കശ്മീരിൽ പാക് വെടിവെപ്പ്: രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു
text_fieldsജമ്മു: പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയോട് ചേർന്ന് പാകിസ്താൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലും വെടിവെപ്പിലും രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. മുഹല്ല ക്വസബ ഗ്രാമത്തിെല അസ്റാർ അഹ്മദ് (15), കെർമ ഗ്രാമത്തിലെ യാസ്മീൻ അഖ്തർ (ഒമ്പത്) എന്നിവരാണ് മരിച്ചത്. 12 സിവിലിയന്മാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചുപേർ കുട്ടികളാണ്. ഇതിൽ അഞ്ചു വയസ്സുള്ള സോബിയ കൗസർ അടക്കം രണ്ടു േപരെ ഹെലികോപ്ടറിൽ ജമ്മുവിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, തിങ്കളാഴ്ച ഭീകരർ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു.
ദിഗ്വാർ, ഷഹ്പൂർ, ക്വസബ, കെർമ, മന്ദർ മേഖലകളിൽ തിങ്കളാഴ്ച രാവിലെ 6.30ന് പാക് ഭാഗത്തുനിന്നുണ്ടായ ആക്രമണം 11.30 വരെ നീണ്ടു. പ്രദേശത്ത് പ്രകോപനമില്ലാതെ പാക് സേന വെടിനിർത്തൽ ലംഘനം നടത്തിയതായി ജില്ല വികസന കമീഷണർ താരിഖ് അഹ്മദ് സർഗർ പറഞ്ഞു. ഇന്ത്യൻ െെസന്യം കനത്ത തിരിച്ചടി നൽകി.
വിവിധ മേഖലകളിലെ സൈനിക പോസ്റ്റുകളും 12ലേറെ ഗ്രാമങ്ങളും ലക്ഷ്യമിട്ടാണ് പാക് ഭാഗത്തുനിന്ന് ആക്രമണമുണ്ടായതെന്ന് പൊലീസ് വക്താവ് പറഞ്ഞു. അതിർത്തി മേഖലകളിൽ ഭീതി തുടരുകയാണ്.
ജനങ്ങൾ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറിയതായി ജില്ല വികസന കമീഷണർ പറഞ്ഞു. പരിക്കേറ്റവർക്ക് അടിയന്തര സഹായമായി റെഡ്ക്രോസ് ഫണ്ടിൽനിന്ന് 5,000 രൂപ വീതം നൽകി. സിവിലിയന്മാർക്ക് പ്രദേശത്ത് 40 കമ്യൂണിറ്റി നിലവറകൾ നിർമിച്ചുവരുകയാണെന്ന് കമീഷണർ സർഗർ അറിയിച്ചു.
പ്രദേശത്ത് പാക് ആക്രമണം വർധിച്ചുവരുകയാണ്. ഇൗ വർഷം ആഗസ്റ്റ് ഒന്നുവരെ പാക് സൈന്യം 285 തവണയാണ് വെടിനിർത്തൽ ലംഘിച്ചത്. അതിനിടെ, നിയന്ത്രണ രേഖയിൽ കുപ്വാര ജില്ലയിലെ ടാങ്ധർ, ബരാമുല്ല ജില്ലയിലെ റാംപുർ എന്നിവിടങ്ങളിൽ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. റാംപുരിലെ ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരർ കൊല്ലപ്പെട്ടത്. ഇവരിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തു. സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.