ടൗട്ടെ: ഗുജറാത്തിൽ മരണം 45
text_fieldsഅഹ്മദാബാദ്: ഗുജറാത്തിെല 12 ജില്ലകളിൽ ആഞ്ഞുവീശിയ ടൗട്ടെ ചുഴലിക്കാറ്റിൽ ഇതുവരെ 45 പേർ മരിച്ചു. സൗരാഷ്ട്രയിലെ അംറേലി ജില്ലയിൽ മാത്രം 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എട്ടുപേർ ഭാവ്നഗർ, ഗിർ സോംനാഥ് എന്നിവിടങ്ങളിലായി മരിച്ചു.
ഇതിനിടെ, ഗുജറാത്തിലെയും അനുബന്ധമായി കിടക്കുന്ന കേന്ദ്ര ഭരണ പ്രദേശമായ ദിയുവിലെയും ടൗട്ടെ ബാധിത മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ആകാശ വീക്ഷണം നടത്തി. ഗുജറാത്തിലെ ഭാവ്നഗർ, ഗിർ സോംനാഥ്, അംറേലി ജില്ലകളിലും ദിയുവിലുമാണ് നിരീക്ഷണം നടത്തിയത്. ശേഷം അഹ്മദാബാദിൽ അവലോകന യോഗം വിളിച്ചു. ഗുജറാത്തിന് 1000 കോടിയുടെ അടിയന്തര സഹായം മോദി പ്രഖ്യാപിച്ചു. പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ദുരന്തബാധിത മേഖലകളിലേക്ക് കേന്ദ്ര സംഘത്തെ അയക്കുമെന്നും സംസ്ഥാനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഗുജറാത്തിലെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകൾ നടത്തുന്നതിനായി മന്ത്രിതല സംഘത്തെ നിയോഗിക്കുമെന്നും കേടുപാടുകൾ നന്നാക്കി പുനഃസ്ഥാപിക്കുന്നതിന് വിജയ് രൂപാണി സർക്കാറിന് സഹായം നൽകുമെന്നും കേന്ദ്രം ഉറപ്പുനൽകി. തിങ്കളാഴ്ച താണ്ഡവമാടിയ ടൗട്ടെ പിന്നീട് ദുർബലമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.