10 വയസുകാരനെ മുതല വിഴുങ്ങി; വയറ്റിൽ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിൽ മുതലയെ പിടികൂടി നാട്ടുകാർ
text_fieldsഭോപാൽ: മധ്യപ്രദേശിൽ നദിയിൽ കുളിക്കാനിറങ്ങിയ 10വയസുകാരനെ മുതലവിഴുങ്ങിയതായി നാട്ടുകാർ. ഷിയോപൂരിലാണ് നടുക്കുന്ന സംഭവം. തിങ്കളാഴ്ച രാവിലെയോടെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ കുട്ടിയെ മുതല ആക്രമിക്കുകയും നദിയിലേക്ക് വലിച്ചു കൊണ്ടുപോകുകയുമായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.
വിവരം കുട്ടിയുടെ കുടുംബത്തെ അറിയിക്കുകയും കമ്പും കയറും വലകളുമുപയോഗിച്ച് മുതലയെ പിടികൂടി കരയിലേക്ക് കൊണ്ടുവരികയും ചെയ്തു. സംഭവമറിഞ്ഞ് പൊലീസും മറ്റു അധികൃതരുമെത്തി. പക്ഷേ, കുട്ടിയെ മുതല തുപ്പിയാൽ മാത്രമേ വിട്ടുനൽകൂ എന്ന് ഗ്രാമീണർ കട്ടായം പറഞ്ഞു.
മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെയുണ്ടാവും എന്ന വിശ്വാസത്തിലായിരുന്നു കുടുംബം. വൈകുന്നേരമായിട്ടും മുതലയെ വിട്ടു നൽകാൻ അവർ തയാറായില്ല. ഒടുവിൽ ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ മുതലയെ മോചിപ്പിക്കാൻ ഗ്രാമീണർ തയാറാകുകയായിരുന്നു.
'കുട്ടി കുളിക്കുന്നതിനിടയിൽ നദിയിൽ ആഴ്ന്നിറങ്ങി. കുട്ടിയെ മുതല വിഴുങ്ങിയതാണെന്ന് പ്രദേശവാസികൾ അറിയിച്ചു. അവർ മുതലയെ കമ്പും വലകളുമുപയോഗിച്ച് പിടികൂടി. അനുനയ ചർച്ചകൾക്കൊടുവിൽ പ്രദേശവാസികൾ മുതലയെ മോചിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ നടപടി തുടങ്ങിയിട്ടുണ്ട്' -രഘുനാഥ്പൂർ പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ശ്യാം വീർ സിങ് തോമർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.