തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 13 മരണം; 40 പേർ ആശുപത്രിയിൽ, നിലഗുരുതരം
text_fieldsചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 13പേർ മരിച്ചു. 40 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. നിരവധി പേരുടെ നിലഗുരുതരം. ഇവർ കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്മെർ ആശുപത്രികളിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി ഒരു സംഘം കൂലിപ്പണിക്കാർ വ്യാജമദ്യം വാങ്ങി കഴിച്ചിരുന്നതായി ജില്ല കലക്ടർ ശ്രാവൺ കുമാർ വ്യക്തമാക്കി. തുടർന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തലവേദന, ഛർദി, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും പരിശോധന പൂർത്തിയായാൽ മാത്രമേ യഥാർഥ കാരണം വ്യക്തമാകൂവെന്ന് കലക്ടർ അറിയിച്ചു.
അതേസമയം, വ്യാജമദ്യ ദുരന്തം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ശക്തമായ നടപടിയുമായി സ്റ്റാലിൻ സർക്കാർ രംഗത്തെത്തി. കള്ളക്കുറിച്ചി ജില്ല കലക്ടർ ശ്രാവൺ കുമാർ ജതാവത്തിനെ സ്ഥലംമാറ്റി. എം.എസ്. പ്രശാന്ത് ആണ് പുതിയ കലക്ടർ.
കള്ളക്കുറിച്ചി എസ്.പി സമയ് സിങ് മീണയെയും പൊലീസ് ലഹരി വിരുദ്ധ വിഭാഗത്തിലെ മുഴുവൻ ഉദ്യോഗസ്ഥർ അടക്കമുള്ളവരെയും സസ്പെൻഡ് ചെയ്തു. രാജ്നാഥ് ചതുർവേദിയാണ് പുതിയ എസ്.പി. കൂടാതെ, അന്വേഷണം സി.ബി.സി.ഐ.ഡിക്ക് കൈമാറാനും സർക്കാർ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.