മധ്യപ്രദേശിൽ ആദിവാസികളുടെ നേർക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെടിവെച്ചു; ഒരാൾ കൊല്ലപ്പെട്ടു
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ ആദിവാസികൾക്ക് നേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. 33കാരനായ ചയിൻ സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. അനധികൃതമായി മരംവെട്ടുകയായിരുന്നു ആദിവാസികളെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. എന്നാൽ, വിറക് ശേഖരിച്ച് മടങ്ങവേയാണ് വെടിവെച്ചതെന്ന് ആദിവാസികൾ പറയുന്നു.
ദക്ഷിണ ലത്തേരി ഫോറസ്റ്റ് റേഞ്ചിൽ ആഗസ്റ്റ് ഒമ്പതിനാണ് സംഭവം. രാത്രി വനത്തിനുള്ളിൽ മരംമുറിക്കുന്നതായി വിവരം ലഭിക്കുകയായിരുന്നെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ രാജീവ് സിങ്വി പറയുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ സംഘം കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിവെച്ചു. എന്നാൽ, ഒരാൾക്ക് വെടിയേൽക്കുകയും മരിക്കുകയും മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയുമായിരുന്നു -അദ്ദേഹം പറഞ്ഞു.
എന്നാൽ, വിറക് ശേഖരിച്ച് മടങ്ങുകയായിരുന്ന തങ്ങൾക്ക് നേരെ അകാരണമായി വെടിയുതിർക്കുകയായിരുന്നുവെന്ന് ആദിവാസികൾ പറയുന്നു. വെടിയേറ്റ് വീണ ചെയിൻ സിങ്ങിനെ എടുക്കുമ്പോഴാണ് വീണ്ടും വെടിവെച്ച് മൂന്ന് പേർക്ക് പരിക്കേറ്റതെന്നും ഇവർ പറയുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷവും പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം വീതവും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.