ശിവസേനയുടെ പേരും ചിഹ്‍നവും ഷിൻഡെ വിഭാഗത്തിന് ലഭിച്ചത് 2000 കോടിയുടെ ഇടപാടിലൂടെ -സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും നൽകിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടി 2000 കോടിയുടെ ഇടപാടാണെന്ന ആരോപണവുമായി ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത്.
ശിവ സേനയുടെ പേരും അമ്പും വില്ലും എന്ന ചിഹ്നവും വാങ്ങാൻ 2000 കോടിയുടെ കൈമാറ്റമാണ് നടന്നത്. 2000 കോടി എന്നത് പ്രാഥമിക കണക്കാണ്. അത് നൂറ് ശതമാനം സത്യമാണെന്നും സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു. ഇത് വെറും ആരോപണമല്ല, തെളിവുകളുണ്ട്. ഉടൻ പുറത്തുവിടുമെന്നും റാവുത്ത് പറഞ്ഞു.
‘നീതി നോക്കിയല്ല, വെറും കച്ചവടത്തിലൂടെയാണ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമീഷൻ ഷിൻഡെ വിഭാഗമാണ് യഥാർഥ ശിവസേന എന്ന് തിരിച്ചറിഞ്ഞത്. ഈ കേസിൽ 2000 കോടിയുടെ കൈമാറ്റം നടന്നിട്ടുണ്ട്. ഇത് എന്റെ പ്രാഥമിക ഊഹമാണ്. ഇതാണ് എന്റെ എഫ്.ഐ.ആർ. ഈ തീരുമാനം വിലക്ക് വാങ്ങിയതാണ്.
സർക്കാറും നേതാവും ആദർശമില്ലാത്ത ഒരുകൂട്ടം ജനങ്ങളും ചേർന്ന്, ഒരു എം.എൽ.എയെ വാങ്ങാൻ 50 കോടി രൂപയിടുന്നു. എം.പിക്ക് 100 കോടി, ഞങ്ങളുടെ കൗൺസിലറായ ശാഖാ പ്രമുഖിന് ഒരു കോടി, പാർട്ടി പേരും ചിഹ്നവും വാങ്ങാൻ അവർ എത്രചെലവാക്കി എന്ന് നിങ്ങൾക്ക് ഊഹിക്കാം. അത് എനിക്ക് കിട്ടിയ വിവരമനുസരിച്ച് 2000 കോടിയാണ്.’ -സഞ്ജയ് റാവുത്ത് ആരോപിച്ചു.
എന്നാൽ ഷിൻഡെ വിഭാഗത്തിലെ എം.എൽ.എ സദ സാർവങ്കർ ഈ ആരോപണം തള്ളി. സഞ്ജയ് റാവുത്ത് കണക്കെഴുത്തുകാരനാണോ എന്ന് ചോദിച്ചുകൊണ്ടാണ് ഷിൻഡെ വിഭാഗം ആരോപണത്തെ തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.