അത്യുഷ്ണത്തിൽ ഉരുകി ഒഡീഷയും; ഒറ്റ ദിവസം സൂര്യാഘാതമേറ്റ് മരിച്ചത് 10 പേർ
text_fieldsറൂർക്കേല (ഒഡീഷ): ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം രൂക്ഷമാകുന്നുവെന്ന വാർത്തകൾക്കിടെ, ഒഡീഷയിലെ റൂർക്കേലയിൽ വ്യാഴാഴ്ച മാത്രം സൂര്യാഘാതമേറ്റ് പത്തു പേർ മരിച്ചതായി റിപ്പോർട്ട്. ഉച്ചതിരിഞ്ഞ് രണ്ടുമണി മുതൽ ആറു മണിക്കൂറിനിടെയാണ് റൂർക്കേലയിലെ സർക്കാർ ആശുപത്രിയിൽ ഇത്രയും മരണം റിപ്പോർട്ട് ചെയ്തത്. എട്ടുപേരെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ശേഷിച്ചവർ ചികിത്സയിലിരിക്കെ മരിച്ചെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ആശുപത്രിയിൽ എത്തിച്ചവരുടെ ശരീര താപനില 104 ഡിഗ്രി ഫാരൻഹീറ്റ് വരെ ഉയർന്നിരുന്നു. അന്തരീക്ഷ താപനിലയിൽ വലിയ വ്യതിയാനം വന്നതിനാലാവാം ഇങ്ങനെ സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ യഥാർഥ മരണകാരണം വ്യക്തമാവുകയുള്ളൂ. സമാന രീതിയിൽ ആശുപത്രിയിൽ എത്തിയ ഏതാനും പേർ ചികിത്സയിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഉഷ്ണതരംഗം തുടരുന്ന പടിഞ്ഞാറൻ ഒഡിഷയിലെ 12 ഇടങ്ങളിൽ വ്യാഴാഴ്ച 44 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില രേഖപ്പെടുത്തി. 47 ഡിഗ്രി സെൽഷ്യസിലെത്തിയ ജാർസുഗുഡയിലാണ് ഏറ്റവുമുയർന്ന താപനില രേഖപ്പെടുത്തിയത്. ഏതാനും ദിവസങ്ങൾ കൂടി മേഖലയിൽ ഉഷ്ണതരംഗമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.