപം നടത്തി ഉൽപാദനം വർധിപ്പിക്കും.
കാർഷിക ഉൽപന്ന വിപണനത്തിൽ ഇടപെടാനും അവശ്യവസ്തുക്കളുടെ വിതരണം നിയന്ത്രിക്കാനും ജില്ല കേന്ദ്ര, നഗര സഹകരണ ബാങ്കുകളെ നിയന്ത്രിക്കാനുമുള്ള തെറ്റായ ശ്രമം കേന്ദ്രം ഉപേക്ഷിക്കണം. സംസ്ഥാനങ്ങളിലേക്ക് അധികാരം വികേന്ദ്രീകരിക്കുകയും സാമ്പത്തികമായി ശാക്തീകരിക്കുകയുമാണ് അടുത്ത ധീരമായ നീക്കം. ഒരു രാഷ്ട്രം എല്ലാം ഒന്നിന് കീഴില്‍ എന്നത് വളരെ മോശമായ ആശയമാണെന്ന് അദ്ദേഹം തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.