എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ട 10 ബി.ജെ.പി എം.പിമാർ രാജിവെച്ചു
text_fieldsന്യൂഡൽഹി: രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതോടെ, രണ്ട് കേന്ദ്രമന്ത്രിമാരടക്കം 10 ബി.ജെ.പി എം.പിമാർ രാജിവെച്ചു. 10 ബി.ജെ.പി അംഗങ്ങളും രാജിക്കത്ത് സ്പീക്കർക്ക് കൈമാറി. കേന്ദ്രമന്ത്രിമാർ ഉടൻ മന്ത്രിസഭയിൽ നിന്നും രാജിവെക്കും. ഒരു സംസ്ഥാനത്തിന്റെ പാർലമെന്റ് അംഗമായും നിയമസഭ സാമാജികനായും പ്രവർത്തിക്കാൻ ഭരണഘടന അനുവദിക്കുന്നില്ല. രാജിവെച്ച നേതാക്കളിൽ പലരും മുഖ്യമന്ത്രിമോഹം വെച്ചുപുലർത്തുന്നവരുമാണ്.
കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര തൊമാർ, കേന്ദ്ര ഭക്ഷ്യ സംസ്‌കരണ സഹമന്ത്രി പ്രഹ്‍ലാദ് പട്ടേൽ, എം.പിമാരായ റിതി പഥക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജ്യവർധൻ സിങ് റാഥോഡ്, ദിവ്യ കുമാരി, അരുൺ സാവു, ഗോമതി സായ് എന്നിവരാണ് രാജി സമർപ്പിച്ചത്.
നരേന്ദ്ര സിങ് തൊമാറും പ്രഹ്ളാദ് പട്ടേലും മധ്യപ്രദേശ് നിയമസഭയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. എം.പിമാരായ ബാബ ബാലക്നാഥ്, രേണുക സിങ് എന്നിവരും എം.പി സ്ഥാനം രാജിവെച്ചിട്ടുണ്ട്. രാജ്യ സഭ എം.പിയായ കിരോറി ലാൽ മീണയും രാജി സമർപ്പിച്ചു.
അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിൽ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ പരാജയപ്പെടുത്തുകയും രണ്ടിടത്ത് തോൽക്കുകയും ചെയ്ത ബി.ജെ.പി അഞ്ച് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 21 എം.പിമാരെയാണ് രംഗത്തിറക്കിയത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഏഴ് വീതം എം.പിമാരും ഛത്തീസ്ഗഡിൽ നാല് പേരും തെലങ്കാനയിൽ മൂന്ന് പേരും പാർട്ടിക്ക് ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.