ജയ്പുരിൽ സംഘർഷം; ഒരു മരണം
text_fieldsജയ്പുർ: ദമ്പതികളെ പൊലീസ് കോൺസ്റ്റബ്ൾ മർദിച്ചതിനെ തുടർന്ന് രാജസ്ഥാനിലെ ജയ്പുരിലുണ്ടായ സംഘർഷത്തിൽ ഒരു മരണം. രാംഗഞ്ച് മേഖലയിലാണ് സംഭവം. പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. നാലു പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂ ഏർപ്പെടുത്തിയെങ്കിലും പിന്നീട് സംഘർഷത്തിൽ അയവുവന്നതിനെ തുടർന്ന് ചെറിയ ഇളവുണ്ടായി. ഇൻറർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുകയും വിദ്യാലയങ്ങൾക്ക് അവധി നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് പ്രശ്നം തുടങ്ങിയത്. ബൈക്ക് യാത്രക്കാരായ ദമ്പതികളും കോൺസ്റ്റബിളും തമ്മിൽ തർക്കമുണ്ടാവുകയും ദമ്പതികൾക്ക് മർദനമേൽക്കുകയുമായിരുന്നു. ഇതോടെ ജനങ്ങൾ ഇടപെട്ടു. രാംഗഞ്ച് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയവർ സ്റ്റേഷനുനേരെ കല്ലെറിഞ്ഞു.
അക്രമാസക്തരായ ജനക്കൂട്ടം പവർ ഹൗസും അഞ്ചു വാഹനങ്ങളും കത്തിച്ചു. ആംബുലൻസും െപാലീസ് ജീപ്പും ഇക്കൂട്ടത്തിലുണ്ട്. ഇതോടെ സംഘർഷം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു. എന്നിട്ടും ജനങ്ങൾ പിരിഞ്ഞുപോകാത്തതിനാൽ ആകാശത്തേക്ക് വെടിവെച്ചു.
സംഘർഷത്തിൽ ഒരാൾ മരിച്ചത് സംബന്ധിച്ച വിശദ വിവരങ്ങൾ ലഭിച്ചിട്ടില്ല. സുരക്ഷ കണക്കിലെടുത്ത് ജയ്പുർ വഴി ഡൽഹി, ആഗ്ര ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.