സ്റ്റാൻ സ്വാമിയുടെ മരണം: എൻ.ഐ.എക്കെതിരെ കൊലക്കുറ്റം ചുമത്തണം; ജുഡീഷ്യൽ അന്വേഷണം വേണം -നിരാഹാര സമരവുമായി ഭീമ കൊറെഗാവ് തടവുകാർ
text_fieldsമുംബൈ: മാവോവാദി ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി തടവിലാക്കിയ ക്രൈസ്തവ പുരോഹിതൻ ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സഹതടവുകാർ. സ്റ്റാൻ സ്വാമിയോടൊപ്പം ഭീമ കൊറെഗാവ് കേസിൽ പ്രതിചേർക്കപ്പെട്ട് തടവിൽ കഴിയുന്ന 10 മനുഷ്യാവകാശ പ്രവർത്തകർ ഇക്കാര്യമുന്നയിച്ച് ജയിലിൽ ഏകദിന നിരാഹാര സമരം അനുഷ്ടിച്ചു. സ്വാമിയുടെ മരണത്തിന് എൻ.ഐ.എയും തലോജ ജയിൽ മുൻ സൂപ്രണ്ട് കൗസ്തുബ് കുർലേക്കറുമാണ് ഉത്തരവാദികളെന്നും അവരെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
ആനന്ദ് തെൽതുംബ്ഡെ, റോണ വിൽസൺ, ഗൗതം നവലാഖ, അരുൺ ഫെറീറ, സുരേന്ദ്ര ഗാഡ്‌ലിങ്, സുധീർ ധവ്ളെ, മഹേഷ് റാവുത്ത്, വെർനോൺ ഗോൺസാൽവസ്, രമേശ് ഗെയ്‌ചോർ, സാഗർ ഗോർഖെ എന്നിവരാണ് നവി മുംബൈയിലെ തലോജ ജയിലിൽ നിരാഹാര സമരം നടത്തിയത്.
2017 ഡിസംബർ 31 ന് പൂണെയിലെ ശനിവാർ വാഡയിൽ നടന്ന എൽഗാർ പരിഷത്ത് സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് 84കാരനായ സ്റ്റാൻ സ്വാമി അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരെ യു.എ.പി.എ ചുമത്തി ബി.ജെ.പി സർക്കാർ അറസ്റ്റ് ചെയ്തത്. 2018 ജനുവരി ഒന്നിന് ദലിത് സംഘടനകൾ നടത്തിയ ഭീമ-കൊറെഗാവ് യുദ്ധ വിജയത്തിന്‍റെ 200ാം വാർഷികാഘോഷത്തിനിടെ അരങ്ങേറിയ അക്രമത്തിന് ഇവരുടെ പ്രസംഗം ഹേതുവായെന്നാണ് എൻ.ഐ.എയുടെ ആരോപണം.
കഴിഞ്ഞ ഒക്ടോബറിൽ ജയിലിലടക്കപ്പെട്ട സ്റ്റാൻ സ്വാമി, നാഡിവ്യൂഹത്തെ ബാധിക്കുന്ന പാർക്കിൻസൺസ് ഉൾപ്പെടെയുള്ള രോഗങ്ങളാൽ പ്രയാസം അനുഭവിക്കുന്ന ആളായിരുന്നു. ഇതിനിടെ, ജയിലിൽ വെച്ച് കോവിഡും ബാധിച്ചു. എൻ.ഐ.എ പ്രത്യേക കോടതിയിലും ഹൈകോടതിയിലും നിരവധി തവണ കയറിയിറങ്ങിയിട്ടും അദ്ദേഹത്തിന് ജാമ്യം പോലും ലഭിച്ചിരുന്നില്ല. ഒടുവിൽ തിങ്കളാഴ്ച മുംബൈയിലെ ആശുപത്രിയിൽവെച്ചാണ് മരണപ്പെട്ടത്. ആരോഗ്യനില വഷളായിട്ടും അദ്ദേഹത്തിന് ആവർത്തിച്ച് ജാമ്യം നിഷേധിച്ചതും തെളിവുകളില്ലാതെ യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചതും അന്വേഷണവിധേയമാക്കണമെന്ന് തടവുകാർ ആവശ്യപ്പെട്ടു.
നിരാഹാര സമരം അനുഷ്ടിക്കുന്ന വിവരം തടവുകാർ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. കസ്റ്റഡിയിലിരിക്കെ സ്വാമിയെ ഉപദ്രവിക്കാനുള്ള എല്ലാ അവസരവും എൻ.ഐ.എയും ജയിൽ സൂപ്രണ്ട് കുർലേക്കറും ഉപയോഗിച്ചതായി ഇവർ പ്രസ്താവനയിൽ ആരോപിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായിരുന്നിട്ടും അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി, ജയിലിൽ പേരിന് പോലും ചികിത്സ നൽകാതിരുന്നു, സ്ട്രോയും സിപ്പറും പോലെ അടിസ്ഥാനപരമായ ആവശ്യങ്ങൾ നിഷേധിച്ചു എന്നിവ ഇവരുടെ ക്രൂരതയുടെ ഉദാഹരണമാണെന്ന് സഹതടവുകാർ ചൂണ്ടിക്കാട്ടി.
"ഇതൊക്കെയാണ് സ്റ്റാൻ സ്വാമിയുടെ മരണത്തിന് കാരണമായത്. അതിനാൽ ഈ കൊലപാതകത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരം എൻ.ഐ.എ ഉദ്യോഗസ്ഥരെയും കുർലേക്കറിനെയും വിചാരണ ചെയ്യണം" പ്രസ്താവനയിൽ ആവശ്യപ്പെട്ടു. താലോജ ജയിൽ അധികൃതർ വഴി തങ്ങളുടെ ആവശ്യങ്ങൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് സമർപ്പിക്കുമെന്നും ഇവർ പറഞ്ഞു.
വിവിധ ബാരക്കുകളിൽ കഴിയുന്ന ഇവർ ചൊവ്വാഴ്ച സ്റ്റാൻ സ്വാമി അനുസ്മരണം സംഘടിപ്പിച്ചു. രണ്ട് മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. താലോജ ജയിലിലെ പുതിയ സൂപ്രണ്ടും അവരോടൊപ്പം ചേർന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.