ജാമിഅ മില്ലിയയിൽ പ്രതിഷേധിച്ച 10 വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു
text_fieldsന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ രണ്ട് ഗവേഷക വിദ്യാർഥികൾക്കെതിരെയുള്ള അച്ചടക്ക നടപടിക്കെതിരെ പ്രതിഷേധിച്ച 10 വിദ്യാർഥികളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വർഷം ജാമിഅ റെസിസ്റ്റൻസ് ഡേ പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ടാണ് ഗവേഷക വിദ്യാർഥികൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.
തിങ്കളാഴ്ച ആരംഭിച്ച പ്രതിഷേധത്തിൽ കാന്റീനും സുരക്ഷ ഉപദേഷ്ടാവിന്റെ ഓഫിസ് ഗേറ്റിനും പ്രതിഷേധക്കാർ കേടുപാടുകൾ വരുത്തിയതായി സർവകലാശാല ആരോപിച്ചു. വിദ്യാർഥികളെ സമരസ്ഥലത്തുനിന്ന് മാറ്റാൻ സർവകലാശാല പൊലീസിന്റെ സഹായം തേടിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൊലീസ് നീക്കത്തിന് ശേഷം 20 വിദ്യാർഥികളെ കാണാതായെന്നും കസ്റ്റഡിയിലുള്ളവർ എവിടെയാണെന്ന് അറിയിച്ചില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ 2019 ഡിസംബർ 15ന്, ഡൽഹി പൊലീസ് സർവകലാശാലയുടെ കാമ്പസിൽ അതിക്രമിച്ചു കയറി, ലൈബ്രറിയിലെ വിദ്യാർഥികൾക്കെതിരെ നടത്തിയ ലാത്തിച്ചാർജിനെ തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നിരുന്നു. ഈ അടിച്ചമർത്തൽ അനുസ്മരിച്ച് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ചടങ്ങാണ് ജാമിഅ റെസിസ്റ്റൻസ് ഡേ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.