കോടികളുടെ തട്ടിപ്പ്; ബി.ജെ.പി നേതാക്കളായ ഹെലികോപ്ടർ സഹോദരന്മാർക്കെതിരെ കൂടുതൽ പരാതികൾ
text_fieldsതഞ്ചാവൂർ: 600 കോടി രൂപുമായി മുങ്ങിയ കുംഭകോണത്തെ ബി.ജെ.പി നേതാക്കളായ 'ഹെലികോപ്ടർ സഹോദരന്മാർ'ക്കെതിരെ കൂടുതൽ പരാതികൾ. പണമിരട്ടിപ്പ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ തഞ്ചാവൂർ കുംഭകോണം ശ്രീനഗർ കോളനിയിലെ എം.ആർ. ഗണേഷ്, സഹോദരൻ എം.ആർ. സ്വാമിനാഥൻ എന്നിവർക്കെതിരെ കുംഭകോണത്താണ് നിക്ഷേപകർ പരാതിയുമായെത്തിയത്. ബി.ജെ.പി വ്യാപാരി വിഭാഗം ഭാരവാഹികളായ പ്രതികൾ ഒളിവിൽ കഴിയുകയാണ്.
എൻ. പാർവതി, സുബ്രഹ്മണ്യൻ, ഭരണിധരൻ, ശിവകുമാർ, പ്രഭു, വെങ്കിട്ടരാമൻ, ലക്ഷ്മി, സ്വാമിനാഥൻ, രാമകൃഷ്ണൻ തുടങ്ങി പത്ത് പേരാണ് പോലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. ഹെലികോപ്റ്റർ ബ്രദേഴ്സ്് നടത്തുന്ന വിക്ടറി ഫിനാൻസിൽ 2020 ജനുവരി 27 ന് 2.25 ലക്ഷം രൂപയാണ് പാർവതി നിക്ഷേപിച്ചത്. എന്നാൽ, മുടക്കുമുതലോ ലാഭമോ തിരികെ നൽകിയില്ലെന്ന് പാർവതി പരാതിയിൽ പറയുന്നു.
15 കോടി രൂപയുടെ നിക്ഷേപം നടത്തി വഞ്ചിക്കപ്പെട്ട ദുബൈയിലെ വ്യാപാരികളായ ജാഫറുല്ല-ഫിറോസ്ബാനു ദമ്പതികളാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ജൂലൈ 21 ന് ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തഞ്ചാവൂർ ജില്ല ക്രൈംബ്രാഞ്ച് വഞ്ചന, വിശ്വാസലംഘനം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അടുത്ത ദിവസം, ഇവരുടെ തഞ്ചാവൂരിലെ ഓഫിസിലും വസതിയിലും റെയ്ഡ് നടത്തി. 12 ആഡംബര കാറുകളും പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ഗണേഷിന്‍റെ ഭാര്യയും ഫിനാൻസ് കമ്പനി മാനേജരായ ശ്രീകാന്തും ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
തിരുവാരൂർ സ്വദേശികളായ ഗണേഷും സ്വാമിനാഥനും ആറു വർഷം മുൻപാണ് കുഭകോണത്തേക്ക് താമസം മാറ്റിയത്. ക്ഷീരോൽപന്ന കമ്പനിയായിരുന്നു ആദ്യം തുടങ്ങിയത്. പിന്നീട് വിക്ടറി ഫിനാൻസ് എന്നപേരിൽ ധനകാര്യ സ്ഥാപനവും 2019ൽ അർജുൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വ്യോമയാന കമ്പനിയും തുടങ്ങി. ഗേണഷിന്റെ കുട്ടിയുടെ പിറന്നാളിന് സ്വന്തം ഹെലികോപ്റ്ററിൽനിന്ന് പുഷ്പവൃഷ്ടി നടത്തിയതോടെയാണ് ഇരുവരും ഹെലികോപ്റ്റർ ബ്രദേഴ്സ് എന്ന് അറിയപ്പെടാൻ തുടങ്ങിയത്.
രാജകീയ ജീവിതമായിരുന്നു ഇരുവരും നയിച്ചിരുന്നത്. ബി.ജെ.പിയുടെ പ്രധാന നേതാക്കളുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. ഒരു വർഷം കൊണ്ട് ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞാണ് നാട്ടുകാരൽനിന്ന് പണം കൈപ്പറ്റിയിരുന്നത്. ആദ്യഘട്ടത്തിലൊക്കെ ഇത് കൃത്യമായി പാലിച്ചത് ഇടപാടുകാരിൽ വിശ്വാസ്യത ജനിപ്പിച്ചു. ഇതോടെ ആളുകൾ കൂടുതൽ കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. പിന്നീട് പണം തിരികെ നൽകുന്നതിൽ വീഴ്ചവന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കോവിഡ് പ്രതിസന്ധി ബിസിനസിനെ ബാധിച്ചുവെന്നും ഉടൻ ശരിയാകുമെന്നുമായിരുന്നു മറുപടി. കേസും വിവാദവുമായതോടെ ഗണേഷും സ്വാമിനാഥനും കടന്നുകളയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.