‘ശവകുടീരം തകർക്കാനുള്ള ആഹ്വാനം സമാധാനം തകർക്കുന്നത്, അക്രമികൾക്കെതിരേ കർശന നടപടി വേണം’, കടുത്ത പ്രതികരണവുമായി മായാവതി
text_fieldsലഖ്നോ: മുഗൾ ചക്രവർത്തി ഔറംഗസീബിന്‍റെ ശവകുടീരം നീക്കം ചെയ്യണമെന്ന സംഘപരിവാർ സംഘടനകളുടെ ആഹ്വാനം രാജ്യത്തിന്‍റെ സാഹോദര്യവും സമത്വവും ഹനിക്കുന്നതാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. അക്രമികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മായാവതി സർക്കാരിനോട് ആവശ്യപ്പെട്ടു.
‘ആരുടെയും ശവകുടീരത്തിനോ സ്മൃതി മണ്ഡപത്തിനോ കേടുപാടുകൾ വരുത്തുകയോ തകർക്കുകയോ ചെയ്യുന്നത് ശരിയല്ല. പരസ്പര സാഹോദര്യത്തെയും സമാധാനത്തെയും ഐക്യത്തെയും നശിപ്പിക്കുന്ന പ്രവർത്തിയാണത്. നാഗ്പൂരിൽ ഇത്തരം അക്രമാസക്തരായ ഘടകങ്ങൾക്കെതിരെ സർക്കാർ കർശന നടപടിയെടുക്കണം. അല്ലാത്തപക്ഷം സ്ഥിതി കൂടുതൽ വഷളായേക്കാം. അത് ശരിയല്ല’ -മായാവതി സമൂഹ മാധ്യമമായ ‘എക്സി’ൽ കുറിച്ചു.
അതേസമയം, നാഗ്പൂരിന്‍റെ വിവിധയിടങ്ങളിൽ ബി.എൻ.എസ് സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയതായി പൊലീസ് കമീഷണർ രവീന്ദർ കുമാർ സിംഗാൾ അറിയിച്ചു. കോട്വാലി, ഗണേഷ്പേട്ട്, തെഹ്സിൽ, ലക്കഡ്ഗഞ്ച്, പച്പവോലി, ശാന്തിനഗർ, സക്കർദാര, നന്ദൻവൻ, ഇമാംവദ, യശോധരനഗർ, കപിൽനഗർ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ.
ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധനാജ്ഞ തുടരും. മാർച്ച് 17ന് വിശ്വഹിന്ദു പരിഷത്തിന്‍റെയും ബജ്രംഗ് ദളിന്‍റെയും 200 മുതൽ 250 വരെ അംഗങ്ങൾ നാഗ്പൂരിലെ ചത്രപതി ശിവജിയുടെ പ്രതിമയ്ക്ക് സമീപം ഒത്തുകൂടുകയും ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് വലിയ അക്രമങ്ങളാണ് നാഗ്പൂരിൽ നടന്നത്. നിരവധി വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്.
ഹിന്ദുത്വ സംഘടനകൾ നടത്തിയ മാർച്ചിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ 50 പേർ അറസ്റ്റിലാണ്. കല്ലേറിലും അക്രമത്തിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 10 ആന്‍റി റയട്ട് കമാൻഡോസ്, രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, രണ്ട് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ എന്നിവർക്കും പരിക്കുണ്ട്. അക്രമികളെ കണ്ടെത്താൻ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. അക്രമികൾ നാഗ്പൂരിൽനിന്നുള്ളവരല്ലെന്നും പുറത്തുനിന്നെത്തിയ ചിലരാണ് അക്രമം നടത്തിയതെന്നും മഹാരാഷ്ട്ര ന്യൂനപക്ഷ കമീഷൻ ചെയർമാൻ പ്യാരേ ഖാൻ പറഞ്ഞു.
സമാധാനം പാലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ജനങ്ങളോട് ആവശ്യപ്പെട്ടു. 17-ാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്‍റെ ശവകുടീരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നേരത്തെ ഔറംഗാബാദ് എന്നായിരുന്നു ഛത്രപതി സംഭാജിനഗറിന്‍റെ പേര്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.