ഓരോ 12 മണിക്കൂറിലും ഒരു ഏറ്റുമുട്ടൽ; ക്രമസമാധാന പാലനത്തിന്‍റെ യു.പി മാതൃക
text_fieldsലക്നോ: കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗം ഏറ്റുമുട്ടലുകളാണെന്ന് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. ക്രമസമാധാന പാലനം പ്രധാന ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ സർക്കാരാണ് ആദിത്യനാഥിന്‍റേത്. യോഗി സർക്കാർ അധികാരമേറ്റെടുത്ത ആറ് മാസത്തിനിടെ 430 ഏറ്റുമുട്ടലുകൾ നടന്നു എന്ന് കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. അതായത്, ഉത്തർപ്രദേശിൽ 12 മണിക്കൂറുകളിലൊരിക്കൽ ഒന്ന് എന്ന തോതിൽ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്.
വരുന്ന ദിവസങ്ങളിൽ കൂടുതൽ ഏറ്റുമുട്ടലുകൾ നടക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ആനന്ദ് കുമാർ വ്യക്തമാക്കി. ഏറ്റുമുട്ടൽ നടത്തുന്ന ജില്ലയിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർക്ക് ഒരു ലക്ഷം രൂപയുടെ പാരിതോഷികവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ജനങ്ങൾ സമാധാനത്തിലാണ് കഴിയുന്നത്. ക്രിമിനലുകൾക്കെതിരെ എന്തെങ്കിലും ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ഭയമായിരുന്നു. അത് മാറ്റിയെടുക്കുകയാണ് ഞങ്ങൾ ചെയ്തത്. - മുഖ്യമന്ത്രി ആദിത്യനാഥ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാർച്ച് 20നും സെപ്തംബർ 18നും ഇടക്ക് 431 ഏറ്റുമുട്ടലുകൾ നടന്നു. 17 ക്രിമിനലുകൾ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാർ കൊല്ലപ്പെടുകയും 88 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1,106 ക്രിമിനലുകളെ പിടികൂടിയെന്നും സർക്കാർ അവകാശപ്പെടുന്നു.
എന്നാൽ വർധിച്ചുവരുന്ന ഏറ്റുമുട്ടലുകളെയും കൊലപാതകങ്ങളെയും പ്രതിപക്ഷം വിമർശിച്ചു. ക്രമസമാധാന പാലനത്തിന് ഏറ്റുമുട്ടലുകൾ നിത്യസംഭവമാക്കി മാറ്റുന്നത് അപകടകരമായ പ്രവണതയാണെന്ന് സമാജ് വാദി പാർട്ടി കുറ്റപ്പെടുത്തി.
സർക്കാർ അതിന്‍റെ എല്ലാ പരിധികളും ലംഘിക്കുകയാണ്. സർക്കാർ ആവശ്യപ്പെടുന്ന കണക്കുകൾ സൃഷ്ടിക്കാൻ ഉദ്യോഗസ്ഥർ പാടുപെടുകയാണെന്നും സമാജ് വാദി വക്താവ് ജുഹി സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.