മണിപ്പൂരിലെ 10 പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചില്ല
text_fieldsന്യൂഡൽഹി: കലാപം രൂക്ഷമായ മണിപ്പൂരിൽനിന്ന് ഡൽഹിയിൽ എത്തിയ 10 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചില്ല. ഒരാഴ്ചയായി പ്രധാനമന്ത്രിയുടെ ഓഫിസുമായി ഇ മെയിൽ വഴിയും നേരിട്ടും ബന്ധപ്പെടുന്ന പ്രതിപക്ഷ നേതാക്കൾ അമേരിക്കൻ സന്ദർശനത്തിന് തിരിക്കും മുമ്പെങ്കിലും മോദി കാണാൻ സമയം അനുവദിക്കുമെന്ന പ്രതീക്ഷയിൽ ഡൽഹിയിൽ തുടരുകയാണ്. 2001 ജൂണിൽ മണിപ്പൂരിൽ കലാപമുണ്ടായപ്പോൾ അന്നത്തെ ബി.ജെ.പി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ കണ്ട മണിപ്പൂരിലെ സർവകക്ഷി സംഘത്തിലുണ്ടായിരുന്ന മുൻ മുഖ്യമന്ത്രി അടക്കം നാലുപേരും മോദിയെ കാണാനുള്ള അനുമതി കിട്ടുന്നതും കാത്ത് ഡൽഹിയിൽ കഴിയുന്ന മണിപ്പൂർ പ്രതിനിധി സംഘത്തിലുണ്ട്.
പ്രധാനമന്ത്രിയെ കാണാൻ കഴിയാതെ ഡൽഹിയിൽ തുടരുന്ന മണിപ്പൂരിലെ 10 രാഷ്ട്രീയ പാർട്ടികളുടെ പ്രസിഡന്റ്, സെക്രട്ടറിമാർ എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശിനൊപ്പം കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മേയ് മൂന്നിന് തുടങ്ങിയ കലാപം ഒന്നരമാസം തുടർന്നിട്ടും പ്രധാനമന്ത്രി മണിപ്പൂരിലെത്താത്ത സാഹചര്യത്തിലാണ് ഡൽഹിയിൽ വന്ന് കാണാൻ തീരുമാനിച്ചതെന്ന് പ്രതിനിധി സംഘത്തിലുണ്ടായിരുന്ന മുൻ മണിപ്പൂർ മുഖ്യമന്ത്രി ഇബോബി സിങ് പറഞ്ഞു.
മണിപ്പൂരിലെ കലാപം ശമനമില്ലാതെ തുടരുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് കാണുമ്പോൾ മണിപ്പൂർ ഇന്ത്യയിൽ തന്നെയല്ലേ എന്നും പ്രധാനമന്ത്രി മുഴുവൻ ഇന്ത്യയുടേതുമല്ലേ എന്നും ചോദിക്കേണ്ടി വരികയാണെന്ന് ഇബോബി സിങ് പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞാണ് കലാപം 26 ദിവസം പിന്നിട്ട ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശിച്ചത്. അദ്ദേഹം മണിപ്പൂരിലുണ്ടായിരുന്ന മൂന്ന് ദിവസവും മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി മനസുവെച്ചാൽ 24 മണിക്കൂറിനുള്ളിൽ കലാപം അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2001 ജൂൺ 18ന് മണിപ്പൂരിൽ കലാപം തുടങ്ങി ആറ് ദിവസമായപ്പോഴേക്കും ജൂൺ 24ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി മണിപ്പൂരിൽ നിന്നുള്ള സർവകക്ഷി സംഘത്തിന് കാണാൻ അനുമതി നൽകിയെന്ന് ജയറാം രമേശ് ഓർമിപ്പിച്ചു. അതിന് തലേന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിയുമായും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ചർച്ച നടത്തി. വിദേശ യാത്രക്ക് തിരിക്കുകയായിരുന്ന വാജ്പേയി തിരിച്ചുവന്ന് 2001 ജൂലൈ എട്ടിന് വീണ്ടും സർവകക്ഷി യോഗം വിളിച്ച് സമാധാനത്തിനുള്ള ആഹ്വാനവും നടത്തി.
എന്നാൽ, മണിപ്പൂർ 45 ദിവസമായി കത്തിക്കൊണ്ടിരിക്കുമ്പോഴും 10 രാഷ്ട്രീയ പാർട്ടികളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും ഡൽഹിയിൽ വന്നിട്ടും അവരെ കാണാൻ പ്രധാനമന്ത്രി തായറായിട്ടില്ല. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രവും ബി.ജെ.പിയുടെ രാഷ്ട്രീയവും ആണ് മണിപ്പൂർ കലാപത്തിന്റെ യഥാർഥ കാരണമെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.